---
title: "ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ്"
english_title: "Police Visit TG Mohandas House Over Derogatory Remarks Against Delhi Students"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377637/kochi-tg-mohandas-police-visit-delhi-students-remark"
published_at: "2026-08-09T17:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7870a4b03d0_kochi-tg-mohandas-police-visit-delhi-students-remark.jpg"
keywords: ["TG Mohandas", "Cyber Crime Police", "Delhi Protest", "TG Mohandas Hate Speech Case"]
---

# ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ്

> **Lead Summary:** കൊച്ചി: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിന്റെ വീട്ടിൽ പൊലീസ് എത്തി. എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് പരിശോധന നടത്തിയത്.

## Article Content

കൊച്ചി: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിന്റെ വീട്ടിൽ പൊലീസ് എത്തി. എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് പരിശോധന നടത്തിയത്.

ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടിജി മോഹൻദാസിന്റെ വിവാദ പ്രസ്താവന. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ഹീനമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്.

അശ്ലീലവും അധിക്ഷേപവും നിറച്ച വീഡിയോകൾ യൂട്യൂബ് ചാനൽ വഴി പ്രചരിപ്പിച്ച് ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

ഇതേതുടർന്ന് ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ ആണ്. പിന്നാലെ നിരവധി സംഘടനകളും വ്യക്തികളും പരാതി നൽകി. സൈബർ സെൽ ഓപ്പറേഷൻസ് ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും കേസെടുക്കാൻ വന്ന കാലതാമസം വലിയ ചർച്ചയായി.

പരാതികൾ ലഭിച്ച് മൂന്നാം ദിവസമാണ് ഒടുവിൽ കേസെടുത്തത്.ജൂലൈ 29നാണ് കലാപാഹ്വാനത്തിന് കേസെടുത്തത്. ഐടി ആക്ട്, ബിഎൻഎസ് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

കേസിന്റെ ഭാഗമായി തെളിവുകൾ ശേഖരിക്കുന്നതിനും മൊഴിയെടുക്കുന്നതിനുമായാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സംഘം മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുകയും സമൂഹത്തിൽ ഭിന്നതയുണ്ടാക്കുകയും ചെയ്തെന്നാണ് പ്രധാന ആരോപണം.

അന്വേഷണം പുരോഗമിക്കുകയാണ്. ദില്ലിയിലെ വിദ്യാർത്ഥി പ്രതിഷേധത്തോടുള്ള സമീപനത്തിന്റെ പേരിൽ ടിജി മോഹൻദാസിനെതിരെ നേരത്തെ തന്നെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377637/kochi-tg-mohandas-police-visit-delhi-students-remark)