---
title: "'ഒളിപ്പിച്ചതല്ല, കീഴടങ്ങാൻ എത്തിയതാണ്; അർജുൻ ആയങ്കി പിടിയിലായത് തന്റെ ഫ്ലാറ്റിൽ നിന്നാണെന്ന് സ്ഥിരീകരിച്ച് അഭിഭാഷക"
english_title: "Arjun Ayanki Arrested From Lawyer Deleeta Titus Flat In Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377559/arjun-ayanki-arrested-deleeta-titus-flat-kannur"
published_at: "2026-08-09T08:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77ed8cd9f2f_arjun-ayanki-arrested-deleeta-titus-flat-kannur.jpg"
keywords: ["Arjun Ayanki", "Deleeta Titus", "Kannur Police", "Arrest", "Hideout"]
---

# 'ഒളിപ്പിച്ചതല്ല, കീഴടങ്ങാൻ എത്തിയതാണ്; അർജുൻ ആയങ്കി പിടിയിലായത് തന്റെ ഫ്ലാറ്റിൽ നിന്നാണെന്ന് സ്ഥിരീകരിച്ച് അഭിഭാഷക

> **Lead Summary:** > **കണ്ണൂർ: **ഒളിവിലായിരുന്ന അർജുൻ ആയങ്കിയെ പിടികൂടിയത് അഡ്വ. ഡെലീറ്റ ടൈറ്റസിന്റെ കണ്ണൂരിലെ ഫ്ലാറ്റിൽ നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അർജുൻ എത്തിയത് കീഴടങ്ങാനാണെന്നും താൻ പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്നും ഡെലീറ്റ പ്രതികരിച്ചു. "ഇന്ന് രാവിലെ കീഴടങ്ങാനായിരുന്നു അർജുൻ ആയങ്കിയുടെ പദ്ധതി. എന്നാൽ അതിന് മുന്നേ പൊലീസെത്തി" എന്നാണ് അഭിഭാഷക പറഞ്ഞത്.

## Article Content

> **കണ്ണൂർ: **ഒളിവിലായിരുന്ന അർജുൻ ആയങ്കിയെ പിടികൂടിയത് അഡ്വ. ഡെലീറ്റ ടൈറ്റസിന്റെ കണ്ണൂരിലെ ഫ്ലാറ്റിൽ നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അർജുൻ എത്തിയത് കീഴടങ്ങാനാണെന്നും താൻ പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്നും ഡെലീറ്റ പ്രതികരിച്ചു. "ഇന്ന് രാവിലെ കീഴടങ്ങാനായിരുന്നു അർജുൻ ആയങ്കിയുടെ പദ്ധതി. എന്നാൽ അതിന് മുന്നേ പൊലീസെത്തി" എന്നാണ് അഭിഭാഷക പറഞ്ഞത്.

തളിപ്പറമ്പിലെ ലോഡ്ജിലാണ് ആയങ്കി ആദ്യം ഒളിവിൽ കഴിഞ്ഞിരുന്നത്. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് വ്യക്തമായതോടെയാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്ന ആയങ്കി, ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ കാറുമായി വിളിച്ചുവരുത്തി. ഈ കാറിലാണ് അദ്ദേഹം കണ്ണൂരിലെ ഫ്ലാറ്റിലെത്തിയത്.

ഓട്ടോ ഡ്രൈവർ പൊലീസിന് വിവരം നൽകിയതിനെ തുടർന്ന് കാറിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഫ്ലാറ്റിലേക്ക് എത്തിച്ചത്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് ആയങ്കി ഫ്ലാറ്റിലെത്തിയത്. രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് എത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴടക്കുകയായിരുന്നു.

> പൊലിസിനെ വെല്ലുവിളിച്ചതല്ലെന്നും പറഞ്ഞത് ന്യായമായ കാര്യങ്ങൾ മാത്രമാണെന്നും അർജുൻ ആയങ്കി പറഞ്ഞു. "കീഴടങ്ങാൻ വന്നതല്ല കണ്ണൂരിൽ" എന്നും അദ്ദേഹം വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തപ്പോൾ "കടലിൽ കാണാതായവരെ കിട്ടിയോ" എന്ന് പരിഹസിക്കുകയും ചെയ്തു.

വൈദ്യപരിശോധനയ്ക്ക് ശേഷം ആയങ്കിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ആഭ്യന്തര മന്ത്രിയെ അപമാനിച്ചെന്ന പരാതിയിലാണ് നിലവിൽ അറസ്റ്റ്. കണ്ണൂരിലെ കേസിലെ നടപടികൾക്ക് ശേഷം ആയങ്കിയെ എറണാകുളത്തേക്ക് മാറ്റാനും സാധ്യതയുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ.

കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ മെയ് മാസത്തിൽ ആയങ്കിയെയും കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്‌പെക്ടർക്കും ഊന്നുകൽ എസ്എച്ച്ഒയ്ക്കും എതിരെ സോഷ്യൽ മീഡിയ വഴി ഭീഷണി സന്ദേശങ്ങൾ അയച്ച കേസും നിലവിലുണ്ട്.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ചതാണ് തിരച്ചിൽ ശക്തമാക്കാൻ കാരണം. കരിപ്പൂർ സ്വർണ്ണക്കടത്ത്, സ്വർണ്ണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ ആയങ്കിക്കെതിരെ കേസുകളുണ്ട്. ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായും അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377559/arjun-ayanki-arrested-deleeta-titus-flat-kannur)