---
title: "'സ്കൂൾ അദ്ദേഹത്തിന് ശൗചാലയമാണ്'...! മദ്യപിച്ചെത്തി ക്ലാസിൽ മലമൂത്രവിസർജനം, കുട്ടികളെ കൊണ്ട് വൃത്തിയാക്കിച്ചു; സ്കൂൾ അധ്യാപകനെതിരെ പരാതി"
english_title: "Bihar Teacher Accused Of Defecating In Classroom, Forcing Students To Clean"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377525/bihar-patna-teacher-drunk-defecate-classroom-students-clean"
published_at: "2026-08-08T21:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a774f6ac6ba3_bihar-patna-teacher-drunk-defecate-classroom-students-clean.jpg"
keywords: ["Drunk Teacher", "School Teacher", "Student Complaint", "Bihar News"]
---

# 'സ്കൂൾ അദ്ദേഹത്തിന് ശൗചാലയമാണ്'...! മദ്യപിച്ചെത്തി ക്ലാസിൽ മലമൂത്രവിസർജനം, കുട്ടികളെ കൊണ്ട് വൃത്തിയാക്കിച്ചു; സ്കൂൾ അധ്യാപകനെതിരെ പരാതി

> **Lead Summary:** പട്ന: മദ്യപിച്ചെത്തി ക്ലാസ് മുറിയിൽ മലമൂത്രവിസർജനം നടത്തുകയും അത് കുട്ടികളെ കൊണ്ട് വൃത്തിയാക്കിക്കുകയും ചെയ്തു എന്ന ഗുരുതര ആരോപണവുമായി ബിഹാറിലെ ഒരു പ്രൈമറി സ്കൂൾ അധ്യാപകനെതിരെ രംഗത്ത്.

## Article Content

പട്ന: മദ്യപിച്ചെത്തി ക്ലാസ് മുറിയിൽ മലമൂത്രവിസർജനം നടത്തുകയും അത് കുട്ടികളെ കൊണ്ട് വൃത്തിയാക്കിക്കുകയും ചെയ്തു എന്ന ഗുരുതര ആരോപണവുമായി ബിഹാറിലെ ഒരു പ്രൈമറി സ്കൂൾ അധ്യാപകനെതിരെ രംഗത്ത്.

സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. ദിവസവും മദ്യപിച്ചാണ് അധ്യാപകൻ സ്കൂളിലെത്തുന്നതെന്നും സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും മലമൂത്രവിസർജനം നടത്തുന്നതായും അവർ ആരോപിച്ചു.

> വിദ്യാർഥികൾ തന്നെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്. "സാർ ദിവസവും മദ്യപിച്ചു വരും. കാര്യം സാധിച്ചിട്ട് ഞങ്ങളോട് വൃത്തിയാക്കാൻ പറയും. ക്ലാസ് മുറിയിലും സ്കൂളിലും പലതും ചവച്ചു തുപ്പും.

> അതെല്ലാം ഞങ്ങൾ കഴുകണം" എന്ന് കുട്ടികൾ പറഞ്ഞു. അധ്യാപകൻ തന്നെയാണ് തങ്ങളോട് വൃത്തിയാക്കാൻ പറയുന്നതെന്നും വിദ്യാർഥികൾ ആരോപിച്ചു.

> അധ്യാപകൻ എന്നും സ്കൂളിൽ ഉച്ചയോടെയാണ് എത്തുന്നത് എന്ന് നാട്ടുകാരും പറയുന്നു. വിദ്യാർഥികളെ പഠിപ്പിക്കാതെ അലസമായി നടക്കുകയാണ് പതിവെന്നും ആരോപണമുണ്ട്." കൃത്യമായ സമയമില്ലാതെ വരും. സ്കൂൾ അദ്ദേഹത്തിന് ശൗചാലയമാണ്.

> തോന്നുന്നിടത്ത് പലതും ചെയ്തുവെയ്ക്കും. ഇതെല്ലാം കഴുകാനും വൃത്തിയാക്കാനും കുട്ടികളാണ് നിർബന്ധിതരാകുന്നത്" എന്ന് മാതാപിതാക്കൾ വെളിപ്പെടുത്തി. സ്കൂൾ ചുവരുകളിൽ പോലും തുപ്പി വെയ്ക്കുന്നതായി മാതാപിതാക്കൾ കുറ്റപ്പെടുത്തി.

സ്കൂളിലെ ഉച്ചഭക്ഷണവും താളംതെറ്റിയ അവസ്ഥയിലാണ് എന്നും മാതാപിതാക്കൾ ആരോപിച്ചു. കുട്ടികൾക്ക് കൃത്യമായി ഭക്ഷണം ലഭിക്കുന്നില്ലെന്നും ഗുണനിലവാരം മോശമാണെന്നും പരാതിയുണ്ട്.

വിദ്യാലയത്തിന്റെ വിശുദ്ധി കളങ്കപ്പെടുത്തുന്നതും വിദ്യാർഥികളുടെ മനസ്സിൽ ആഘാതം ഉണ്ടാക്കുന്നതുമാണ് അധ്യാപകന്റെ പ്രവൃത്തിയെന്ന് മാതാപിതാക്കൾ പറഞ്ഞു. ദിവസവും മദ്യപിച്ച് എത്തുന്ന അധ്യാപകൻ പഠന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നില്ലെന്നും കുട്ടികളെ ശരിയായി നോക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തണമെന്നും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. കുട്ടികളുടെ മാനസികാരോഗ്യത്തെയും പഠനത്തെയും ഇത് ഗുരുതരമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

സംഭവം ബിഹാറിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. സ്കൂളിലെ സുരക്ഷയും അധ്യാപകരുടെ ഉത്തരവാദിത്തവും സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377525/bihar-patna-teacher-drunk-defecate-classroom-students-clean)