---
title: "'ഞാൻ കൊല്ലപ്പെട്ടേനേ...'; ബംഗാളില്‍ മമതാ ബാനര്‍ജിയുടെ വാഹനത്തിന് നേരെ ആക്രമണം; ചെരുപ്പും കല്ലും വലിച്ചെറിഞ്ഞ് പ്രതിഷേധക്കാർ"
english_title: "Mamata Banerjee Car Attacked In West Bengal, TMC Blames Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377642/mamata-banerjee-car-attack-north-24-parganas-halishahar"
published_at: "2026-08-09T18:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a787e4427271_mamata-banerjee-car-attack-north-24-parganas-halishahar.jpg"
keywords: ["Mamata Banerjee", "Mamata Banerjee Car Attack", "TMC", "West Bengal"]
---

# 'ഞാൻ കൊല്ലപ്പെട്ടേനേ...'; ബംഗാളില്‍ മമതാ ബാനര്‍ജിയുടെ വാഹനത്തിന് നേരെ ആക്രമണം; ചെരുപ്പും കല്ലും വലിച്ചെറിഞ്ഞ് പ്രതിഷേധക്കാർ

> **Lead Summary:** കൊൽക്കത്ത: പശ്ചിമ ബം​ഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മമതാ ബാനർജിയുടെ കാറിന് നേരേ ആക്രമണം. ഞായറാഴ്ച നോർത്ത് 24 പർ​ഗാനാസ് ജില്ലയിലാണ് സംഭവം. അജ്ഞാതരായ അക്രമികൾ കല്ലുകളും ഇഷ്ടികകളും കൊണ്ട് തന്റെ കാർ ആക്രമിച്ചെന്നും താൻ കൊല്ലപ്പെട്ടേക്കാമായിരുന്നുവെന്നും മമത ബാനർജി പറഞ്ഞു.

## Article Content

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മമതാ ബാനർജിയുടെ കാറിന് നേരേ ആക്രമണം. ഞായറാഴ്ച നോർത്ത് 24 പർ​ഗാനാസ് ജില്ലയിലാണ് സംഭവം. അജ്ഞാതരായ അക്രമികൾ കല്ലുകളും ഇഷ്ടികകളും കൊണ്ട് തന്റെ കാർ ആക്രമിച്ചെന്നും താൻ കൊല്ലപ്പെട്ടേക്കാമായിരുന്നുവെന്നും മമത ബാനർജി പറഞ്ഞു.

അതേസമയം, സംഭവത്തെ അപലപിച്ച ബിജെപി, ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിൽ മരിച്ച ഒരു പാർട്ടി പ്രവർത്തകന്റെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് ഹാലിസഹറിൽവെച്ച് മമതാ ബാനർജിയുടെ വാഹനത്തിന് നേരേ ആക്രമണമുണ്ടായത്.

മമതയുടെ വാഹനം തടഞ്ഞുനിർത്തിയ ഒരുകൂട്ടം ആളുകൾ വാഹനം വളയുകയായിരുന്നു. പൊലീസ് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനത്തിന് നേരേ ആക്രമണമുണ്ടായത്. കാറിന് നേരേ ചെളിയും ചെരിപ്പുകളും വെള്ളക്കുപ്പികളും ഇവർ വലിച്ചെറിഞ്ഞു.

ഇതിനിടെ കള്ളന്മാരെ തുരത്തൂ എന്ന മുദ്രാവാക്യവും പ്രതിഷേധക്കാർ മുഴക്കി. തുടർന്ന് പൊലീസ് സുരക്ഷയൊരുക്കി പ്രതിഷേധക്കാരെ നീക്കിയതോടെയാണ് മമതാ ബാനർജിയുടെ വാഹനത്തിന് മുന്നോട്ടുപോകാനായത്.

സാമൂഹികവിരുദ്ധരാണ് പൊലീസിന്റെ മുന്നിൽവെച്ച് തന്റെ കാറിന് നേരേ കല്ലെറിഞ്ഞതെന്ന് മമതാ ബാനർജി പ്രതികരിച്ചു. കാറിന്റെ ചില്ല് അടച്ചില്ലായിരുന്നെങ്കിൽ കല്ല് തലയിലോ മറ്റോ കണ്ട് താൻ മരിക്കുമായിരുന്നു. ഇതുവരെ താൻ ഇത്തരമൊരു ആക്രമണം നേരിട്ടിട്ടില്ല. പൊലീസ് നമ്മളെ സംരക്ഷിക്കാൻ ഒന്നും ചെയ്തില്ല. ബിജെപിക്കാർക്ക് മാത്രമാണ് പൊലീസ് സംരക്ഷണം നൽകുന്നതെന്നും മമതാ ബാനർജി ആരോപിച്ചു.

സംഭവസമയം തൃണമൂൽ എംപിമാരായ കല്യാൺ ബാനർജി, ഡോലാസെൻ എന്നിവരും മമതാ ബാനർജിക്കൊപ്പം ഉണ്ടായിരുന്നു. ഇവരും പൊലീസിനെയും സർക്കാരിനെയും രൂക്ഷമായി വിമർസിച്ചു. അതേസമയം, മമതയ്ക്ക് നേരേയുണ്ടായ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും പ്രതികൾക്കെതിരേ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377642/mamata-banerjee-car-attack-north-24-parganas-halishahar)