---
title: "ആഡംബര കാറിടിച്ച് 70-കാരിക്ക് ദാരുണാന്ത്യം, കാറിൽ മദ്യക്കുപ്പി; എസ്.ഐ.യുടെ മകൻ അറസ്റ്റിൽ"
english_title: "70-Year-Old Woman Killed in Delhi Mercedes Crash, Haryana SI's Son Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377505/delhi-mercedes-accident-narela-woman-killed-shubham-arrested"
published_at: "2026-08-08T18:05:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7722efe7e27_delhi-mercedes-accident-narela-woman-killed-shubham-arrested.jpg"
keywords: ["Delhi Accident", "Road Safety", "Drunk Driving", "Women Death"]
---

# ആഡംബര കാറിടിച്ച് 70-കാരിക്ക് ദാരുണാന്ത്യം, കാറിൽ മദ്യക്കുപ്പി; എസ്.ഐ.യുടെ മകൻ അറസ്റ്റിൽ

> **Lead Summary:** ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ നരേലയിൽ അതിവേഗത്തിൽ എത്തിയ ആഡംബര കാറിടിച്ച് 70കാരിക്ക് ദാരുണാന്ത്യം. ഹരിയാണയിലെ സബ് ഇൻസ്പെക്ടറുടെ മകൻ ശുഭം ഓടിച്ച മെഴ്സിഡസ് കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ നരേലയിൽ അതിവേഗത്തിൽ എത്തിയ ആഡംബര കാറിടിച്ച് 70കാരിക്ക് ദാരുണാന്ത്യം. ഹരിയാണയിലെ സബ് ഇൻസ്പെക്ടറുടെ മകൻ ശുഭം ഓടിച്ച മെഴ്സിഡസ് കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. മാമൂർപുർ സ്വദേശി ഊർമ്മിള (70) പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു. ഈ സമയം അതിവേഗത്തിലെത്തിയ മെഴ്സിഡസ് കാർ എതിർദിശയിൽ വന്ന വാഗൺആർ കാറിൽ ഇടിച്ചു.

ഇടിയുടെ ആഘാതത്തിൽ വാഗൺആർ നിയന്ത്രണം വിട്ട് ചരക്കു വാഹനത്തിലേക്ക് ഇടിച്ചു കയറി. അപകടസമയത്ത് സമീപത്തുകൂടി നടന്നുപോകുകയായിരുന്ന ഊർമ്മിള രണ്ട് വാഹനങ്ങളുടെയും ഇടയിൽ പെട്ടു.

ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വാഗൺആർ ഡ്രൈവർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

അപകടസമയത്ത് കാറോടിച്ചിരുന്ന ശുഭം മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ ആരോപിക്കുന്നു. മെഴ്സിഡസ് കാറിനുള്ളിൽ നിന്ന് ബിയർ കുപ്പികൾ കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. അപകടത്തിന് തൊട്ടുപിന്നാലെ കാറിലിരിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

സുഹൃത്തിന്റെ കൈയിൽ നിന്ന് ഒരു ദിവസത്തേക്ക് വാങ്ങിയാണ് ശുഭം കാർ ഓടിച്ചതെന്ന് പോലീസ് കണ്ടെത്തി. യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. മദ്യപിച്ചിരുന്നോ ഇല്ലയോ എന്നത് മെഡിക്കൽ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് ഡൽഹി പോലീസ് അറിയിച്ചു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377505/delhi-mercedes-accident-narela-woman-killed-shubham-arrested)