---
title: "പെൻഷനിൽ പേടി വേണ്ട...! ഓണത്തിന് നിലവിലെ രീതി തുടരും, ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ട് വഴിയാക്കാൻ തിടുക്കമില്ലെന്ന് സർക്കാർ "
english_title: "Kerala Government Delays Direct Bank Transfer of Welfare Pension"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377501/kerala-government-delays-direct-bank-transfer-of-welfare-pension"
published_at: "2026-08-08T17:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a771adc95850_kerala-government-delays-direct-bank-transfer-of-welfare-pension.jpg"
keywords: ["Kerala Welfare Pension", "Bank Transfer", "Kerala Government", "Social Security Pension"]
---

# പെൻഷനിൽ പേടി വേണ്ട...! ഓണത്തിന് നിലവിലെ രീതി തുടരും, ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ട് വഴിയാക്കാൻ തിടുക്കമില്ലെന്ന് സർക്കാർ 

> **Lead Summary:** തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം പൂർണമായും ബാങ്ക് അക്കൗണ്ട് വഴിയാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം തിടുക്കത്തിൽ നടപ്പാക്കില്ല. കിടപ്പ് രോഗികൾ ഒഴികെയുള്ള ഗുണഭോക്താക്കൾക്ക് പുതിയ സംവിധാനം ഏർപ്പെടുത്തുന്നതിന് മുൻപായി എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പാക്കാനാണ് സർക്കാർ തീരുമാനം.

## Article Content

തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം പൂർണമായും ബാങ്ക് അക്കൗണ്ട് വഴിയാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം തിടുക്കത്തിൽ നടപ്പാക്കില്ല. കിടപ്പ് രോഗികൾ ഒഴികെയുള്ള ഗുണഭോക്താക്കൾക്ക് പുതിയ സംവിധാനം ഏർപ്പെടുത്തുന്നതിന് മുൻപായി എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പാക്കാനാണ് സർക്കാർ തീരുമാനം.

ഇതിനായി മതിയായ സമയം അനുവദിക്കും. വരാനിരിക്കുന്ന ഓണക്കാലത്തുൾപ്പെടെ പെൻഷൻ വിതരണം നിലവിലെ രീതിയിൽ തന്നെ തുടരും എന്ന് സർക്കാർ വ്യക്തമാക്കി. ക്ഷേമപെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്താക്കൾക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരികയുള്ളൂ.

ഇതിനായി വേഗത്തിൽ ബാങ്ക് അക്കൗണ്ടുകൾ എടുപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഈ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് വിതരണം നേരിട്ട് ബാങ്ക് വഴിയാക്കാനാണ് ലക്ഷ്യം.

കിടപ്പ് രോഗികളെ മുൻ തീരുമാനം പോലെ ഈ പരിഷ്കാരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവർക്ക് നിലവിലുള്ളതുപോലെ വീട്ടിലെത്തി തന്നെ പെൻഷൻ ലഭിക്കും.

പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഗുണഭോക്താക്കൾക്ക് യാതൊരുവിധ ആശങ്കയും വേണ്ട എന്ന് സർക്കാർ അറിയിച്ചു. ക്ഷേമപെൻഷൻ വിതരണം അവസാനിപ്പിക്കുന്നതിനായുള്ള സർക്കാരിന്റെ രഹസ്യ നീക്കമാണ് നടക്കുന്നതെന്ന പ്രതിപക്ഷ ആരോപണത്തെ സർക്കാർ പൂർണമായും തള്ളി.

അർഹരായ എല്ലാവർക്കും തടസങ്ങളില്ലാതെ പെൻഷൻ ലഭ്യമാക്കാനാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നതെന്നും സർക്കാർ വ്യക്തമാക്കി.

നിലവിൽ സഹകരണ സൊസൈറ്റികളിലെ ഏജൻ്റുമാർ മുഖേനയാണ് പലർക്കും ക്ഷേമപെൻഷൻ തുക വീട്ടിലെത്തിച്ചു നൽകുന്നത്. എന്നാൽ, ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാത്ത പെൻഷൻ തുക സർക്കാരിലേക്ക് യഥാസമയം തിരിച്ചടക്കുന്നതിൽ ചിലയിടങ്ങളിൽ വീഴ്ചകൾ കണ്ടെത്തിയിരുന്നു.

ഇത്തരം സാമ്പത്തിക ക്രമക്കേടുകൾ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പെൻഷൻ വിതരണം നേരിട്ട് ബാങ്ക് അക്കൗണ്ട് വഴിയാക്കാൻ സർക്കാർ തീരുമാനിച്ചത്. ബാങ്ക് വഴിയുള്ള വിതരണം ആരംഭിക്കുന്നതോടെ ഇടനിലക്കാരെ ഒഴിവാക്കാനും പണം കൃത്യസമയത്ത് ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിക്കാനും സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377501/kerala-government-delays-direct-bank-transfer-of-welfare-pension)