---
title: "തളിപ്പറമ്പിലെ ലോഡ്ജിൽ നിന്ന് പയ്യന്നൂരിലേക്ക്, പിന്നാലെ കാറിൽ ഫ്ലാറ്റിലേക്ക്; അർജുൻ ആയങ്കിയെ പോലീസുകാർ കീഴടക്കിയത് നീക്കങ്ങൾക്കൊടുവിൽ"
english_title: "Arjun Ayanki Arrested In Kannur After Hiding In Thaliparamba Lodge"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377554/arjun-ayanki-arrested-kannur-thaliparamba-lodge-hideout"
published_at: "2026-08-09T07:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77e13a3d703_arjun-ayanki-arrested-kannur-thaliparamba-lodge-hideout.jpg"
keywords: ["Arjun Ayanki", "Kannur Police", "Thaliparamba", "Hideout"]
---

# തളിപ്പറമ്പിലെ ലോഡ്ജിൽ നിന്ന് പയ്യന്നൂരിലേക്ക്, പിന്നാലെ കാറിൽ ഫ്ലാറ്റിലേക്ക്; അർജുൻ ആയങ്കിയെ പോലീസുകാർ കീഴടക്കിയത് നീക്കങ്ങൾക്കൊടുവിൽ

> **Lead Summary:** **കണ്ണൂർ: **ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പോലീസ് സംഘം അറസ്റ്റ് ചെയ്തത് ദ സാഹസിക നീക്കങ്ങൾക്കൊടുവിൽ. കണ്ണൂർ നഗരത്തിലെ വനിതാ അഭിഭാഷകയുടെ അപാർട്ട്‌മെന്റിൽ നിന്നാണ് ഉത്തരമേഖലാ ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ സാഹസികമായി കീഴടക്കിയത്. ആഭ്യന്തരമന്ത്രിയെയും പോലീസ് ഉദ്യോഗസ്ഥരെയും അപമാനിച്ചതിനാണ് പ്രധാനമായും കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

## Article Content

**കണ്ണൂർ: **ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പോലീസ് സംഘം അറസ്റ്റ് ചെയ്തത് ദ സാഹസിക നീക്കങ്ങൾക്കൊടുവിൽ. കണ്ണൂർ നഗരത്തിലെ വനിതാ അഭിഭാഷകയുടെ അപാർട്ട്‌മെന്റിൽ നിന്നാണ് ഉത്തരമേഖലാ ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ സാഹസികമായി കീഴടക്കിയത്. ആഭ്യന്തരമന്ത്രിയെയും പോലീസ് ഉദ്യോഗസ്ഥരെയും അപമാനിച്ചതിനാണ് പ്രധാനമായും കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ആദ്യഘട്ടത്തിൽ അർജുൻ ആയങ്കി തളിപ്പറമ്പിലെ ഒരു ലോഡ്ജിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. പോലീസ് ഇവിടേക്ക് എത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് ആയങ്കി ഓട്ടോറിക്ഷയിൽ പയ്യന്നൂർ ഭാഗത്തേക്ക് രക്ഷപ്പെട്ടു. തുടർന്ന് ഓട്ടോ ഡ്രൈവറുടെ ഫോൺ വാങ്ങി സുഹൃത്തിനെ വിളിച്ചുവരുത്തുകയും, ആ കാറിൽ ഉച്ചയ്ക്ക് മൂന്നരയോടെ കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ എത്തുകയുമായിരുന്നു.

സംശയം തോന്നിയ ഓട്ടോ ഡ്രൈവർ വിവരം ഉടൻ തന്നെ പോലീസിനെ അറിയിച്ചു. തുടർന്ന് കാറിന്റെ വഴിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് പോലീസ് സംഘം അഭിഭാഷകന്റെ ഫ്ലാറ്റിലേക്ക് കുതിച്ചെത്തി. പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആയങ്കിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് ഒളിത്താവളമൊരുക്കാൻ സഹായിച്ചവർക്കായും അന്വേഷണം ആരംഭിച്ചു.

> വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ മാധ്യമങ്ങളോട് പ്രതികരിച്ച അർജുൻ ആയങ്കി. "ഞാൻ പോലീസിനെ വെല്ലുവിളിച്ചിട്ടില്ല, ന്യായമായ കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്. കണ്ണൂരിൽ ഞാൻ കീഴടങ്ങാൻ വന്നതുമല്ല. അതിരിക്കട്ടെ, മുതലപ്പൊഴിയിൽ കടലിൽ കാണാതായവരെ കിട്ടിയോ?" - എന്നായിരുന്നു ആയങ്കിയുടെ പരിഹാസരൂപേണയുള്ള പ്രതികരണം.

കോതമംഗലത്ത് ക്രിമിനൽ പ്രവർത്തനത്തിന് സംഘം ചേർന്നതിനും, തുടർന്ന് റെയ്ഡിന് നേതൃത്വം നൽകിയ ഇൻസ്‌പെക്ടർക്കും ഊന്നുകൽ എസ്.എച്ച്.ഒയ്ക്കുമെതിരെ സോഷ്യൽ മീഡിയ വഴി ഭീഷണി മുഴക്കിയതിനും ആയങ്കിക്കെതിരെ കേസുകളുണ്ട്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പോലീസിനെയും വെല്ലുവിളിച്ച് ഒളിവിലിരുന്ന് വീഡിയോകൾ പോസ്റ്റ് ചെയ്തതാണ് പോലീസിനെ ചൊടിപ്പിച്ചതും തെരച്ചിൽ ശക്തമാക്കിയതും.

കരിപ്പൂർ സ്വർണ്ണക്കടത്ത്, സ്വർണ്ണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം എറണാകുളത്തേക്ക് മാറ്റിയേക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377554/arjun-ayanki-arrested-kannur-thaliparamba-lodge-hideout)