---
title: "'ഹലോ ഞാൻ ദിവ്യയാണ്...'! പിന്നാലെ പോയത് 21 കോടി; വൻ ക്രിപ്റ്റോ തട്ടിപ്പിൽ ബിജെപി നേതാവിനെ പൂട്ടി സൈബർ പോലീസ്"
english_title: "Madhya Pradesh BJP Leader Jagdish Malavya Arrested 21 Crore Crypto Scam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377372/madhya-pradesh-bjp-leader-jagdish-malavya-arrested-crypto-scam"
published_at: "2026-08-08T08:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a769c27aff6a_madhya-pradesh-bjp-leader-jagdish-malavya-arrested-crypto-scam.jpg"
keywords: ["Madhya Pradesh", "Crypto Scam", "BJP Leader", "Jagdish Malavya", "Cyber Fraud"]
---

# 'ഹലോ ഞാൻ ദിവ്യയാണ്...'! പിന്നാലെ പോയത് 21 കോടി; വൻ ക്രിപ്റ്റോ തട്ടിപ്പിൽ ബിജെപി നേതാവിനെ പൂട്ടി സൈബർ പോലീസ്

> **Lead Summary:** **ജയ്പൂര്‍: ** മധ്യപ്രദേശില്‍ വന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ഷാജാപ്പൂര്‍ സ്വദേശിയും ബിജെപി ജില്ലാ പഞ്ചായത്ത് അംഗവുമായ ജഗദീഷ് കുമാര്‍ മാളവ്യയാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ സൈബര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

## Article Content

**ജയ്പൂര്‍: ** മധ്യപ്രദേശില്‍ വന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ഷാജാപ്പൂര്‍ സ്വദേശിയും ബിജെപി ജില്ലാ പഞ്ചായത്ത് അംഗവുമായ ജഗദീഷ് കുമാര്‍ മാളവ്യയാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ സൈബര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്നും ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തത് ഏകദേശം 21.06 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഗ്വാളിയാര്‍ സ്വദേശിയും 70കാരനുമായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അശോക് വിജയവര്‍ഗിയയില്‍ നിന്നാണ് പണം തട്ടിയത്.

'ഹാലോ ഞാന്‍ ദിവ്യയാണ്' എന്ന് പറഞ്ഞുകൊണ്ടാണ് തട്ടിപ്പ് സംഘം 70കാരനെ ബന്ധപ്പെട്ടത്. തട്ടിയെടുത്ത പണത്തില്‍ നിന്ന് 50 ലക്ഷത്തോളം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് എത്തിയിരിക്കുന്നത്. ഇതേ അക്കൗണ്ടിലൂടെ ഏകദേശം 2.5 കോടിയിലധികം രൂപയുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ആദ്യഘട്ട അന്വേഷണത്തില്‍ മാളവ്യയുടെ അക്കൗണ്ടിലേക്ക് 77 ലക്ഷം രൂപ എത്തിയതായി കണ്ടെത്തിയിരുന്നു. അതില്‍ 50 ലക്ഷം രൂപ സൈബര്‍ തട്ടിപ്പ് കേസുമായി നേരിട്ട് ബന്ധമുള്ള പണമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

അതേസമയം തട്ടിയെടുത്ത പണത്തിന്റെ വലിയൊരു ഭാഗം 76 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലായി 106 വ്യത്യസ്ത ഇടപാടുകളിലായാണ് കൈമാറ്റം ചെയ്തിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ആക്‌സസ് ഉണ്ടായിരുന്നത് ആരുമറിയാതെ തട്ടിപ്പ് നടത്താന്‍ പ്രതിയെ സഹായിച്ചുവെന്നാണ് നിഗമനം.

തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതി ആഡംബര ജീവിതം നയിച്ചതിനും തെളിവുകളുണ്ട്. 12 ലെയറുകളിലായി നടന്ന 20,000ത്തിലധികം വരുന്ന ബാങ്ക് ഇടപാടുകളും കണ്ടെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഈ ഇടപാടുകള്‍ നടന്നിരിക്കുന്നത്.

രാജ്യത്തുടനീളമായി പരന്നുകിടക്കുന്ന തട്ടിപ്പ് സിന്‍ഡിക്കേറ്റിനെ കണ്ടെത്തുക എന്നതാണ് ലക്ഷ്യമെന്നും അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് ഓഫീസര്‍ സഞ്ജീവ് നയന്‍ ശര്‍മ പറഞ്ഞു. പ്രതിയെ പുറത്തിറക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നുവെന്നും പിന്നീട് അവര്‍ അതില്‍ നിന്നും പിന്മാറിയെന്നും പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377372/madhya-pradesh-bjp-leader-jagdish-malavya-arrested-crypto-scam)