---
title: "രാജേഷിന്റെ ഭൗതിക ശരീരം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവം; പയ്യന്നൂർ തഹസിൽദാറിനെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം"
english_title: "Revenue Minister Orders Suspension of Payyanur Tahsildar Over Rajesh Body Transport Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377493/payyanur-tahsildar-suspended-rajesh-body-freezer-ambulance-controversy"
published_at: "2026-08-08T16:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a771392a941d_payyanur-tahsildar-suspended-rajesh-body-freezer-ambulance-controversy.jpg"
keywords: ["Rescuer Rajesh Death", "Payyanur Tahsildar", "AP Anilkumar", "Body Transport"]
---

# രാജേഷിന്റെ ഭൗതിക ശരീരം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവം; പയ്യന്നൂർ തഹസിൽദാറിനെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം

> **Lead Summary:** തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാതെ കൊണ്ടുപോയ സംഭവത്തിൽ വീഴ്ച വരുത്തിയതിന് പയ്യന്നൂർ തഹസിൽദാർ പോൾ കെ പിയെ സസ്പെൻഡ് ചെയ്യാൻ റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർദ്ദേശം നൽകി.

## Article Content

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാതെ കൊണ്ടുപോയ സംഭവത്തിൽ വീഴ്ച വരുത്തിയതിന് പയ്യന്നൂർ തഹസിൽദാർ പോൾ കെ പിയെ സസ്പെൻഡ് ചെയ്യാൻ റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർദ്ദേശം നൽകി.

ജില്ലാ കളക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ കർശന നടപടി. സംഭവത്തിൽ വീഴ്ച വരുത്തിയ മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

മീന്തുള്ളി വാട്ടർ ഫാൾസിൽ ഒഴുക്കിൽപ്പെട്ട ബെന്നിയെ രക്ഷിക്കാനിറങ്ങിയ പരിശീലകൻ രാജേഷ് ആണ് ദാരുണമായി മരിച്ചത്. സ്വന്തം സുരക്ഷയ്ക്കായി ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് ബെന്നിക്ക് നൽകി സുരക്ഷിതനാക്കിയ ശേഷം തിരികെ നീന്തുമ്പോഴാണ് രാജേഷ് ഒഴുക്കിൽപ്പെടുകയായിരുന്നു.

നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി 8.30ന് ആണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

 ദൂരം കൂടുതലായതിനാലും മൃതദേഹം അഴുകിത്തുടങ്ങിയതിനാലും ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫണ്ട് ഇല്ല എന്ന കാരണം പറഞ്ഞ് ആവശ്യം നിരസിച്ചു. തുടർന്ന് ഫ്രീസർ സൗകര്യമില്ലാത്ത മെഡിക്കൽ കോളേജിലെ ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകാൻ ബന്ധുക്കളോട് നിർദ്ദേശിക്കുകയായിരുന്നു.

ഫ്രീസർ ഇല്ലാത്ത ആംബുലൻസിൽ യാത്ര തുടങ്ങിയെങ്കിലും വഴിയിൽ വെച്ച് ദുർഗന്ധം വമിച്ചതോടെ ചാവക്കാട് വെച്ച് മൃതദേഹം ഫ്രീസർ സൗകര്യമുള്ള ആംബുലൻസിലേക്ക് മാറ്റി. തുടർന്നാണ് മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയർന്നത്.

> ഇത്തരം മനുഷ്യത്വരഹിതമായ നടപടികൾ ഒരു കാരണവശാലും അനുവദിക്കില്ല. സംഭവത്തിൽ ഉത്തരവാദികളായ എല്ലാവർക്കുമെതിരെ നടപടിയുണ്ടാകും" എന്ന് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. രാജേഷിന്റെ കുടുംബത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

രാജേഷിന്റെ ആത്മത്യാഗം ഏറെ നാളായി കേരളം ചർച്ച ചെയ്യുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ ജീവൻ ബലികൊടുത്ത രാജേഷിന് നാടാകെ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. എന്നാൽ അന്ത്യയാത്രയിൽ പോലും ഉണ്ടായ ഈ അനാസ്ഥ സർക്കാർ സംവിധാനത്തിനെതിരെ രൂക്ഷ വിമർശനത്തിന് വഴിവെച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377493/payyanur-tahsildar-suspended-rajesh-body-freezer-ambulance-controversy)