---
title: "ദുരൂഹത...? ട്രാക്ക് മാറി മാറി 100 സ്പീഡിൽ പാഞ്ഞു, പന്തികേട് തോന്നി ഹോൺ മുഴക്കി; കെഎസ്ആർടിസി അപകടത്തിൽ തൊട്ടുപിന്നാലെയുണ്ടായിരുന്ന ഡ്രൈവറുടെ വെളിപ്പെടുത്തൽ"
english_title: "KSRTC Bus Accident Karnataka Eyewitness Says Driver Was Overspeeding"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377425/ksrtc-bus-accident-bidadi-overspeeding-eyewitness-statement"
published_at: "2026-08-08T12:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76db3a713fc_ksrtc-bus-accident-bidadi-overspeeding-eyewitness-statement.jpg"
keywords: ["Bidadi KSRTC Accident", "KSRTC Accident", "Mysore Bengaluru Highway", "Overspeeding", "Kozhikode KSRTC"]
---

# ദുരൂഹത...? ട്രാക്ക് മാറി മാറി 100 സ്പീഡിൽ പാഞ്ഞു, പന്തികേട് തോന്നി ഹോൺ മുഴക്കി; കെഎസ്ആർടിസി അപകടത്തിൽ തൊട്ടുപിന്നാലെയുണ്ടായിരുന്ന ഡ്രൈവറുടെ വെളിപ്പെടുത്തൽ

> **Lead Summary:** **കോഴിക്കോട്: **കർണാടകയിലെ ബിഡദിക്ക് സമീപം രണ്ടുപേരുടെ ജീവനെടുത്ത കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടത് അമിതവേഗത മൂലമെന്ന് തൊട്ടുപിന്നാലെയുണ്ടായിരുന്ന സ്വകാര്യ ബസ് ഡ്രൈവറുടെ വെളിപ്പെടുത്തൽ.

## Article Content

**കോഴിക്കോട്: **കർണാടകയിലെ ബിഡദിക്ക് സമീപം രണ്ടുപേരുടെ ജീവനെടുത്ത കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടത് അമിതവേഗത മൂലമെന്ന് തൊട്ടുപിന്നാലെയുണ്ടായിരുന്ന സ്വകാര്യ ബസ് ഡ്രൈവറുടെ വെളിപ്പെടുത്തൽ.

അപകടകരമായ രീതിയിലായിരുന്നു കെ.എസ്.ആർ.ടി.സി ബസിന്റെ പ്രയാണമെന്നും, 100 കിലോമീറ്ററിലധികം വേഗതയിലായിരുന്ന ബസ് പലതവണ ദിശമാറി ഓടിച്ചിരുന്നതായും പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന എസ്‌.കെ.എസ് (SKS) ബസ് ഡ്രൈവർ യാസിൻ വെളിപ്പെടുത്തി.

**സാക്ഷി യാസിൻ പറഞ്ഞത്:**

> "എക്‌സ്പ്രസ് വേയിലെ മധൂർ മേൽപാലത്തിൽവെച്ചാണ് അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ് എന്റെ ബസിനെ മറികടന്ന് പോയത്. ശനിയാഴ്ച രാവിലെ ഏകദേശം അഞ്ചേമുക്കാലോടെ ആയിരുന്നു ഇത്. സെന്റർ ട്രാക്കിലൂടെയാണ് ഞാൻ ഓടിച്ച എസ്‌കെഎസ് ബസ് പൊയ്‌കൊണ്ടിരുന്നത്.

ഓവർടേക്ക് ചെയ്യുന്നതിനിടെ ഈ ബസിൽ ഇടിച്ചു ഇടിച്ചില്ലായെന്ന മട്ടിലാണ് കെഎസ്ആർടിസി പോയത്. പിന്നീട് ഫാസ്റ്റ് ട്രാക്കിലൂടെ പൊയ്‌ക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് പെട്ടെന്ന് ഇടതുഭാഗത്തെ ട്രാക്കിലേക്ക് കയറിവന്നു. യഥാർഥത്തിൽ മധൂർ മേൽപാലത്തിൽനിന്നായിരുന്നു ബസ് ആദ്യം താഴേക്ക് വീഴേണ്ടിയിരുന്നത്. ഭാഗ്യംകൊണ്ട് മാത്രമാണ് അത് സംഭവിക്കാതിരുന്നത്.

യാതൊരു സിഗ്നലും ഇല്ലാതെയാണ് ബസ് ഇടത്തോട്ടും വലത്തോട്ടും ട്രാക്ക് മാറി പൊയ്‌ക്കൊണ്ടിരുന്നത്. പന്തികേടുതോന്നിയതോടെ ഞാൻ ഹോൺ മുഴക്കിക്കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടി വേഗത കുറച്ചു. ഇതോടെ ഞാൻ ഓവർടേക്ക് ചെയ്ത് മുന്നിലേക്ക് കയറി ബസ് നിർത്താൻ ശ്രമിച്ചു. എന്നാൽ വീണ്ടും കെഎസ്ആർടിസി ബസ് സ്പീഡ് കൂട്ടി ഫാസ്റ്റ് ട്രാക്കിലേക്ക് കയറി.

> ഈ സംഭവം കഴിഞ്ഞ് 10 മിനിറ്റ് കഴിഞ്ഞാണ് ബിഡദിക്ക് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറക്കിത്തിലാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ മണിക്കൂറിൽ നൂറ് കിലോമീറ്ററിലധികം വേഗതയിലായിരുന്നു ബസ് പൊയ്‌ക്കൊണ്ടിരുന്നത്. ഉറക്കത്തിലാണെങ്കിൽ ഇത്രയും വേഗത്തിൽ പോകാൻ സാധ്യതയില്ല. കാരണം മയങ്ങിപോവുകയാണെങ്കിൽ സ്വാഭാവികമായും ആക്‌സിലേറ്ററിൽ കാൽ അധികം അമരില്ല"

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് കർണാടകയിലെ ബിഡദിക്ക് സമീപമാണ് ശനിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. ബസിലെ ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്ടർ ചേവായൂർ സ്വദേശി അരുൺ എന്നിവർ മരിച്ചു. ഇരപതോളം യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ഒരു യാത്രക്കാരിയുടെ കാൽ അറ്റുപോയെന്നാണ് വിവരം. ബസിൽ ആകെ 29 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.

മൈസൂർ ബെംഗളൂരു എക്സ്പ്രസ് ഹൈവേയിലൂടെ പൊയ്‌ക്കൊണ്ടിരുന്ന ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സഞ്ചരിച്ചിരുന്ന ട്രാക്കിൽനിന്ന് ഡിവൈഡറിലേക്ക് ഇടിച്ചുകയറി വലതുവശത്തേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അതേസമയം, അപകടത്തിൽ മരിച്ച ഡ്രൈവർ മിഥിലേഷ് മൈസൂർ സർവീസ് കഴിഞ്ഞ് കോഴിക്കോട് തിരിച്ചെത്തിയത് ഇന്നലെ പുലർച്ചെയാണെന്നാണ് അറിയുന്നത്. രാത്രിയിൽ ബെംഗളൂരു സർവീസിൽ വീണ്ടും ഡ്യൂട്ടിക്ക് കയറിയെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377425/ksrtc-bus-accident-bidadi-overspeeding-eyewitness-statement)