---
title: "‌ആയങ്കിയെ വിടാൻ ഉദ്ദേശമില്ലേ...? മുഖ്യമന്ത്രിക്കെതിരെ പൊതു മധ്യത്തിൽ അപമാനിച്ച് പോസ്റ്റ്; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്"
english_title: "Arjun Ayanki Case Again FIR Over CM Post Police Search On"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377376/arjun-ayanki-case-fir-cm-post-police-search"
published_at: "2026-08-08T08:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75516f627c8_kochi-arjun-ayanki-challenges-police-home-ministry-hideout-special-investigation.jpg"
keywords: ["Arjun Ayanki", "Kerala Police", "Cyber Case", "Social Media Post", "V D Satheesan"]
---

# ‌ആയങ്കിയെ വിടാൻ ഉദ്ദേശമില്ലേ...? മുഖ്യമന്ത്രിക്കെതിരെ പൊതു മധ്യത്തിൽ അപമാനിച്ച് പോസ്റ്റ്; അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

> **Lead Summary:** **കൊച്ചി: **അർജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്‌ ഇട്ടതിനാണ് കേസ് എടുത്തത്. ആലുവ സൈബർ പൊലീസ് ആണ് എഫ്ഐആർ ഇട്ടത്. പൊതു മധ്യത്തിൽ അപമാനിച്ചു എന്നാണ് എഫ്ഐആർ.

## Article Content

**കൊച്ചി: **അർജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്‌ ഇട്ടതിനാണ് കേസ് എടുത്തത്. ആലുവ സൈബർ പൊലീസ് ആണ് എഫ്ഐആർ ഇട്ടത്. പൊതു മധ്യത്തിൽ അപമാനിച്ചു എന്നാണ് എഫ്ഐആർ.

നിലവിൽ അർജുൻ ആയങ്കി ഒളിവിലാണ്. ആയങ്കിക്ക് വേണ്ടി വ്യാപകമായ തെരച്ചിൽ നടക്കുകയാണ്. അതേസമയം, പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്. അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രധാന സംശയം. ഒളിവിലിരിക്കെ വരുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ അർജുൻ തന്നെയാണോ ഇടുന്നത്, അതോ മറ്റാരെങ്കിലുമാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

> അതിനിടയിലും സോഷ്യൽ മീഡിയയിൽ വെല്ലുവിളി തുടർന്ന് അർജുൻ ഇന്നലെ രാത്രിയും പുതിയ പോസ്റ്റുമായി രംഗത്തെത്തി. "തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല" എന്നുമാണ് അർജുൻ പോസ്റ്റിൽ കുറിച്ചത്. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളതെന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നു എന്നായിരുന്നു സർക്കാരിനെയും കേരള പൊലീസിനെയും പരിഹസിച്ചു കൊണ്ടുള്ള അ‍ർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

'വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന എന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി മാറ്റി വെടിവെയ്ക്കാനൊക്കെയാണ് ഉത്തരവിട്ടത്…!! കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് ഞാൻ. എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ്. മാനസികരോഗത്തിലോ മദ്യലഹരിയിലോ അല്ല. പൂർണബോധത്തോടെ തന്നെയാണ് പ്രതികരിച്ച'തെന്നും ഫേസ്ബുക്കിൽ അർജുൻ ആയങ്കി കുറിച്ചിട്ടുണ്ട്.

തന്നെ കള്ളക്കേസിൽ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അർജുൻ ആയങ്കി ആവശ്യപ്പെട്ടിട്ടുണ്ട്. 'അയാളെന്തിനങ്ങനെ ചെയ്തു ഞങ്ങളെയാറുപേരെ ജയിലിലടച്ച് ദ്രോഹിച്ചു എന്ന് അയാൾ മറുപടി പറഞ്ഞേ മതിയാകൂ. മുറിവേറ്റവന്റെ, സ്വപ്നങ്ങൾ തകർന്നവന്റെ, ജീവിതം താറുമാറായവന്റെ, സ്വന്തം മകനെ ഒപ്പം നിർത്തി ലാളിക്കാൻ അവസരം നിഷേധിക്കപ്പെട്ടവന്റെ വേദന പകയാവും പ്രതികാരമാവും പിന്നെയായവനു ചത്താലും ഭയപ്പാടില്ല, മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല; എന്ന് പറഞ്ഞാണ് അർജുൻ ആയങ്കി ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

ഈ പോസ്റ്റിന് താഴെ നിരവധി പിന്തുണയുമായി വിവിധ ഹാൻഡിലുകളിൽ നിന്നുള്ള കമന്റുകളും എത്തിയിട്ടുണ്ട്. അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377376/arjun-ayanki-case-fir-cm-post-police-search)