---
title: "കനത്ത മഴ; കുത്തിയൊഴുകുന്ന ഓട മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ 18-കാരനെ ഒഴുക്കിൽപ്പെട്ട്  കാണാതായി, തെരച്ചിൽ തുടരുന്നു "
english_title: "18-Year-Old Missing After Falling Into Drain In Delhi Heavy Rains"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377506/delhi-heavy-rain-sarita-vihar-youth-missing-drain"
published_at: "2026-08-08T18:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a772776528e3_delhi-heavy-rain-sarita-vihar-youth-missing-drain.jpg"
keywords: ["Delhi Rains", "Drain Accident", "Youth Missing", "NDRF", "Delhi Weather"]
---

# കനത്ത മഴ; കുത്തിയൊഴുകുന്ന ഓട മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ 18-കാരനെ ഒഴുക്കിൽപ്പെട്ട്  കാണാതായി, തെരച്ചിൽ തുടരുന്നു 

> **Lead Summary:** ന്യൂഡൽഹി: കനത്ത മഴയിൽ നിലതെറ്റി ഓവുചാലിൽ വീണ 18കാരനെ കാണാതായി. തെക്കുകിഴക്കൻ ഡൽഹിയിലെ സരിത വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രിയങ്ക ക്യാമ്പിനടുത്ത് വെള്ളിയാഴ്ചയാണ് സംഭവം.

## Article Content

ന്യൂഡൽഹി: കനത്ത മഴയിൽ നിലതെറ്റി ഓവുചാലിൽ വീണ 18കാരനെ കാണാതായി. തെക്കുകിഴക്കൻ ഡൽഹിയിലെ സരിത വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രിയങ്ക ക്യാമ്പിനടുത്ത് വെള്ളിയാഴ്ചയാണ് സംഭവം.

ഭീം കോളനി നിവാസിയായ അങ്കിത് എന്ന യുവാവിനെയാണ് വെള്ളപ്പാച്ചിലിൽ കാണാതായത്. കനത്ത മഴയിൽ സുഹൃത്ത് മനീഷിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അങ്കിത്. കുത്തിയൊഴുകുന്ന ഓട മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അങ്കിത് കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്ന് മനീഷ് പൊലീസിന് മൊഴി നൽകി.

നിമിഷങ്ങൾക്കുള്ളിൽ യുവാവ് ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസും ദുരന്തനിവാരണ സേനയും ഉടൻ തെരച്ചിൽ ആരംഭിച്ചു. എന്നാൽ രണ്ടാം ദിവസവും അങ്കിതിനെ കണ്ടെത്താനായില്ല.കുടുംബത്തിലെ ഏറ്റവും മുതിർന്ന കുട്ടിയാണ് അങ്കിത്. മകനെ കാണാതായതോടെ കുടുംബം കടുത്ത ആശങ്കയിലാണ്.

സരിത വിഹാർ മേഖലയിൽ കനത്ത വെള്ളക്കെട്ടും ശക്തമായ ഒഴുക്കും തുടരുകയാണ്. എൻസിആർ മേഖലയിൽ പരക്കെ കനത്ത മഴ രേഖപ്പെടുത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായിട്ടുണ്ട്.

ഈ സാഹചര്യത്തിൽ പരക്കെ ആശങ്ക നിലനിൽക്കുന്നു.കനത്ത മഴയിൽ ഓവുചാലുകൾക്കും കനാൽ ഭാഗങ്ങൾക്കും സമീപം പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കാണാതായ യുവാവിനായി ദേശീയ ദുരന്ത പ്രതികരണ സേനയും പ്രാദേശിക രക്ഷാപ്രവർത്തകരും സംയുക്തമായി തെരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377506/delhi-heavy-rain-sarita-vihar-youth-missing-drain)