---
title: "ആ സ്വപ്നം റോഡാകുമോ? വിലങ്ങാട് - വയനാട് ചുരമില്ലാ റോഡ് നിർമ്മാണത്തിന് വീണ്ടും ജനകീയ കൂട്ടായ്മ സജീവമാകുന്നു"
english_title: "Vilangad Wayanad No Ghat Road Project Kerala Public Campaign"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377601/vilangad-wayanad-no-ghat-road-public-campaign"
published_at: "2026-08-09T13:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7834de85e67_vilangad-wayanad-no-ghat-road-public-campaign.jpg"
keywords: ["Vilangad", "Wayanad", "No Ghat Road", "Highway"]
---

# ആ സ്വപ്നം റോഡാകുമോ? വിലങ്ങാട് - വയനാട് ചുരമില്ലാ റോഡ് നിർമ്മാണത്തിന് വീണ്ടും ജനകീയ കൂട്ടായ്മ സജീവമാകുന്നു

> **Lead Summary:** **കോഴിക്കോട് (നാദാപുരം):[ **ഒരു നാടിന്റെ വലിയ വികസന സ്വപ്നം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സർക്കാർ അധികൃതരെ ഉണർത്തിയില്ല. ഇനിയെങ്കിലും ആ സ്വപ്നം ചുരം കയറാത്ത റോഡായി മാറുമോ? എന്ന പ്രതീക്ഷയിലാണ് ജനം.

## Article Content

**കോഴിക്കോട് (നാദാപുരം):[ **ഒരു നാടിന്റെ വലിയ വികസന സ്വപ്നം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സർക്കാർ അധികൃതരെ ഉണർത്തിയില്ല. ഇനിയെങ്കിലും ആ സ്വപ്നം ചുരം കയറാത്ത റോഡായി മാറുമോ? എന്ന പ്രതീക്ഷയിലാണ് ജനം.

വിലങ്ങാട് - വയനാട് ചുരമില്ലാ റോഡ് നിർമ്മാണത്തിനായി വീണ്ടും ജനകീയ കൂട്ടായ്മ സജീവമാകുന്നു. ഓഗസ്റ്റ് 15ന് വിപുലമായ കൺവെൻഷനുള്ള ഒരുക്കങ്ങളും തുടങ്ങി.

**തലശ്ശേരി, വടകര, മാനന്തവാടി താലൂക്കുകൾക്ക് പ്രതീക്ഷ**

വടകര, മാനന്തവാടി താലൂക്കുകളിലും വലിയ വികസന സാധ്യതയുള്ള വിലങ്ങാട് - കുഞ്ഞോം - മാനന്തവാടി - ബെംഗളൂരു ദേശീയപാത എന്ന ആശയം 1977 മുതൽ ഉയർന്നതും ചർച്ചകൾ ആരംഭിച്ചതുമാണ്.

വിലങ്ങാട് - കുഞ്ഞോം - വയനാട് ചുരമില്ലാ പാത പതിറ്റാണ്ടുകൾ പിന്നിട്ടും കടലാസിൽ തന്നെ കിടക്കുകയാണ്. കണ്ണൂർ, കോഴിക്കോട് മലയോര മേഖലകളുടെ സമഗ്ര വികസനത്തിനും വയനാട്ടിലേക്കുള്ള സഞ്ചാരത്തിനും ഏറെ സഹായകരമാകുന്ന ഈ പദ്ധതി എത്രയും വേഗം ആരംഭിക്കണമെന്ന ആവശ്യം ഉയർന്നിട്ട് അരനൂറ്റാണ്ട് ആയി.

മാറി വന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് പ്രഖ്യാപനങ്ങൾ ചിലതുണ്ടായതല്ലാതെ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല എന്നതാണ് പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ. ഇതിനിടയിലാണ് പാത നിർമാണം ആവശ്യപ്പെട്ട് അധികൃതരിൽ സമ്മർദ്ദം ചെലുത്താൻ ജനകീയ കൂട്ടായ്മ രംഗത്തിറങ്ങുന്നത്.

ഇതിന്റെ ഭാഗമായി ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാമൂഹിക-സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുക്കുന്ന സംയുക്ത യോഗം വരുന്ന ഓഗസ്റ്റ് 15ന് നടക്കും.*

താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കിലും മണ്ണിടിച്ചിലുണ്ടാകുന്ന സമയത്തും മലബാർ മേഖലയ്ക്ക് ആശ്രയിക്കാവുന്ന ബദൽ പാതയാണിത്.

വടകര, നാദാപുരം ഉൾപ്പെടെയുള്ള തീരദേശ-മലയോര മേഖലകളിൽ നിന്ന് വയനാട്ടിലെ കുഞ്ഞോം/മാനന്തവാടി വഴി വളരെ കുറഞ്ഞ ദൂരത്തിൽ മൈസൂരു, ബെംഗളൂരു നഗരങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയും. അപകടകരമായ ഹെയർപിൻ വളവുകളോ വലിയ ചുരങ്ങളോ ഇല്ലാതെ തന്നെ വയനാട്ടിലേക്ക് പ്രവേശിക്കാം എന്നതാണ് ഈ പാതയുടെ പ്രധാന സവിശേഷത.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അന്തിമ അനുമതികൾ വേഗത്തിലായാൽ മലബാറിന്റെ വികസന ഭൂപടത്തിൽ ഈ ഏഴ് കിലോമീറ്റർ പാതയ്ക്ക് വഹിക്കാൻ കഴിയുന്ന പങ്ക് നിർണായകമായിരിക്കും.

**പ്രധാന വെല്ലുവിളി വനം**

പാത വനത്തിലൂടെ കടന്നുപോകുന്നു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മുൻ എംഎൽഎമാരായ എ. കണാരനും സത്യൻ മൊകേരിയും ഈ സ്വപ്നം യാഥാർത്ഥ്യമാക്കാൻ മുൻനിരയിൽ പ്രവർത്തിച്ചു. ബിനോയ് വിശ്വം നാദാപുരം എംഎൽഎ ആയിരിക്കെ സംസ്ഥാന വനംമന്ത്രി കൂടിയായപ്പോൾ വലിയ ഇടപെടൽ നടത്തി.

റോഡിനായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യൂ ഭൂമി വിട്ടുനൽകി വനവൽക്കരണം നടത്താമെന്ന നിർദ്ദേശം വരെ സമർപ്പിച്ചെങ്കിലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയില്ല.

ഏറ്റവും ഒടുവിൽ ഇ.കെ. വിജയൻ എംഎൽഎയുടെ സമ്മർദ്ദഫലമായി സാധ്യതാ പഠനത്തിന് സർക്കാർ അനുമതി നൽകുകയും സർവേ നടത്തുകയും ചെയ്തു. ഇതിനായി വയനാട്ടിൽ നിന്നുള്ള മന്ത്രി ഒ.ആർ. കേളുവിൽ നിന്ന് വലിയ സഹായം ലഭിച്ചതായി മുൻ എംഎൽഎ ഇ.കെ. വിജയൻ പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് പിഡബ്ല്യുഡി-ഫോറസ്റ്റ് വകുപ്പുകളുടെ സംയുക്ത സർവേ ആരംഭിക്കാനിരിക്കെ കാലാവസ്ഥ പ്രതികൂലമായതും പ്രകൃതിക്ഷോഭവും തടസ്സമായി.

> ഇപ്പോൾ എലിവേറ്റഡ് ഹൈവേയുടെ സാധ്യതയാണ് മുന്നോട്ടുവെക്കുന്നത്. ഹെയർപിൻ വളവുകളോ കഠിനമായ കയറ്റങ്ങളോ ഇല്ലാത്ത "ചുരമില്ലാ ബദൽ പാത" ആണ് വിലങ്ങാട് - കുഞ്ഞോം നിർദ്ദിഷ്ട റോഡ്. വനത്തിലൂടെയുള്ള 7 കിലോമീറ്റർ പാത യാഥാർത്ഥ്യമായാൽ മലബാറിലെ യാത്രാ മേഖലയിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ ഇതിന് കഴിയും.

**പദ്ധതിയുടെ ചരിത്രവും നിലവിലെ സ്ഥിതിയും**

ആദ്യത്തെ ഭരണാനുമതി: 1994-95 സംസ്ഥാന ബജറ്റിൽ പ്രവൃത്തികൾക്കായി ഒരു കോടി രൂപ വകയിരുത്തി.

വനംവകുപ്പിന്റെ തടസ്സം: വനഭൂമി വിട്ടുകിട്ടാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ല.

പരിസ്ഥിതി വാദങ്ങൾ: അപൂർവയിനം ഞണ്ടുകളുടെയും സസ്യങ്ങളുടെയും ആവാസവ്യവസ്ഥയാണെന്ന് വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

റോഡിന്റെ നിലവിലെ അവസ്ഥ: ഇരുവശങ്ങളിലും വനാതിർത്തി വരെ നിലവിൽ ടാർ ചെയ്ത റോഡുകളുണ്ട്.

സമീപകാല നീക്കങ്ങൾ: സാധ്യതാ പഠനത്തിന്റെ ഭാഗമായി വയനാട് ഭാഗത്ത് ജിപിഎസ് സർവേ പൂർത്തിയായി. വനമേഖലയിൽ പരിശോധന നടത്താൻ വനംവകുപ്പിന്റെ അനുമതിക്ക് മന്ത്രി ഒ.ആർ. കേളു പിന്തുണ അറിയിച്ചു.

ജനകീയ കൂട്ടായ്മ: പദ്ധതി വേഗത്തിലാക്കാൻ വാണിമേലിൽ ജനകീയ കൺവെൻഷനുകൾ നടക്കുന്നുണ്ട്.

**പ്രയോജനങ്ങൾ**

ചുരമില്ലാത്ത സുരക്ഷിത യാത്ര: താമരശ്ശേരി ചുരത്തിലെയും പക്രംതളത്തിലെയും കടുത്ത ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാം.*

*കുറഞ്ഞ നിർമ്മാണച്ചെലവ്: കോടികൾ മുടക്കുന്ന തുരങ്കപാതകളേക്കാൾ സാമ്പത്തിക ലാഭമുണ്ട്.*

*കുറഞ്ഞ പരിസ്ഥിതി ആഘാതം: പ്രകൃതിക്ഷോഭ സാധ്യത വളരെ കുറഞ്ഞ പാതയാണിത്.*

*യാത്രാ സമയം ലാഭിക്കാം: വടകര, നാദാപുരം, തൊട്ടിൽപ്പാലം ഭാഗങ്ങളിൽ നിന്നുള്ളവർക്ക് എളുപ്പവഴിയാണ്.*

*അന്തർസംസ്ഥാന കണക്റ്റിവിറ്റി: കർണാടകയിലേക്ക് (മൈസൂരു, ബെംഗളൂരു) എളുപ്പത്തിൽ എത്തിച്ചേരാം.*

*വിനോദസഞ്ചാര വികസനം: കുഞ്ഞോം കുങ്കിച്ചിറ പൈതൃക മ്യൂസിയം ഉൾപ്പെടെയുള്ള മേഖലകളുടെ വികസനത്തിന് സഹായിക്കും.*

*മലയോര വികസനം: വയനാട്ടിലെയും കോഴിക്കോട്ടെയും പിന്നാക്ക മലയോര ഗ്രാമങ്ങൾക്ക് സാമ്പത്തിക ഉണർവാകും.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377601/vilangad-wayanad-no-ghat-road-public-campaign)