---
title: " 'അര്‍ജുന്‍ ആയങ്കിയെ പിടിച്ച ശേഷമാണ് പൊലീസ് ഈ വൃത്തികേട് കാണിച്ചത്', അടിയന്തരാവസ്ഥയുടെ പ്രേതം ബാധിച്ച പൊലീസാണ് കേരളം ഭരിക്കുന്നതെന്ന് രാജു എബ്രഹാം"
english_title: "CPM Slams Police Search For Arjun Ayanki In Mallappally As Human Rights Violation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377598/cpam-raju-abraham-police-search-arjun-ayanki-mallappally"
published_at: "2026-08-09T13:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78312799d2b_cpam-raju-abraham-police-search-arjun-ayanki-mallappally.jpg"
keywords: ["Arjun Ayanki", "CPM", "Raju Abraham", "Kerala Police"]
---

#  'അര്‍ജുന്‍ ആയങ്കിയെ പിടിച്ച ശേഷമാണ് പൊലീസ് ഈ വൃത്തികേട് കാണിച്ചത്', അടിയന്തരാവസ്ഥയുടെ പ്രേതം ബാധിച്ച പൊലീസാണ് കേരളം ഭരിക്കുന്നതെന്ന് രാജു എബ്രഹാം

> **Lead Summary:** പത്തനംതിട്ട: അർജുൻ ആയങ്കിക്കായി മല്ലപ്പള്ളിയിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന പൊലീസിന്റെ തിരച്ചിലിനെതിരെ കടുത്ത വിമർശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്തെത്തി.

## Article Content

പത്തനംതിട്ട: അർജുൻ ആയങ്കിക്കായി മല്ലപ്പള്ളിയിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന പൊലീസിന്റെ തിരച്ചിലിനെതിരെ കടുത്ത വിമർശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്തെത്തി.

പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായത് കടുത്ത മനുഷ്യാവകാശ ലംഘനമാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

> "ആയങ്കിയെ കയ്യിൽ കിട്ടിയതിനുശേഷം നടത്തിയ പരിശോധന ഒട്ടും ന്യായീകരിക്കാൻ കഴിയുന്നതല്ല" എന്ന് രാജു എബ്രഹാം പറഞ്ഞു. "അടിയന്തരാവസ്ഥയുടെ പ്രേതം ബാധിച്ച പൊലീസാണ് കേരളം ഭരിക്കുന്നത്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

> "പൂട്ട് പോലുമില്ലാത്ത വീട്ടിൽ എങ്ങനെ ഒരാളെ താമസിപ്പിക്കും" എന്ന് ചോദിച്ച അദ്ദേഹം, ഈ വിഷയത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമ്മീഷൻ എന്നിവരുൾപ്പെടെ എല്ലാവർക്കും പരാതി നൽകുമെന്നും വ്യക്തമാക്കി.

നിതിൻ കോൺഗ്രസിലെ കണ്ണിലെ കരടാണ്. അതുകൊണ്ടാണ് അടിയന്തരാവസ്ഥ പോലെ പരിശോധന നടത്തിയത്. മനുഷ്യാവകാശ ലംഘനമാണ് നടന്നത്. സ്ത്രീകൾ താമസിക്കുന്ന വീടുകളാണ്.

യാതൊന്നും ചോദിക്കാതെയാണ് പൊലീസ് അതിക്രമം നടത്തിയതെന്നും രാജു എബ്രഹാം പറഞ്ഞു. അതേസമയം, പൊലീസ് അതിക്രമത്തിൽ സിപിഐഎം ശക്തമായി പ്രതിഷേധിച്ചിരിക്കുകയാണ്.

സാമൂഹിക മാധ്യമങ്ങളിലല്ലാതെ ജീവിതത്തിൽ ഇതുവരെ അർജുൻ ആയങ്കിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻകുമാർ പറഞ്ഞു. നിതിന്റെയും സമീപത്തെയും വീടുകളിൽ എട്ടു വണ്ടി പൊലീസ് ആണ് പരിശോധനയ്ക്ക് എത്തിയത്.

അർജുൻ ആയങ്കിയെ കണ്ടെത്തുന്നതിൻ്റെ ഭാ​ഗമായി നിതിൻ്റെ വീട്ടിലും പൊലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു. ആയങ്കി ഒളിച്ചിരിപ്പുണ്ടെന്ന് ഫോൺ വഴി നാട്ടുകാർ വിളിച്ചുപറഞ്ഞത് അനുസരിച്ചാണ് പൊലീസ് എത്തിയത്.

അർജുൻ ആയങ്കിയെ പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിൽ നിന്നാണ് പിടികൂടിയത്. അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ വെല്ലുവിളിച്ച് കണ്ണൂർ തളിപ്പറമ്പിലെ ഒരു അപ്പാർട്ട്മെന്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്.

23 കേസുകളിൽ പ്രതിയായ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നീക്കം പൊലീസ് ആരംഭിച്ചിട്ടുണ്ട്. പൊലീസിന്റെ തിരച്ചിൽ രീതി ജനാധിപത്യവിരുദ്ധമാണെന്നും സാധാരണക്കാരെ ഭയപ്പെടുത്തുന്നതാണെന്നും സിപിഎം നേതാക്കൾ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377598/cpam-raju-abraham-police-search-arjun-ayanki-mallappally)