---
title: "ദൈവത്തിന്റെ കണ്ണ് വെട്ടിക്കാൻ പറ്റില്ലല്ലോ...! പള്ളികളിലെ നേർച്ചപ്പെട്ടികൾ തകർത്ത് കവർച്ച; നൂറോളം കേസുകളിലെ പ്രതി കോഴിക്കോട് പിടിയിൽ"
english_title: "Kozhikode Church Mosque Theft Accused Arrested Shamsad 100 Cases Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377335/kozhikode-shamsad-arrested-mosque-theft-100-cases"
published_at: "2026-08-07T20:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75f32483af6_kozhikode-shamsad-arrested-mosque-theft-100-cases.jpg"
keywords: ["Shamsad Arrest", "Mosque Theft", "Nerkka Petti", "Crime Squad"]
---

# ദൈവത്തിന്റെ കണ്ണ് വെട്ടിക്കാൻ പറ്റില്ലല്ലോ...! പള്ളികളിലെ നേർച്ചപ്പെട്ടികൾ തകർത്ത് കവർച്ച; നൂറോളം കേസുകളിലെ പ്രതി കോഴിക്കോട് പിടിയിൽ

> **Lead Summary:** **കോഴിക്കോട്: **പള്ളികൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിവരുന്ന നൂറോളം കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുൽത്താൻ ബത്തേരി മലവയൽ തൊവരിമല മൂർക്കൻ വീട്ടിൽ ഷംസാദ് ആണ് പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലിയുടെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഫറോക്ക് എസിപി പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ബേപ്പൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

## Article Content

**കോഴിക്കോട്: **പള്ളികൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിവരുന്ന നൂറോളം കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുൽത്താൻ ബത്തേരി മലവയൽ തൊവരിമല മൂർക്കൻ വീട്ടിൽ ഷംസാദ് ആണ് പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലിയുടെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഫറോക്ക് എസിപി പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ബേപ്പൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ജൂൺ 26-ാം തിയ്യതി ചാലിയം ജംഇയ്യത്ത് സംഘത്തിന് കീഴിലുള്ള മദ്രസ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സംഘം ഓഫീസിൽ മോഷണം നടന്നിരുന്നു. കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച പതിനായിരം രൂപയാണ് കാണാതായത്. ഈ കേസിലെ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതിലേക്ക് എത്തിയത്.

രണ്ട് മാസം മുമ്പാണ് ഷംസാദ് ജയിൽ മോചിതനായത്. അതിന് ശേഷം വിവിധ ജില്ലകളിലായി പതിനഞ്ചിലധികം സ്ഥലങ്ങളിൽ പള്ളികളിലെ നേർച്ചപ്പെട്ടികളും, സ്കൂൾ ഓഫീസുകളും കവർച്ച നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.

കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകളാണ് പ്രതിക്കെതിരെയുള്ളത്. വിശദമായ ചോദ്യം ചെയ്യലിൽ പതിനഞ്ചിലധികം പുതിയ മോഷണക്കേസുകൾക്കും തുമ്പുണ്ടായതായി പോലീസ് അറിയിച്ചു. വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകൾ ഇയാളെ തിരയുന്നതിനിടയിലാണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിൻ്റെ വലയിലാവുന്നത്.

കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ പള്ളികളിലെ നേർച്ചപ്പെട്ടികൾ ഇരുമ്പ് ദണ്ഡും കമ്പിപ്പാരയും ഉപയോഗിച്ച് പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

മോഷ്ടിച്ച പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചിരുന്ന പ്രതി, മോഷണം ലക്ഷ്യമിടുന്ന പള്ളികളിൽ ആദ്യം ഭക്തനെന്ന വ്യാജേന എത്തി സാഹചര്യം വിലയിരുത്തിയ ശേഷമാണ് കവർച്ച നടത്തിയിരുന്നത്. മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്നുപോകുകയും പിന്നീട് അടുത്ത മോഷണത്തിനായി വീണ്ടും കേരളത്തിലെത്തുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതിയെന്നും പോലീസ് വ്യക്തമാക്കി.

ക്രൈം സ്ക്വാഡ് അംഗങ്ങളായ അബ്‌ദുഹ്മാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻ വീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം ബേപ്പൂർ സ്റ്റേഷൻ ഇൻസ്പെക്ടർ സുഭാഷ്, എസ്ഐമാരായ വിനോദ് കുമാർ, ഷാജു, ഷബീർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377335/kozhikode-shamsad-arrested-mosque-theft-100-cases)