---
title: " കോഴിക്കോട് കൊയിലാണ്ടിയിൽ വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഗര്‍ഭിണി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്"
english_title: "Pregnant Woman Found Unconscious In Koyilandy Rental House Dies, Police Probe Underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377539/koyilandy-arikulam-pregnant-woman-death-shameema-police-case"
published_at: "2026-08-08T22:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77618129b00_koyilandy-arikulam-pregnant-woman-death-shameema-police-case.jpg"
keywords: ["Kozhikode Pregnant Women Death", "Pregnant Women Death", "Kozhikode News", "Women Death"]
---

#  കോഴിക്കോട് കൊയിലാണ്ടിയിൽ വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട ഗര്‍ഭിണി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിലെ അരിക്കുളത്തെ വാടകവീട്ടിൽ അബോധാവസ്ഥയിൽ കാണപ്പെട്ട ഗർഭിണി ചികിത്സയിലിരിക്കെ മരിച്ചു. പയ്യോളി താര സ്വദേശി വിരുന്നുകണ്ടി ഷമീമ ആണ് മരിച്ചത്.

## Article Content

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിലെ അരിക്കുളത്തെ വാടകവീട്ടിൽ അബോധാവസ്ഥയിൽ കാണപ്പെട്ട ഗർഭിണി ചികിത്സയിലിരിക്കെ മരിച്ചു. പയ്യോളി താര സ്വദേശി വിരുന്നുകണ്ടി ഷമീമ ആണ് മരിച്ചത്.

ആറ് മാസം ഗർഭിണിയായിരിക്കെയാണ് ഷമീമയെ അരിക്കുളത്തെ വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഒന്നരമാസം മുമ്പായിരുന്നു സംഭവം. ഭർത്താവിനൊപ്പമായിരുന്നു ഷമീമയുടെ താമസം.

ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് ആശങ്കയായ ഉമ്മ വാടക വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഷമീമയെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷമീമ ഒന്നരമാസമായി വെന്റിലേറ്ററിൽ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.

മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവസ്ഥലത്തെ സാഹചര്യങ്ങളും ഭർത്താവിന്റെയും മറ്റുള്ളവരുടെയും മൊഴികളും പോലീസ് രേഖപ്പെടുത്തുന്നുണ്ട്. നാളെ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ നടപടികൾ.

പരേതയായ ഷമീമ പരേതനായ സമീറിന്റെയും അസ്മയുടെയും മകളാണ്. മകൻ - മിന്നൂസ്.  സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377539/koyilandy-arikulam-pregnant-woman-death-shameema-police-case)