---
title: "കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം, നാലുപേരുടെ നിലഗുരുതരം "
english_title: "KSRTC Bus Accident Bengaluru Mysuru Expressway Driver Conductor Died"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377373/ksrtc-bus-accident-bengaluru-mysuru-expressway-driver-conductor-died"
published_at: "2026-08-08T08:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a769d8fad5b0_ksrtc-bus-accident-bengaluru-mysuru-expressway-driver-conductor-died.jpg"
keywords: ["KSRTC Bus Accident", "Kozhikode Bengaluru KSRTC", "Mysuru Expressway", "Bus Accident", "Bidadi KSRTC Accident"]
---

# കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം, നാലുപേരുടെ നിലഗുരുതരം 

> **Lead Summary:** **ബെംഗളൂരു: **കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ രാമനഗര ജില്ലയിലെ ബിഡതിയിലാണ് ശനിയാഴ്ച രാവിലെ അപകടം നടന്നത്.

## Article Content

**ബെംഗളൂരു: **കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ രാമനഗര ജില്ലയിലെ ബിഡതിയിലാണ് ശനിയാഴ്ച രാവിലെ അപകടം നടന്നത്.

രാവിലെ 6.40 ഓടെയായിരുന്നു സംഭവം. കോഴിക്കോട് ഡിപ്പോയിലെ ATC 129 ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ സൂചനാ ബോർഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കണ്ടക്ടർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. മരിച്ചവരുടെ വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടില്ല.

അപകടത്തിൽ പരിക്കേറ്റ 4 യാത്രക്കാരുടെ നില ഗുരുതരമാണ്. പരിക്കേറ്റ മറ്റ് യാത്രക്കാരെ ബെംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ബിഡതി കെമ്പണ്ണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിലുള്ളവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അപകടത്തിൽപ്പെട്ട ബസ് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്നു. അമിതവേഗമാണോ അപകട കാരണമെന്നും വാഹനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിൽ അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പോലീസും നാട്ടുകാരും ചേർന്ന് ബസ് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കെഎസ്ആർടിസി അധികൃതർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377373/ksrtc-bus-accident-bengaluru-mysuru-expressway-driver-conductor-died)