---
title: "അ‍ർജുൻ ആയങ്കി നിരവധി ക്രിമിനൽ കേസുകളിൽ പെട്ടയാൾ, ജാമ്യം ലഭിച്ചാൽ കുറ്റകൃത്യം ആവർത്തിക്കും; അർജുൻ ആയങ്കിയുടെ റിമാന്റ് റിപ്പോർട്ട് പുറത്ത് "
english_title: "Arjun Ayanki Remand Report: Police Oppose Bail, Cite Threat To Public Peace"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377630/arjun-ayanki-remand-report-police-bail-opposition-kannur"
published_at: "2026-08-09T16:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a785b9b40ce9_arjun-ayanki-remand-report-police-bail-opposition-kannur.jpg"
keywords: ["Arjun Ayanki", "Arjun Ayanki  Arrest", "Kannur Police", "Remand Report"]
---

# അ‍ർജുൻ ആയങ്കി നിരവധി ക്രിമിനൽ കേസുകളിൽ പെട്ടയാൾ, ജാമ്യം ലഭിച്ചാൽ കുറ്റകൃത്യം ആവർത്തിക്കും; അർജുൻ ആയങ്കിയുടെ റിമാന്റ് റിപ്പോർട്ട് പുറത്ത് 

> **Lead Summary:** കണ്ണൂർ: ജാമ്യം നൽകിയാൽ ഇനിയും കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുമെന്ന് അ‍ർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ്. പ്രതി ഒളിവിൽ പോകാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

## Article Content

കണ്ണൂർ: ജാമ്യം നൽകിയാൽ ഇനിയും കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുമെന്ന് അ‍ർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ്. പ്രതി ഒളിവിൽ പോകാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പൊതുജനസമാധാനം ലംഘിക്കുന്നതും ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മനഃപ്പൂർവമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ളതാണെന്നും റിമാൻ‍‍ഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആഭ്യന്തരവകുപ്പ് മന്ത്രിക്കെതിരെ പൊതു മാധ്യമത്തിലൂടെ അശ്ലീല വാക്കുകൾ ഉപയോ​ഗിക്കുകയും പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വെല്ലുവിളി നടത്തി ഭീഷണിപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

ഈ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ സൈബർ ക്രൈം പൊലീസ് സബ് ഇൻസ്പെക്ടർ അന്വേഷണം നടത്തിവരികയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പറയുന്നുണ്ട്.

കോതമം​ഗലം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായ ഇൻസ്പെക്ടറെയും കുടുംബത്തേയും സമൂഹ മാധ്യമമായ ഫേസബുക്ക് വഴി ലൈംഗികപരമായ പ്രസ്താവനകൾ പോസ്റ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പറയുന്നുണ്ട്.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ച് ഉത്തരവിട്ടതിൻ്റെ വിരോധത്തിന് ഊന്നുകൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറെ സമൂഹമാധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പറയുന്നുണ്ട്.

നിയമ സംവിധാനങ്ങളേയും മറ്റും വെല്ലുവിളിച്ച് ഒളിവിൽ കഴിയവെ സമൂഹമാധ്യമങ്ങൾ വഴി വെല്ലുവിളി പ്രസ്താവനകൾ നടത്തിയ അർജുൻ ആയങ്കിയെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ആ​ഗസ്റ്റ് ഒൻപതിന് പുലർച്ചെ 02.30ന് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും പാർട്ടിയും കണ്ണൂർ താളിക്കാവിനടുത്ത് വെച്ച് പ്രതിയെ കണ്ടെത്തി നിയമാനുസരണം കസ്റ്റഡിയിൽ എടുത്തെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസിനെയും സ‍ർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. 

കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെൻ്റിലേക്ക് എത്തിയതായിരുന്നു അർജുൻ ആയങ്കി. വാറണ്ടില്ലാതെ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്. ഇതിനിടയിൽ അപ്പാർട്ട്മെൻ്റിൽ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് പിടികൂടുകയായിരുന്നു.

അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ കടക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എടപ്പാളിലെ ആയുർ ഗ്രീൻ ആശുപത്രിയിലെ കഫേയിൽ നിന്ന് അ‍ർജുനും സംഘവും ചായ കുടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നതോടെ പൊലീസിനെതിരെയുള്ള വിമർശനം ശക്തമായിരുന്നു. അ‍ജുൻ ആയങ്കിയെ രക്ഷപ്പെടാൻ സഹായിച്ചതുമായി ബന്ധപ്പെട്ട് സഹോദരൻ അഖിലിനെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിരുന്നു.

പാലിയേക്കര ടോൾ പ്ലാസയിൽ നിന്ന് അ‍ർജുൻ ആയങ്കി രക്ഷപ്പെട്ട വിവരം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നിന്ന് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എടപ്പാളിൽ നീല സ്വിഫ്റ്റ് കാറിൽ അർജുൻ ആയങ്കിക്കൊപ്പം എത്തിയ എടപ്പാൾ വട്ടംകുളം സ്വദേശികളായ അബൂബക്കർ സിദ്ദീഖ്, ഫൈസൽ, നൗഫൽ, അഷ്‌കർ തുടങ്ങിയവരെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

കഴിഞ്ഞ മെയ് മാസമാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസിൽ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അർജുൻ ആയങ്കിയേയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്.

പിന്നാലെ 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണി സന്ദേശം മുഴക്കുന്ന കുറിപ്പ് അർജുൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പെൻഷൻ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ഇതിലാണ് ഊന്നുകൽ പൊലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377630/arjun-ayanki-remand-report-police-bail-opposition-kannur)