---
title: "മാട്രിമോണി സൈറ്റുകൾ വഴി വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്; സ്ത്രീകളെ വഞ്ചിച്ച് പണം തട്ടിയ പാലക്കാട് സ്വദേശി അറസ്റ്റിൽ"
english_title: "Man Arrested In Pathanamthitta For Matrimonial Site Fraud Using Fake Profiles"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377538/pathanamthitta-matrimonial-fraud-ansar-arrested-cyber-crime"
published_at: "2026-08-08T22:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a775fea1b359_pathanamthitta-matrimonial-fraud-ansar-arrested-cyber-crime.jpg"
keywords: ["Matrimonial Fraud", "Cyber Crime", "Kerala Police", "Pathanamthitta news"]
---

# മാട്രിമോണി സൈറ്റുകൾ വഴി വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്; സ്ത്രീകളെ വഞ്ചിച്ച് പണം തട്ടിയ പാലക്കാട് സ്വദേശി അറസ്റ്റിൽ

> **Lead Summary:** പത്തനംതിട്ട: മാട്രിമോണി സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്ത്രീകളെ വഞ്ചിച്ച് പണം തട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം വീരമംഗലം സ്വദേശി കൂരിക്കാട്ടിൽ വീട്ടിൽ അൻസാർ നെയാണ് പത്തനംതിട്ട സൈബർ ക്രൈം പോലീസ് പിടികൂടിയത്.

## Article Content

പത്തനംതിട്ട: മാട്രിമോണി സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്ത്രീകളെ വഞ്ചിച്ച് പണം തട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം വീരമംഗലം സ്വദേശി കൂരിക്കാട്ടിൽ വീട്ടിൽ അൻസാർ നെയാണ് പത്തനംതിട്ട സൈബർ ക്രൈം പോലീസ് പിടികൂടിയത്.

പത്തനംതിട്ട സ്വദേശിയായ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ. ഐപിഎസിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.

സാമൂഹ്യ മാധ്യമങ്ങളിലെ സുമുഖരായ ചെറുപ്പക്കാരുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് അതുപയോഗിച്ച് വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയായിരുന്നു അൻസാറിന്റെ രീതി. ആ പ്രൊഫൈലുകൾ ഉപയോഗിച്ച് മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകും.

വിവാഹാലോചനയുമായി ബന്ധപ്പെടുന്ന സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് വിശ്വാസം നേടിയ ശേഷം വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു പ്രതി.

പ്രതിയുടെ മൊബൈൽ നമ്പറുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ബാങ്ക് ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് സൈബർ പോലീസ് അന്വേഷണം നടത്തിയത്. പത്തനംതിട്ട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

സാങ്കേതിക തെളിവുകളും ഡിജിറ്റൽ ഫോറൻസിക് പരിശോധനയും അന്വേഷണത്തിന് നിർണായകമായി. അൻസാറിനെതിരെ മലപ്പുറം, മഞ്ചേരി പൊലീസ് സ്റ്റേഷനുകളിലും സമാന കുറ്റകൃത്യങ്ങൾക്ക് കേസുകൾ നിലവിലുണ്ട്.

മുൻപും ഇതേ മോഡസ് ഓപ്പറണ്ടി ഉപയോഗിച്ച് നിരവധി പേരെ വഞ്ചിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായ പ്രതിയെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ ഫോണുകളും ലാപ്ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മാട്രിമോണി സൈറ്റുകൾ ഉപയോഗിക്കുന്നവർ വ്യാജ പ്രൊഫൈലുകളോട് ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. പ്രൊഫൈലിലെ ചിത്രങ്ങൾ ഗൂഗിൾ ഇമേജ് സെർച്ച് വഴി പരിശോധിക്കുക, വ്യക്തിപരമായ വിവരങ്ങളും പണവും വേഗത്തിൽ കൈമാറാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സൈബർ ക്രൈം പോലീസ് നിർദേശിച്ചു.

സംശയാസ്പദമായ പ്രൊഫൈലുകൾ കണ്ടാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ് ലൈനിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ പരാതി നൽകണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377538/pathanamthitta-matrimonial-fraud-ansar-arrested-cyber-crime)