---
title: "അർജുൻ ആയങ്കി 14 ദിവസത്തേക്ക് റിമാൻഡിൽ; തലശേരി സബ് ജയിലിലേക്ക് മാറ്റും, വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം പാരിതോഷികം"
english_title: "Arjun Ayanki Remanded For 14 Days, To Be Shifted To Thalassery Sub Jail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377602/arjun-ayanki-remanded-14-days-thalassery-sub-jail"
published_at: "2026-08-09T13:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7837c54a757_arjun-ayanki-remanded-14-days-thalassery-sub-jail.jpg"
keywords: ["Arjun Ayanki", "Arjun Ayanki Arrest", "Kerala Crime", "Kannur Police"]
---

# അർജുൻ ആയങ്കി 14 ദിവസത്തേക്ക് റിമാൻഡിൽ; തലശേരി സബ് ജയിലിലേക്ക് മാറ്റും, വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം പാരിതോഷികം

> **Lead Summary:** കണ്ണൂർ: പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ഉത്തരവിട്ടത്. അർജുൻ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റും.

## Article Content

കണ്ണൂർ: പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ഉത്തരവിട്ടത്. അർജുൻ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റും.

പ്രതി ഭാഗം ജാമ്യപേക്ഷ നൽകിയിരുന്നില്ല. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. സുഹൃത്തായ മറ്റൊരാളും അർജുനൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്നു.കണ്ണൂർ സൈബർക്രൈം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി.

വൈദ്യപരിശോധനയ്ക്ക് ശേഷം കൂത്തുപറമ്പ് കോടതിയിൽ അർജുനെ ഹാജരാക്കി. അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനാണ് പൊലീസ് നീക്കം. തുടരെ പൊലീസിനെ വെല്ലുവിളിച്ച അർജുനെ പിടികൂടിയത് പൊലീസിന് വലിയ ആശ്വാസമായി എന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

> അറസ്റ്റിൽ പ്രതികരിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, "കേരളം ഗുണ്ടകളുടെ പറുദീസയല്ല. സിസ്റ്റത്തെ വെല്ലുവിളിക്കുന്ന ഗുണ്ടകൾക്ക് ഇതാണ് അവസ്ഥ" എന്ന് പറഞ്ഞു.

അർജുൻ ആയങ്കിയുടെ ഇളയ സഹോദരൻ അജയ് കോഴിക്കോട് പൊലീസിന്റെ കസ്റ്റഡിയിലായി. അർജുൻ ആയങ്കിയുമായി ബന്ധമുള്ള പലരും പൊലീസ് കസ്റ്റഡിയിലായി. പ്രധാന കൂട്ടാളി പ്രണവ് ഇപ്പോഴും ഒളിവിലാണ്.

അർജുനെ തേടി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഒളിവിൽ കഴിഞ്ഞശേഷം തളിപ്പറമ്പിൽ നിന്ന് അർജുൻ കയറിയ ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ മൊഴിയാണ് അറസ്റ്റിൽ നിർണായകമായത്.

അതേസമയം അർജുൻ ആയങ്കിയെ പിടികൂടാൻ പോലീസിനെ സഹായിച്ച പയ്യന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഒരു സ്വകാര്യവ്യക്തി ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

പൊതുജന താല്പര്യമുള്ള ഒരു വ്യക്തി ഈ തുക നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് തന്നെ ഫോണിൽ ബന്ധപ്പെട്ടതായും പയ്യന്നൂരിലെ ആ ഡ്രൈവർക്ക് ഈ പണം നേരിട്ട് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

അർജുൻ ആയങ്കിയെ പിടികൂടുന്നത് സംബന്ധിച്ച് പോലീസിന് നിരവധി വിവരങ്ങൾ ലഭിച്ചിരുന്നെങ്കിലും ഓട്ടോറിക്ഷ ഡ്രൈവർ നൽകിയ വിവരമാണ് ഏറ്റവും ഫലപ്രദമായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പയ്യന്നൂരിലെ ആ ഡ്രൈവറെ താൻ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹത്തിന്റെ നടപടി മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377602/arjun-ayanki-remanded-14-days-thalassery-sub-jail)