---
title: "കോഴിക്കോട് കൂടത്തായിയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു"
english_title: "Young Man Drowns In Thodu At Koodathayi Kattumunda, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377636/kozhikode-koodathayi-kattumunda-youth-drowns-thodu"
published_at: "2026-08-09T17:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a786f40ada01_kozhikode-koodathayi-kattumunda-youth-drowns-thodu.jpg"
keywords: ["Drowned", "Kozhikode Death", "Kozhikode Drowned Death"]
---

# കോഴിക്കോട് കൂടത്തായിയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

> **Lead Summary:** കോഴിക്കോട്: കൂടത്തായി കാട്ടുമുണ്ടയിലെ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആനപ്പാറ കാവളത്തിങ്ങൽ സ്വദേശി ജോബി ജോസഫ് (വയസ് 35) ആണ് മരിച്ചത്. സഹോദരിയുടെ മകനൊപ്പം വീടിനു സമീപത്തെ തോട്ടിൽ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

## Article Content

കോഴിക്കോട്: കൂടത്തായി കാട്ടുമുണ്ടയിലെ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആനപ്പാറ കാവളത്തിങ്ങൽ സ്വദേശി ജോബി ജോസഫ് (വയസ് 35) ആണ് മരിച്ചത്. സഹോദരിയുടെ മകനൊപ്പം വീടിനു സമീപത്തെ തോട്ടിൽ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കുളിക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു ജോബി. വീണ സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ അകലെ ചാമോറ ബണ്ടിന് സമീപം വെച്ചാണ് നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു മൃതദേഹം കണ്ടെടുത്തത്.

വിവരം അറിഞ്ഞ ഉടൻ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി. ശക്തമായ ഒഴുക്ക് കാരണം രക്ഷാപ്രവർത്തനം വൈകി. കുടുംബവുമായി ബാംഗ്ലൂരിൽ താമസിച്ചു വരികയായിരുന്നു ജോബി. വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്.

വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു. സഹോദരിയുടെ വീട്ടിലെ കുട്ടിക്കൊപ്പം അടുത്തുള്ള തോട്ടിൽ കുളിക്കാൻ പോയതാണ് ദുരന്തത്തിൽ കലാശിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയെ തുടർന്ന് ജില്ലയിലെ പല തോടുകളിലും പുഴകളിലും ശക്തമായ ഒഴുക്കുണ്ട്. ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377636/kozhikode-koodathayi-kattumunda-youth-drowns-thodu)