---
title: "‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; വിവാദത്തിൽ വ്യക്തത വരുത്തി ലോക്ഭവൻ"
english_title: "Lokbhavan Clarifies Vande Mataram Circular, Says No Directive From Governor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377587/vande-mataram-controversy-lokbhavan-clarification-kerala"
published_at: "2026-08-09T11:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a781eccd10ea_vande-mataram-controversy-lokbhavan-clarification-kerala.jpg"
keywords: ["Lokbhavan", "Vande Mataram", "Governor Rajendra Arlekar", "Independence Day"]
---

# ‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; വിവാദത്തിൽ വ്യക്തത വരുത്തി ലോക്ഭവൻ

> **Lead Summary:** തിരുവനന്തപുരം: ‘വന്ദേമാതരം’ പൂർണമായി ആലപിക്കണമെന്ന വിവാദ സർക്കുലറിൽ വ്യക്തത വരുത്തി ലോക്ഭവൻ. മുഴുവൻ ആലപിക്കണമെന്ന നിർദേശം ഗവർണറുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല എന്നാണ് ലോക്ഭവൻ വ്യക്തമാക്കിയത്.

## Article Content

തിരുവനന്തപുരം: ‘വന്ദേമാതരം’ പൂർണമായി ആലപിക്കണമെന്ന വിവാദ സർക്കുലറിൽ വ്യക്തത വരുത്തി ലോക്ഭവൻ. മുഴുവൻ ആലപിക്കണമെന്ന നിർദേശം ഗവർണറുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല എന്നാണ് ലോക്ഭവൻ വ്യക്തമാക്കിയത്.

സ്വാതന്ത്ര്യദിനാഘോഷത്തിൽ പൂർണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നൽകിയ കത്ത് ഗവർണറുടെ നിർദേശപ്രകാരമല്ല. പ്രത്യേകമായി അങ്ങനൊരു കത്ത് നൽകേണ്ട സാഹചര്യമില്ലെന്നും ലോക്ഭവൻ അറിയിച്ചു.

ഇന്നലെ മന്ത്രി എൻ. ഷംസുദ്ദീൻ ലോക്ഭവൻ നിർദേശപ്രകാരമാണ് കത്തെന്ന വിശദീകരണം നൽകിയിരുന്നു. എന്നാൽ വന്ദേമാതരം പൂർണമായും ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും പ്രതികരിച്ചു.

അതേസമയം ലോക്ഭവൻ നിർദേശപ്രകാരമാണ് സർക്കുലർ എന്ന വിചിത്രമായ വിശദീകരണമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയത്. ജില്ലകളിലെ സ്വാതന്ത്രദിന ചടങ്ങുകൾക്കായി പ്രോട്ടോക്കോൾ വിഭാഗം നൽകിയ സർക്കുലറിൽ വന്ദേമാതരം പാടുന്നതിനെ കുറിച്ച് പരാമർശമില്ല എന്നതും ശ്രദ്ധേയമാണ്.

സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരങ്ക’ ചടങ്ങുകളിൽ വന്ദേ മാതരം മുഴുവനായി പാടണമെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലർ. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് നടപടിയെന്ന് പൊതുഭരണവകുപ്പ് വിശദീകരിച്ചു.

കേന്ദ്ര നിർദേശം അതേപടി താഴോട്ട് കൈമാറിയതാണ് ചീഫ് സെക്രട്ടറി എന്നാണ് വകുപ്പിന്റെ നിലപാട്. ഓഗസ്റ്റ് 9 മുതൽ 17 വരെയുള്ള വിവിധ പരിപാടികളിൽ പാടാനാണ് നിർദേശം.

വന്ദേ മാതരം മുഴുവനായും പാടുന്നതിനെ ദേശീയ തലത്തിൽ കോൺഗ്രസ് എതിർക്കുമ്പോൾ കേരളത്തിൽ ഇങ്ങനെയൊരു സർക്കുലർ ഇറക്കിയത് വലിയ ചർച്ചയായി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ സർക്കുലറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

ഈ മാസം നാലിന് പ്രോട്ടോക്കോൾ വിഭാഗം ജില്ലകളിലെ സ്വാതന്ത്ര ദിനാഘോഷ ചടങ്ങ് എങ്ങനെ നടത്തണമെന്ന സർക്കുലറിൽ വന്ദേമാതരത്തെ കുറിച്ച് പറയുന്നില്ല. ദേശീയ ഗാനത്തെ കുറിച്ച് മാത്രമാണ് പരാമർശം. നേരത്തെ വിഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാജ് ഭവൻ നിർദേശപ്രകാരം വന്ദേമാതരം മുഴുവൻ പാടിയത് വിവാദമായിരുന്നു.

ആ സംഭവത്തിന്റെ തുടർച്ചയായാണ് പുതിയ സർക്കുലറും രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377587/vande-mataram-controversy-lokbhavan-clarification-kerala)