---
title: "'ആദ്യമായല്ല മത്സ്യത്തൊഴിലാളികളെ കാണാതെ പോകുന്നത്, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 148 പേരെ കാണാതായി';  പരമാവധി ശ്രമിക്കുകയാണ് സർക്കാരെന്ന് മുഖ്യമന്ത്രി "
english_title: "VD Satheesan Responds To Pinarayi On Missing Fishermen, Says Maximum Search Efforts On"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377597/vd-satheesan-pinarayi-vijayan-missing-fishermen-search-response"
published_at: "2026-08-09T13:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a782ebd11a56_vd-satheesan-pinarayi-vijayan-missing-fishermen-search-response.jpg"
keywords: ["Chief Minister", "VD Satheesan", "Pinarayi Vijayan", "Missing Fishermen", "Kerala Government"]
---

# 'ആദ്യമായല്ല മത്സ്യത്തൊഴിലാളികളെ കാണാതെ പോകുന്നത്, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 148 പേരെ കാണാതായി';  പരമാവധി ശ്രമിക്കുകയാണ് സർക്കാരെന്ന് മുഖ്യമന്ത്രി 

> **Lead Summary:** തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ തെരച്ചിൽ കാര്യക്ഷമല്ലെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.

## Article Content

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ തെരച്ചിൽ കാര്യക്ഷമല്ലെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി.

> "ആദ്യമായല്ല മത്സ്യ തൊഴിലാളികളെ കടലിൽ കാണാതെ പോകുന്നത്" എന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, "148 പേരാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കടലിൽ കാണാതായത്. ഇത്തവണ മൂന്നുപേരെയാണ് കാണാതായത്. പരമാവധി ശ്രമിക്കുകയാണ് സർക്കാർ" എന്ന് പറഞ്ഞു.

> "ഒരു ഗവൺമെന്റും ഇത്രയും വലിയ പരിശോധന നടത്തിയിട്ടില്ല. രണ്ട് ഡോണിയർ വിമാനങ്ങൾ, ഹെലിക്കോപ്ടർ, കോസ്റ്റ് ഗാർഡ് കപ്പൽ, നേവി ബോട്ട് എന്നിവയ്ക്കുപുറമേ സ്‌കൂബ ഡൈവിങ് സംവിധാനങ്ങളും ഉപയോഗിച്ച് തമിഴ്‌നാട്ടിലെ കുളച്ചൽവരെ പരിശോധന നടത്തിയതായി അദ്ദേഹം അവകാശപ്പെട്ടു.

> മറ്റൊരു സംസ്ഥാനത്തും ഇത്തരം സംവിധാനമില്ല" എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാണാതായവരുടെ കുടുംബത്തോടൊപ്പമാണ് സർക്കാർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ തിരച്ചിലിൽ ഒരുവിധ ഏകോപനവുമില്ലെന്നും തങ്ങളെ തുല്യരായി കാണുന്നില്ലെന്നും കാണാതായവരുടെ കുടുംബങ്ങൾ ആരോപിക്കുന്നു.  

മഴക്കെടുതിയിൽ സംസ്ഥാനം ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. ദുരന്തമുഖത്ത് ജനം പകച്ചുനിൽക്കുകയാണ്. ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കാതെ നിൽക്കാൻ കഴിയില്ലെന്നും പിണറായി വിമർശിച്ചു. പുഴയിൽ കാണാതായവരെ കണ്ടെത്തുന്നതിൽ കാലതാമസം ഉണ്ടായി.

ആവശ്യമായ മുൻകരുതൽ എടുക്കുന്നതിൽ ജാഗ്രത ഉണ്ടായില്ല. മഴ നന്നായി പെയ്തതിന് ശേഷമാണ് അലേർട്ടുകൾ ഉണ്ടായത് എന്നും അദ്ദേഹം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377597/vd-satheesan-pinarayi-vijayan-missing-fishermen-search-response)