---
title: "അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവർ; 'കീഴടങ്ങാൻ വന്നതല്ല കണ്ണൂരിൽ, കടലിൽ കാണാതായവരെ കിട്ടിയോ?' അറസ്റ്റിന് പിന്നാലെ പ്രതികരിച്ച് ആയങ്കി"
english_title: "Arjun Ayanki Arrested In Kannur After Auto Driver Tip Police Nab Fugitive"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377545/arjun-ayanki-arrested-kannur-auto-driver-tip"
published_at: "2026-08-09T06:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75fe45666ea_arjun-ayanki-donation-instagram-police-search-thrissur-palakkad.jpg"
keywords: ["Arjun Ayanki", "Kannur Arrest", "Auto Driver Tip", "Police", "Gold Smuggling"]
---

# അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവർ; 'കീഴടങ്ങാൻ വന്നതല്ല കണ്ണൂരിൽ, കടലിൽ കാണാതായവരെ കിട്ടിയോ?' അറസ്റ്റിന് പിന്നാലെ പ്രതികരിച്ച് ആയങ്കി

> **Lead Summary:** **കണ്ണൂർ: ** ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ പിടികൂടാൻ നിർണായക വിവരം നൽകിയത് ഒരു ഓട്ടോ ഡ്രൈവറാണെന്ന് സൂചന. ഓട്ടോയിൽ അർജുൻ ആയങ്കി ഒരു വനിതാ അഭിഭാഷകയുടെ വീട്ടിലെത്തിയതിൽ സംശയം തോന്നിയ ഡ്രൈവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സ്ഥിരീകരിച്ച ശേഷമാണ് പൊലീസ് ആയങ്കിയെ പിടികൂടിയത്.

## Article Content

**കണ്ണൂർ: ** ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ പിടികൂടാൻ നിർണായക വിവരം നൽകിയത് ഒരു ഓട്ടോ ഡ്രൈവറാണെന്ന് സൂചന. ഓട്ടോയിൽ അർജുൻ ആയങ്കി ഒരു വനിതാ അഭിഭാഷകയുടെ വീട്ടിലെത്തിയതിൽ സംശയം തോന്നിയ ഡ്രൈവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സ്ഥിരീകരിച്ച ശേഷമാണ് പൊലീസ് ആയങ്കിയെ പിടികൂടിയത്.

> അറസ്റ്റിന് ശേഷം അർജുൻ ആയങ്കി മാധ്യമങ്ങളോട് പ്രതികരിച്ചു. "പൊലീസിനെ വെല്ലുവിളിച്ചതല്ല. പറഞ്ഞത് ന്യായമായ കാര്യങ്ങൾ മാത്രമാണ്" എന്നാണ് ആയങ്കി പറഞ്ഞത്. "കീഴടങ്ങാൻ വന്നതല്ല കണ്ണൂരിൽ. കടലിൽ കാണാതായവരെ കിട്ടിയോ?" എന്ന് പരിഹസിച്ചും ആയങ്കി സംസാരിച്ചു. അതിനിടെ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം ജില്ലാ ആശുപത്രിയിൽ നിന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് തീരുമാനം.

രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം ആയങ്കിയെ കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു.

പൊലീസ് എത്തിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റാനാണ് സാധ്യത. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ.

കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്‌പെക്ടർക്കും ഊന്നുകൽ എസ്.എച്ച്.ഒയ്ക്കും എതിരെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് വഴി ഭീഷണി സന്ദേശങ്ങളും അധിക്ഷേപങ്ങളും അയച്ചതിന് പൊലീസ് കേസെടുത്തിരുന്നു.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചതാണ് തിരച്ചിൽ ശക്തമാക്കാൻ കാരണം. ഒളിവിലിരിക്കെ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വരെ ആയങ്കി വെല്ലുവിളിച്ച് രംഗത്ത് വന്നിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത്, സ്വർണ്ണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം എന്നിവയുൾപ്പെടെ നിരവധി കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ആയങ്കിക്കെതിരെ നിലവിലുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377545/arjun-ayanki-arrested-kannur-auto-driver-tip)