---
title: "'അര്‍ജുന്‍ ആയങ്കിക്ക് സിപിഐഎമ്മുമായി ഒരു ബന്ധവുമില്ല, അത് മുന്നേ പറഞ്ഞതാണ്' - എം വി ഗോവിന്ദന്‍"
english_title: "MV Govindan Says No Link With Arjun Ayanki, Slams UDF Government Over Vande Mataram Order"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377523/mv-govindan-arjun-ayanki-vande-mataram-udf-bjp-cpm"
published_at: "2026-08-08T20:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a77463611132_mv-govindan-arjun-ayanki-vande-mataram-udf-bjp-cpm.jpg"
keywords: ["MV Govindan", "CPM", "Arjun Ayanki", "Vande Mataram"]
---

# 'അര്‍ജുന്‍ ആയങ്കിക്ക് സിപിഐഎമ്മുമായി ഒരു ബന്ധവുമില്ല, അത് മുന്നേ പറഞ്ഞതാണ്' - എം വി ഗോവിന്ദന്‍

> **Lead Summary:** കണ്ണൂര്‍: ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്ക് സിപിഐഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 'ഞങ്ങള്‍ക്കെന്ത് ബന്ധമാണ് ആയങ്കിയുമായി? ഞങ്ങളുമായി യാതൊരു ബന്ധവുമില്ല.

## Article Content

കണ്ണൂര്‍: ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്ക് സിപിഐഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 'ഞങ്ങള്‍ക്കെന്ത് ബന്ധമാണ് ആയങ്കിയുമായി? ഞങ്ങളുമായി യാതൊരു ബന്ധവുമില്ല.

അത് മുന്നേ പറഞ്ഞതാണ്', കണ്ണൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് എന്ത് വീഴ്ചയാണ് ഉണ്ടായതെന്ന് മാധ്യമങ്ങള്‍ വൈകാതെ മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി രേഖകളില്‍ ഉള്ളതിനപ്പുറം ജില്ലാ സെക്രട്ടറി പയ്യന്നൂരില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിക്കാൻ ഉത്തരവിറക്കിയ വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ബിജെപിക്ക് വേണ്ടിയാണ് ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'കോൺഗ്രസും പശുവും ചേർന്നാൽ ബിജെപി ആയി' എന്ന മുൻ ബിജെപി നേതാവ് അരുൺ ഷൂരിയുടെ പ്രയോഗം ഓർമിപ്പിച്ച അദ്ദേഹം, നരേന്ദ്ര മോദി സർക്കാരിന്റെയും വി.ഡി സതീശൻ സർക്കാരിന്റെയും നയങ്ങൾ ഒന്നുതന്നെയാണെന്നും കുറ്റപ്പെടുത്തി. മതനിരപേക്ഷത തകർക്കുന്ന മൃദു ഹിന്ദുത്വ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

വന്ദേമാതരത്തിന്റെ ആദ്യ ഭാഗങ്ങൾ ഭാരതത്തെ സംബന്ധിച്ചുള്ള ദേശഭക്തി ഉൾക്കൊള്ളുന്നതാണെങ്കിലും പിന്നീടുള്ള ഭാഗങ്ങൾ ഹിന്ദുത്വ നിലപാട് ഉയർത്തിപ്പിടിക്കുന്നതും ആർഎസ്എസ് അജണ്ടയുടെ ഭാഗവുമാണെന്ന് എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. മതനിരപേക്ഷ ഉള്ളടക്കത്തിന് യോജിക്കാത്തതിനാലാണ് സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഗാന്ധിജിയും ജവഹർലാൽ നെഹ്റുവും ഉൾപ്പെടെയുള്ളവർ ഇതിലെ ബാക്കി ഭാഗങ്ങൾ പാടേണ്ടതില്ല എന്ന് തീരുമാനിച്ചത്.

എന്നാൽ, ചരിത്രം മറന്നുകൊണ്ട് ഇപ്പോൾ സംസ്ഥാനത്ത് വന്ദേമാതരം മുഴുവനായും ആലപിക്കാനാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഈ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മുസ്‌ലിം ലീഗ് മന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പിന് കീഴിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഇത് നടപ്പിലാക്കാൻ സർക്കുലർ നൽകിക്കഴിഞ്ഞതായും അദ്ദേഹം വിമർശിച്ചു.

വി.ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ പാടിയതിനെക്കുറിച്ച് അന്ന് ചോദിച്ചപ്പോൾ, തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികൾക്കായി തയ്യാറാക്കിയ ക്വിസ് മത്സരത്തിലും കൃത്യമായ ആർഎസ്എസ് അജണ്ടയാണ് നടപ്പിലാക്കുന്നതെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടന്ന നേതാവ് ആരാണ് എന്ന ചോദ്യത്തിന് 'വി.ഡി സവർക്കർ' എന്നാണ് സർക്കാരിന്റെ ചോദ്യാവലിയിലുള്ള ഉത്തരം.

ഇത് കേവലം അബദ്ധമല്ലെന്നും ബോധപൂർവ്വമുള്ള അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. ആൻഡമാനിൽ ജയിലിൽ കിടക്കുമ്പോൾ ആറ് തവണ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകി ദേശീയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത വ്യക്തിയാണ് സവർക്കർ. ബ്രിട്ടീഷുകാർക്കെതിരെ ഒരു ശബ്ദവും പുറപ്പെടുവിക്കില്ലെന്ന് രേഖാമൂലം എഴുതിനൽകിയ സവർക്കറെ മഹത്വവൽക്കരിക്കുന്നത് ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കേന്ദ്ര ഗവൺമെന്റും കേരളത്തിലെ യുഡിഎഫ് ഗവൺമെന്റും ഒരേ സാമ്പത്തിക നയമാണ് പിന്തുടരുന്നത്. കോർപ്പറേറ്റുകളെ സഹായിക്കുന്ന സാമ്പത്തിക നിലപാടാണ് ഇരു സർക്കാരുകൾക്കും ഉള്ളത്. നിലവിൽ ബിജെപി ഭരണം കേരളത്തിൽ ഇല്ലെങ്കിലും അവർക്ക് വേണ്ടി ഭരിക്കുന്ന സർക്കാരായി വി.ഡി സതീശൻ സർക്കാർ മാറിയെന്നും എം.വി ഗോവിന്ദൻ വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377523/mv-govindan-arjun-ayanki-vande-mataram-udf-bjp-cpm)