---
title: "ഡേറ്റിംഗ് ആപ്പ് വഴി പ്രണയം; യുവാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണി, കോടികൾ തട്ടിയെടുത്ത് യുവതി"
english_title: "Woman Dupes Men Using Tinder, Extorts Rs 6 Crore With Private Videos in Prayagraj"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377520/prayagraj-tinder-extortion-pallavi-singh-rajput-6-crore"
published_at: "2026-08-08T20:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a773fb03cd53_prayagraj-tinder-extortion-pallavi-singh-rajput-6-crore.jpg"
keywords: ["Dating App Fraud", "Extortion Money", "Tinder", "UP News"]
---

# ഡേറ്റിംഗ് ആപ്പ് വഴി പ്രണയം; യുവാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണി, കോടികൾ തട്ടിയെടുത്ത് യുവതി

> **Lead Summary:** പ്രയാഗ്‌രാജ്: ഡേറ്റിംഗ് ആപ്പായ ടിൻഡർ വഴി പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് കോടികൾ തട്ടിയതായി പരാതി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. പല്ലവി സിംഗ് രജ്പുത് എന്ന യുവതിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം.

## Article Content

പ്രയാഗ്‌രാജ്: ഡേറ്റിംഗ് ആപ്പായ ടിൻഡർ വഴി പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് കോടികൾ തട്ടിയതായി പരാതി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. പല്ലവി സിംഗ് രജ്പുത് എന്ന യുവതിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം.

ഹൈക്കോടതി അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം പുറത്തുവന്നത്. ടിൻഡർ അടക്കമുള്ള ഡേറ്റിംഗ് ആപ്പുകളും സോഷ്യൽ മീഡിയയും വഴി യുവതി പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കും.

സൗഹൃദം വളരുമ്പോൾ ഇവർ തമ്മിലുള്ള കൂടിക്കാഴ്ചകളിൽ രഹസ്യമായി ഫോട്ടോകളും വീഡിയോകളും പകർത്തും. പിന്നീട് ഈ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തുകയും വൻ തുക ആവശ്യപ്പെടുകയും ചെയ്യും.

ഇതുവരെ പറ്റിക്കപ്പെട്ട യുവാക്കളിൽ നിന്ന് ആറ് കോടിയിലധികം രൂപ പല്ലവി തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്. പണം നൽകാൻ വിസമ്മതിക്കുന്നവരെ ക്രിമിനൽ കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനകം അഞ്ച് പേരെ ഈ രീതിയിൽ വ്യാജ പരാതി നൽകി ജയിലടച്ചതായും ആരോപണമുണ്ട്.

'സ്വീറ്റി തിവാരി' എന്ന പേരിലും യുവതി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പല്ലവിക്ക് പുറമേ മറ്റ് രണ്ട് സ്ത്രീകളും പുരുഷന്മാരും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കട്ടിലിൽ നിരത്തിവച്ച പണക്കെട്ടുകളുടെയും, യുവതി ആയുധം പിടിച്ചുനിൽക്കുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഡേറ്റിംഗ് ആപ്പുകൾ വഴിയുള്ള സൗഹൃദങ്ങൾക്ക് പിന്നിൽ ഇത്തരം തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377520/prayagraj-tinder-extortion-pallavi-singh-rajput-6-crore)