---
title: " 'വന്ദേമാതരം മുഴുവൻ ചൊല്ലുന്നത് ആർഎസ്എസ്സിന് കീഴ്‌പ്പെടുന്ന രീതി, ഈരടികൾ പാടാം'; ഉത്തരവ് പിൻവലിക്കണമെന്ന് പിണറായി വിജയൻ"
english_title: "Pinarayi Vijayan Demands Withdrawal of Order to Sing Full Vande Mataram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377459/pinarayi-vijayan-vande-mataram-order-withdrawal-demand"
published_at: "2026-08-08T15:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76fbcee5a95_pinarayi-vijayan-vande-mataram-order-withdrawal-demand.jpg"
keywords: ["Pinarayi Vijayan", "Vande Mataram", "Independence Day", "Kerala Government"]
---

#  'വന്ദേമാതരം മുഴുവൻ ചൊല്ലുന്നത് ആർഎസ്എസ്സിന് കീഴ്‌പ്പെടുന്ന രീതി, ഈരടികൾ പാടാം'; ഉത്തരവ് പിൻവലിക്കണമെന്ന് പിണറായി വിജയൻ

> **Lead Summary:** തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ‘വന്ദേമാതരം’ മുഴുവനായി പാടണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വന്ദേമാതരം മതനിരപേക്ഷതയ്ക്ക് ചേരുന്നതല്ല. ആദ്യത്തെ ഈരടികൾ ചൊല്ലുന്നത് തെറ്റില്ല. മുഴുവൻ ചൊല്ലുന്നത് ആർഎസ്എസ്സിന് കീഴ്‌പ്പെടുന്ന രീതിയാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

## Article Content

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ‘വന്ദേമാതരം’ മുഴുവനായി പാടണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വന്ദേമാതരം മതനിരപേക്ഷതയ്ക്ക് ചേരുന്നതല്ല. ആദ്യത്തെ ഈരടികൾ ചൊല്ലുന്നത് തെറ്റില്ല. മുഴുവൻ ചൊല്ലുന്നത് ആർഎസ്എസ്സിന് കീഴ്‌പ്പെടുന്ന രീതിയാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

‘ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്. മന്ദേമാതരം അതേ രീതിയിൽ ചൊല്ലരുതെന്ന് കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി തന്നെ തീരുമാനിച്ചതാണ്. ആദ്യത്തെ ഈരടികൾ ചൊല്ലുന്നത് തെറ്റില്ല. അങ്ങനെ ചൊല്ലിയാൽ മതിയെന്നും തീരുമാനമുണ്ട്. ആ നയം ഡോ. രാജേന്ദ്രപ്രസാദാണ് അത് പ്രഖ്യാപിച്ചത്.

നെഹ്‌റുവിന്റെ നയമായിരുന്നു അത്. കോൺഗ്രസിന്റെ നയവും അതുതന്നെയായിരുന്നു. എന്നാൽ ഈ സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ വന്ദേമാതരം മുഴുവനായി ചൊല്ലി. അങ്ങനെ ചൊല്ലുന്നത് ആർഎസ്എസ്സിന്റെ അജണ്ടയാണ്. അതിനെതിരേ വ്യാപക വിമർശനവും ഉയർന്നു.

അതുനിലനിൽക്കെയാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്. സ്വതന്ത്ര്യദിനാഘോഷത്തിന് ദേശീയഗാനവും വന്ദേമാതരവും മുഴുവനായിട്ടും ചൊല്ലണമെന്നാണ് തീരുമാനം. എന്നാൽ അത് നമ്മുടെ രാജ്യം അംഗീകരിച്ച കാര്യമല്ല, ആർഎസ്എസ്സിന്റെ നയമാണ്.

അടിയന്തരമായി ഇക്കാര്യം തിരുത്താൻ സർക്കാർ തയ്യാറാവണം. ആദ്യത്തെ ഈരടി ചൊല്ലി ബാക്കി ദേശീയഗാനം ആലപിക്കുന്നതാണ് ഉചിതം’- പിണറായി പറഞ്ഞു.

വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് വകുപ്പുകൾക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു. ഹർഘർ തിരംഗ ചടങ്ങുകളിൽ ദേശീയഗീതം മുഴുവനായി പാടണമെന്ന കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ നടത്തുന്ന പ്രചാരണ പരിപാടിയാണ് ‘ഹർഘർ തിരംഗ’. ഇതിന്റെ ഭാഗമായി നടക്കുന്ന എല്ലാ പൊതുചടങ്ങുകളിലും വന്ദേമാതരം പാടണമെന്നാണ് നിർദേശം.

വി.ഡി സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യങ്ങളും യുഡിഎഫ് സർക്കാരിന്റെ ഒത്തുകളിയുടെ ഭാഗമാണെന്നും പിണറായി വിജയൻ പറഞ്ഞു. സവർക്കറെ മഹത്വവൽക്കരിക്കാനുള്ള നിലപാടാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. ചരിത്രത്തെ മാറ്റി അവതരിപ്പിക്കുകയാണ്. അതിന്റെ ഭാഗമാണ് നടപടി. കേന്ദ്രത്തിന്റെ പുത്തൻ വിദ്യാഭ്യാസ നയം കേരളം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ട് കൂടി ഇതിനെ കാണണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഉപജില്ലയിലെ എൽപി വിഭാഗം വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ 'ഫ്രീഡം ക്വിസ് 2026' മത്സരത്തിലെ ചോദ്യം വിവാദമായിരുന്നു.

'ബ്രിട്ടിഷുകാരുടെ കയ്യിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി?' ആരാണെന്നതായിരുന്നു ചോദ്യം. അധ്യാപകർക്കു നൽകിയ ഉത്തരസൂചികയിൽ ഇതിന്റെ ഉത്തരമായി രേഖപ്പെടുത്തിയത് വി.ഡി.സവർക്കർ എന്നാണ്. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377459/pinarayi-vijayan-vande-mataram-order-withdrawal-demand)