---
title: "വടകര എംഡിഎംഎ കേസ് ; ഇരിട്ടി, വയനാട് കണ്ണികളുള്ള ലഹരി ശൃംഖലയിൽ അധ്യാപികമാർ കുടുങ്ങിയത് എങ്ങനെ? അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക്"
english_title: "Vadakara Teacher Drug Case Investigation Reaches Mangaluru Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377370/vadakara-teachers-drug-case-investigation-mangaluru-bengaluru"
published_at: "2026-08-08T08:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c3d13448aa_vadakara-mdma-case-education-dept-probe-assets-seizure-teachers.jpg"
keywords: ["MDMA Case", "Vadakara Teacher Drug Case", "NDPS", "Kerala Police"]
---

# വടകര എംഡിഎംഎ കേസ് ; ഇരിട്ടി, വയനാട് കണ്ണികളുള്ള ലഹരി ശൃംഖലയിൽ അധ്യാപികമാർ കുടുങ്ങിയത് എങ്ങനെ? അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക്

> **Lead Summary:** **വടകര: ** വടകരയിലെ മൂന്ന് അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുന്നു. മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലെ വൻ ലഹരി സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് നടപടി. ഇരിട്ടി, വയനാട് തുടങ്ങിയ സ്ഥലങ്ങളിലും കണ്ണികളുള്ള ഈ ലഹരി ശൃംഖലയിൽ അധ്യാപികമാർ എങ്ങനെ എത്തിപ്പെട്ടു എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

## Article Content

**വടകര: ** വടകരയിലെ മൂന്ന് അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുന്നു. മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലെ വൻ ലഹരി സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് നടപടി. ഇരിട്ടി, വയനാട് തുടങ്ങിയ സ്ഥലങ്ങളിലും കണ്ണികളുള്ള ഈ ലഹരി ശൃംഖലയിൽ അധ്യാപികമാർ എങ്ങനെ എത്തിപ്പെട്ടു എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

കേസിലെ അഞ്ചാം പ്രതിയായ ജിജിലിനെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ലഹരി ഇടപാടിൽ ഒരു കോടിയോളം രൂപയുടെ ബാങ്ക് ഇടപാട് നടത്തിയതിന്റെ വ്യക്തമായ തെളിവ് ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. നേരത്തെ 2 മാസം മുൻപ് പയ്യോളി പോലീസ് ജിജിലിനെ ചോദ്യം ചെയ്തിരുന്നു.

അന്ന് പണം ഇടപാടിന് മറ്റ് കാരണങ്ങൾ പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു. തെളിവില്ലാത്തതിനാൽ അന്ന് അറസ്റ്റ് ചെയ്യാനായിരുന്നില്ല. കഴിഞ്ഞ ദിവസം വടകരയിൽ പിടിയിലായ റിസ്‌വാൻ, തുറശ്ശേരി കടവിലെ ഇർഫാൻ എന്നിവരുമായി ബന്ധപ്പെട്ടാണ് ജിജിൽ പ്രവർത്തിച്ചിരുന്നത്. പേരാമ്പ്ര ബിആർസിയിലെ അധ്യാപിക കീർത്തനയും റിസ്‌വാനും തമ്മിൽ നടന്ന ഇടപാടിന് കളമൊരുക്കിയവരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരും ഉടൻ പിടിയിലാകുമെന്നാണ് സൂചന.

മംഗളൂരു, ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയ ലഹരി സംഘവുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംസ്ഥാനത്തിന് പുറത്തും ഇരിട്ടി, വയനാട് ഭാഗങ്ങളിലും ശൃംഖലയുടെ കണ്ണികളുണ്ടെന്ന് പോലീസ് കണ്ടെത്തി. അന്വേഷണം ഊർജിതമായതറിഞ്ഞ് വയനാട് സ്വദേശിയായ ഒരു പ്രധാന പ്രതി മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി.

ജിജിലുമായി ലഹരി ഇടപാട് നടത്തിയതായി സംശയിക്കുന്ന മറ്റ് ചിലരും ഫോൺ ഓഫാക്കി സ്ഥലം വിട്ടിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.കേസിൽ കൂടുതൽ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. 

അതേസമയം കേസിലെ പ്രതിയായ കീർത്തനയെ കോടതി റിമാൻഡ് ചെയ്തു. പേരാമ്പ്ര ബിആർസി അധ്യാപികയാണ് കീർത്തന. വടകര എൻഡിപിഎസ് കോടതിയാണ് റിമാൻഡ് ഉത്തരവിട്ടത്. പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് അന്വേഷണ സംഘം ഇവരെ കോടതിയിൽ ഹാജരാക്കി.

നേരത്തെ വടകര കോടതിയിൽ പൊലീസ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ കോടതി അനുമതിയോടെ പ്രതിയുടെ മുൻകൂർ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ വിവിധ സ്ഥലങ്ങളിലെ എം.ഡി.എം.എ. വിൽപന സംഘങ്ങളുമായി കീർത്തന 15 ലക്ഷം രൂപയോളം ബാങ്ക് ഇടപാട് നടത്തിയതായി പൊലീസ് കണ്ടെത്തി.

അക്കൗണ്ടിലേക്ക് ലഭിക്കുന്ന തുകയിൽ ഒരു ഭാഗം കമ്മീഷനായി എടുത്ത് ബാക്കി തുക കേസിൽ നേരത്തെ അറസ്റ്റിലായ ജിജിൻ കുര്യാക്കോസിന് കൈമാറുന്നതായിരുന്നു രീതി. അക്കൗണ്ടിൽ പണം എത്തിയാൽ വളരെ വേഗത്തിൽ അത് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് പൊലീസ് ഇടപാടുകളുടെ വിശദാംശങ്ങൾ ശേഖരിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥരുമായി കീർത്തന പൂർണമായി സഹകരിച്ചില്ല. എന്നാൽ ശാസ്ത്രീയ തെളിവുകളും ബാങ്ക് രേഖകളും ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്. കീർത്തനയുമായി പണമിടപാട് നടത്തിയ മുഖ്യ കണ്ണി ജിജിൻ കുര്യാക്കോസ് ആണ്.

ഒരു കോടിയോളം രൂപയുടെ ഇടപാടുകളാണ് ജിജിന്റെ അക്കൗണ്ട് വഴി നടന്നത്. ഇക്കഴിഞ്ഞ മെയ് 20ന് മണിയൂർ തുറശ്ശേരി കടവ് സ്വദേശി തെക്കേ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാനെ 13.56 ഗ്രാം എം.ഡി.എം.എയുമായി പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിജിന് പണം അയച്ചു നൽകിയതെന്ന് പൊലീസ് കണ്ടെത്തിയത്. കുട്ടികളെ മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377370/vadakara-teachers-drug-case-investigation-mangaluru-bengaluru)