---
title: "അടിയന്തര സാഹചര്യം ഉണ്ടായാല്‍ വെടിവയ്ക്കാന്‍ നിര്‍ദേശം; കേസ് നടത്താൻ പണം വേണമെന്ന് ആയങ്കി, ഒളിവിലിരുന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് "
english_title: "Arjun Ayanki Seeks Donations Online While Hiding, Police Launch Manhunt in Thrissur and Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377341/arjun-ayanki-donation-instagram-police-search-thrissur-palakkad"
published_at: "2026-08-07T21:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75fe45666ea_arjun-ayanki-donation-instagram-police-search-thrissur-palakkad.jpg"
keywords: ["Arjun Ayanki", "Threat Case", "Thrissur Police", "Kothamangalam Case"]
---

# അടിയന്തര സാഹചര്യം ഉണ്ടായാല്‍ വെടിവയ്ക്കാന്‍ നിര്‍ദേശം; കേസ് നടത്താൻ പണം വേണമെന്ന് ആയങ്കി, ഒളിവിലിരുന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് 

> **Lead Summary:** കണ്ണൂർ: പോലീസ് വ്യാപക തിരച്ചിൽ നടത്തുമ്പോഴും ഒളിവിലിരുന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് തുടർന്ന് അർജുൻ ആയങ്കി. ഇത്തവണ കേസ് നടത്തിപ്പിനാവശ്യമായ ഫണ്ട് വേണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റ്. സാമൂഹിക മാധ്യമത്തിൽ സ്റ്റോറിയായിട്ടാണ് സംഭാവനാഭ്യത്ഥന. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ക്യൂആർ കോഡും ഇയാൾ പങ്കുവെച്ചിട്ടുണ്ട്.

## Article Content

കണ്ണൂർ: പോലീസ് വ്യാപക തിരച്ചിൽ നടത്തുമ്പോഴും ഒളിവിലിരുന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് തുടർന്ന് അർജുൻ ആയങ്കി. ഇത്തവണ കേസ് നടത്തിപ്പിനാവശ്യമായ ഫണ്ട് വേണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റ്. സാമൂഹിക മാധ്യമത്തിൽ സ്റ്റോറിയായിട്ടാണ് സംഭാവനാഭ്യത്ഥന. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ക്യൂആർ കോഡും ഇയാൾ പങ്കുവെച്ചിട്ടുണ്ട്.

'കേസ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്ത് പിന്തുണയ്ക്കുക. സ്വർണക്കണടത്താണ്, കോടീശ്വരൻ ആണ് എന്നൊക്കെ ശത്രുക്കൾ വെറുതെ പറയുകയാണ്'- എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ ഇട്ട സ്റ്റോറി. 'നയാപ്പൈസയില്ല കൈയിലൊരു നയാപ്പൈസയില്ല' എന്ന പാട്ടും പോസ്റ്റിൽ ചേർത്തിട്ടുണ്ട്. അതേസമയം താൻ തൃശ്ശൂർ റൗണ്ടിൽ ഒരു മരത്തിന്റെ ചുവട്ടിൽ ഇരിക്കുകയാണെന്ന് അർജുൻ ആയങ്കി വാർത്തകൾക്ക് കീഴെ കമന്റ് ചെയ്തിട്ടുണ്ട്.

മലപ്പുറത്ത് നിന്ന് പാലക്കാടേക്കും ഇവിടെ നിന്ന് തൃശ്ശൂരേക്കും അർജുൻ ആയങ്കി എത്തിയതായാണ് വിവരം. പന്നിയങ്കര ടോൾ പ്ലാസ കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. തൃശ്ശൂർ തേക്കിൻകാട് മൈതാനത്തിന്റെ പരിസരത്ത് അർജുൻ ആയങ്കി എത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം.

ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പല ഭാഗങ്ങളിലും വൻതോതിൽ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് അർജുൻ ആയങ്കിയുടെ സഹോദരൻ അഖിലിനെ പോലീസ് പിടികൂടിയത്. വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അർജുൻ ആയങ്കിയെ സംബന്ധിച്ചുള്ള വിവരങ്ങൾക്കായി പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

അതേസമയം, ‘ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. സാമൂഹികവിരുദ്ധരെ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്ന് പോലീസിന് അറിയാം’ എന്ന് തൃശ്ശൂരിൽ എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. അർജുൻ ആയങ്കിയെ പിടികൂടാനുള്ള കൃത്യമായ സന്ദേശം പോലീസിന് ആഭ്യന്തര വകുപ്പ് നൽകിയതാണെന്നാണ് വിവരം.

ആയുധം ഉപയോഗിക്കേണ്ട ഘട്ടമാണെങ്കിൽ ആയുധം ഉപയോഗിക്കണമെന്നടക്കം പോലീസ് നിർദേശം നൽകിയിട്ടുണ്ട്. സാഹസികമായി വാഹനം ഓടിച്ചു രക്ഷപ്പെടാൻ അർജുൻ ആയങ്കി ശ്രമിച്ചാൽ അപകടമല്ലാത്ത രീതിയിൽ കുറുകെ നിർത്തി പിടികൂടണമെന്നും ഏത് തരത്തിലുള്ള മാർഗങ്ങളും സ്വീകരിക്കാമെന്നും സിറ്റി പോലീസ് കമ്മിഷണർ പോലീസിന് നിർദേശം നൽകിയതായാണ് വിവരം.

അതേസമയം അർജുൻ ആയങ്കി തൃശ്ശൂർ ജില്ല വിട്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതേത്തുടർന്ന് പാലക്കാട്ടും സമാനരീതിയിൽ ശക്തമായ തിരച്ചിൽ നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377341/arjun-ayanki-donation-instagram-police-search-thrissur-palakkad)