---
title: "ഫോൺ പിടിച്ചെടുത്തു, സോഷ്യൽ മീഡിയ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അർജുൻ ആയങ്കി, പ്രണവ് ഇപ്പോഴും ഒളിവിൽ "
english_title: "Arjun Ayanki Says Pranav Posted On Social Media, 2 More Associates Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377605/arjun-ayanki-pranav-social-media-posts-two-associates-arrested"
published_at: "2026-08-09T13:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7839a1e4a02_arjun-ayanki-pranav-social-media-posts-two-associates-arrested.jpg"
keywords: ["Arjun Ayanki", "Arjun Ayanki Arrest", "Kannur Police"]
---

# ഫോൺ പിടിച്ചെടുത്തു, സോഷ്യൽ മീഡിയ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അർജുൻ ആയങ്കി, പ്രണവ് ഇപ്പോഴും ഒളിവിൽ 

> **Lead Summary:** കണ്ണൂർ: സോഷ്യൽ മീഡിയയിൽ പൊലീസിനെ വെല്ലുവിളിച്ച് പോസ്റ്റുകൾ ഇട്ടത് സുഹൃത്ത് പ്രണവാണെന്ന് അർജുൻ ആയങ്കി പൊലീസിനോട് പറഞ്ഞു. അർജുന്റെ കൈവശമുണ്ടായിരുന്ന ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ ഫോണിൽ നിന്നാണോ പോസ്റ്റുകൾ ഇട്ടതെന്ന് പൊലീസ് പരിശോധിക്കുകയാണ്.

## Article Content

കണ്ണൂർ: സോഷ്യൽ മീഡിയയിൽ പൊലീസിനെ വെല്ലുവിളിച്ച് പോസ്റ്റുകൾ ഇട്ടത് സുഹൃത്ത് പ്രണവാണെന്ന് അർജുൻ ആയങ്കി പൊലീസിനോട് പറഞ്ഞു. അർജുന്റെ കൈവശമുണ്ടായിരുന്ന ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ ഫോണിൽ നിന്നാണോ പോസ്റ്റുകൾ ഇട്ടതെന്ന് പൊലീസ് പരിശോധിക്കുകയാണ്.

എറണാകുളത്തുനിന്ന് കണ്ണൂരിലേക്ക് വരുമ്പോൾ പ്രണവും അർജുനൊപ്പമുണ്ടായിരുന്നു. തളിപ്പറമ്പിൽ നിന്ന് ഇന്നലെയാണ് പ്രണവ് മറ്റൊരിടത്തേക്ക് മാറിയത്. അർജുനെ തേടി നടത്തിയ അന്വേഷണത്തിൽ പ്രണവും ആയങ്കിയും ഒന്നിച്ചുണ്ടായിരുന്നുവെന്നും ഒന്നിച്ച് പിടികൊടുക്കാതിരിക്കാൻ വെവ്വേറെ നീങ്ങിയതാണെന്നുമാണ് പൊലീസിന്റെ സംശയം.

പ്രണവ് ഇപ്പോഴും ഒളിവിൽ തന്നെയാണ്. ഇതിനിടെ അർജുൻ ആയങ്കിയുടെ രണ്ട് കൂട്ടാളികൾ കൂടി പിടിയിലായി. വളപട്ടണം പൊലീസ് കസ്റ്റഡിയിൽ എടുത്ത് ഊന്നുകൽ പൊലീസിന് കൈമാറി. അഴിക്കോട് കപ്പക്കടവ് സ്വദേശികളായ ജിതിൻ, സുഭാഷ് എന്നിവരാണ് പിടിയിലായത്. ജിതിന്റെ കാറിലാണ് ആയങ്കി രക്ഷപ്പെട്ടത് എന്നാണ് പൊലീസ് നൽകുന്ന വിവരം.

കണ്ണൂരിൽ നാടകീയമായി പൊലീസ് പിടികൂടിയ അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അർജുനെ തലശേരി സബ് ജയിലിലേക്ക് മാറ്റി.

അതേസമയം തെളിവില്ലാതെ അർദ്ധരാത്രിയിൽ വീട്ടിൽ കയറി പൊലീസ് പരിശോധന നടത്തിയെന്ന് സിപിഐഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി നിതിൻ പരാതിപ്പെട്ടു. അർജുൻ ആയങ്കിയെ തിരഞ്ഞായിരുന്നു പരിശോധന.

> "അർജുൻ ആയങ്കിയുമായി യാതൊരു ബന്ധവുമില്ല" എന്ന് നിതിൻകുമാർ പറഞ്ഞു. മനുഷ്യാവകാശ ലംഘനം ഉണ്ടായെന്നാണ് സിപിഐഎം ആരോപണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377605/arjun-ayanki-pranav-social-media-posts-two-associates-arrested)