---
title: "ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് പോകുന്നതിനിടെ അപകടം; കായംകുളത്ത് വെള്ളക്കെട്ടിൽ വീണ് റിട്ട. അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം "
english_title: "Retired Anganwadi Teacher Dies After Falling Into Waterlogged Area in Kayamkulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377519/kayamkulam-waterlogging-omanayamma-death-angawadi-teacher"
published_at: "2026-08-08T20:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a773dfb25969_kayamkulam-waterlogging-omanayamma-death-angawadi-teacher.jpg"
keywords: ["Kerala Rain", "Anganwadi Teacher Death", "Women Death", "Alappuzha News"]
---

# ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് പോകുന്നതിനിടെ അപകടം; കായംകുളത്ത് വെള്ളക്കെട്ടിൽ വീണ് റിട്ട. അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം 

> **Lead Summary:** കായംകുളം: പ്രദേശത്ത് ഉണ്ടായ കടുത്ത വെള്ളക്കെട്ടിൽ വീണ് റിട്ട. അങ്കണവാടി ടീച്ചർ മരിച്ചു. പത്തിയൂർ പഞ്ചായത്ത് ആറാം വാർഡ് തോണ്ടുകുന്നേൽ വീട്ടിൽ ഓമനയമ്മ ആണ് മരിച്ചത്. എരുവ ക്ഷേത്രത്തിന് സമീപത്തെ തോട്ടിൽനിന്ന് കായംകുളം അഗ്നിശമന സേനയുടെ സഹായത്തോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

## Article Content

കായംകുളം: പ്രദേശത്ത് ഉണ്ടായ കടുത്ത വെള്ളക്കെട്ടിൽ വീണ് റിട്ട. അങ്കണവാടി ടീച്ചർ മരിച്ചു. പത്തിയൂർ പഞ്ചായത്ത് ആറാം വാർഡ് തോണ്ടുകുന്നേൽ വീട്ടിൽ ഓമനയമ്മ ആണ് മരിച്ചത്. എരുവ ക്ഷേത്രത്തിന് സമീപത്തെ തോട്ടിൽനിന്ന് കായംകുളം അഗ്നിശമന സേനയുടെ സഹായത്തോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

പ്രദേശത്ത് പൂർണമായും വെള്ളം കയറിയതിനാൽ ഓമനയമ്മ ചൊവ്വാഴ്ച രാവിലെ പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയിരുന്നു. എന്നാൽ ആഹാരം കഴിച്ചതിന് ശേഷം ക്യാമ്പിൽ നിന്ന് പോകുകയായിരുന്നു.

അതിന് ശേഷം ഇവരെ കാണാതായി. കഴിഞ്ഞ രണ്ട് ദിവസമായി കാണാത്തതിനെ തുടർന്ന് കുടുംബം കരീലകുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എരുവ ക്ഷേത്രത്തിന് കിഴക്കുവശത്തുള്ള തോട്ടിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.

പത്തിയൂർ പഞ്ചായത്തിലെ ചെറിയ പത്തിയൂർ അങ്കണവാടിയിൽ നിന്നാണ് ഓമനയമ്മ വിരമിച്ചത്. പരേതനായ ജനാർദ്ദനനാണ് ഭർത്താവ്. സഹോദരന്റെ മകൻ രാജേഷിനൊപ്പമാണ് ഓമനയമ്മ താമസിച്ചിരുന്നത്. കരീലകുളങ്ങര പൊലീസ് മേൽനടപടികൾ പൂർത്തിയാക്കി.

ഞായറാഴ്ച വൈകിട്ട് മൂന്നിന് സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377519/kayamkulam-waterlogging-omanayamma-death-angawadi-teacher)