---
title: "അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഉടന്‍ കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും, എറണാകുളം പൊലീസും കണ്ണൂരിൽ"
english_title: "Arjun Ayanki Produced Before Koothuparamba Court, Ernakulam Police Reach Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377592/arjun-ayanki-koothuparamba-court-eranakulam-police-kannur"
published_at: "2026-08-09T12:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78274c431ff_arjun-ayanki-koothuparamba-court-eranakulam-police-kannur.jpg"
keywords: ["Arjun Ayanki", "Arjun Ayanki Arrest", "Kannur Police", "Kerala Crime"]
---

# അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഉടന്‍ കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും, എറണാകുളം പൊലീസും കണ്ണൂരിൽ

> **Lead Summary:** കണ്ണൂർ: പിടിയിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. പ്രതിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനായി പൊലീസ് കൊണ്ടുപോയി.

## Article Content

കണ്ണൂർ: പിടിയിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. പ്രതിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനായി പൊലീസ് കൊണ്ടുപോയി.

കണ്ണൂർ മജിസ്ട്രേറ്റ് കോടതി അവധിയായ സാഹചര്യത്തിലാണ് കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ അർജുനെ ഹാജരാക്കുന്നത്. അതേസമയം, എറണാകുളം പൊലീസ് കണ്ണൂരിൽ എത്തിയിട്ടുണ്ട്. ഊന്നുകൽ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.

അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്ന് ഊന്നുകൽ പൊലീസ് കോടതിയിൽ ആവശ്യപ്പെടും. ഇതുമായി ബന്ധപ്പെട്ട് സൈബർ ക്രൈം പൊലീസ് എസ്.എച്ച്.ഒയുമായും ഊന്നുകൽ സംഘം കൂടിക്കാഴ്ച നടത്തുകയാണ്.

> അർജുൻ ആയങ്കിയുടെ അറസ്റ്റിൽ പ്രതികരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, "ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ല" എന്ന് വ്യക്തമാക്കി."എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാകും അനുഭവം.

> ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്" എന്നും മന്ത്രി പറഞ്ഞു. "കേരളം ഗുണ്ടകളുടെ നാടല്ല. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ്. കേരളം ഗുണ്ടകളുടെ പറുദീസയല്ല.

> മനഃപ്പൂർവം പ്രശ്നമുണ്ടാക്കുന്നവർ ആരായാലും കർശന നടപടി ഉണ്ടാകും" എന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.

പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്.

അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെന്റിലേക്ക് എത്തിയതായിരുന്നു അർജുൻ. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടാണ് അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്.

ഇതിനിടയിൽ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. 23 കേസുകളിൽ പ്രതിയായ അർജുനെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377592/arjun-ayanki-koothuparamba-court-eranakulam-police-kannur)