---
title: "'കൊടും ക്രിമിനൽ എന്ന് പൊലീസ്', 23 കേസുകളിൽ പ്രതി; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ നീക്കം തുടങ്ങി"
english_title: "Police To Impose KAAPA On Arjun Ayanki, Accused In 23 Cases Including 2 Attempt To Murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377576/arjun-ayanki-kaapa-police-arrest-kannur-23-cases"
published_at: "2026-08-09T10:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a780ccc9b316_arjun-ayanki-kaapa-police-arrest-kannur-23-cases.jpg"
keywords: ["Arjun Ayanki", "KAAPA", "Arjun Ayanki Arrest", "Kannur Police"]
---

# 'കൊടും ക്രിമിനൽ എന്ന് പൊലീസ്', 23 കേസുകളിൽ പ്രതി; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ നീക്കം തുടങ്ങി

> **Lead Summary:** കണ്ണൂർ: ഗുണ്ടാ നേതാവ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം തുടങ്ങി. 23 കേസുകളിൽ പ്രതിയായ അർജുനെ കൊടും ക്രിമിനൽ എന്ന് വിശേഷിപ്പിച്ച് പൊലീസ് റിപ്പോർട്ട് നൽകും.

## Article Content

കണ്ണൂർ: ഗുണ്ടാ നേതാവ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം തുടങ്ങി. 23 കേസുകളിൽ പ്രതിയായ അർജുനെ കൊടും ക്രിമിനൽ എന്ന് വിശേഷിപ്പിച്ച് പൊലീസ് റിപ്പോർട്ട് നൽകും.

അർജുനെതിരെ രണ്ട് വധ ശ്രമക്കേസുകൾ, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ എന്നിവയുൾപ്പെടെ ഗുരുതര വകുപ്പുകൾ ചേർത്തുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 മുതൽ അർജുൻ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണെന്ന് പല കേസുകളിലും നേരത്തെ കുറ്റപത്രം നൽകിയിരുന്നു.

അർജുനെതിരെ വളപ്പട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രം 12 കേസുകളുണ്ട്. പുതിയ കേസുകൾ ഉൾപ്പെടെ ആകെ 23 കേസുകളിൽ അർജുൻ പ്രതിയാണ്. ഉടൻ കാപ്പ ചുമത്താനുള്ള റിപ്പോർട്ട് കളക്ടർക്ക് നൽകാനാണ് പൊലീസിന്റെ നീക്കം.

പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെന്റിൽ അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. പൊലീസിനെ വെല്ലുവിളിച്ച് കണ്ണൂർ തളിപ്പറമ്പിലെ ഒരു അപ്പാർട്ട്മെന്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്.

പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് സംശയിച്ച അർജുൻ അവിടെ നിന്ന് ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്നു. ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് വിളിച്ച് കാറുമായി സുഹൃത്തിനെ വരുത്തി. കണ്ണൂർ ടൗണിലേക്ക് എത്തിയത് ഈ കാറിലായിരുന്നു.

ഓട്ടോ ഡ്രൈവർ പൊലീസിന് നൽകിയ വിവരമാണ് അർജുനെ പിടികൂടുന്നതിൽ നിർണായകമായത്. ഡ്രൈവർ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. പൊലീസിനെ കണ്ടതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കണ്ണൂരിലെ കേസിലെ നടപടികൾക്ക് ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ എന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

സംസ്ഥാനത്ത് നിയമം കയ്യിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന സർക്കാർ നിലപാടിന്റെ ഭാഗമായാണ് അർജുനെതിരായ കാപ്പ നടപടി.

ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത് ഗുണ്ടകളുടെ നാട് അല്ല. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ്. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്കും അർജുൻ ആയങ്കിയുടെ അനുഭവമാകും.

ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിർത്താൻ ഗവൺമെൻറ് പ്രതിജ്ഞബദ്ധമാണ്. ​ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഇന്നലെ മുതൽ അതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377576/arjun-ayanki-kaapa-police-arrest-kannur-23-cases)