---
title: "തിരച്ചിൽ ഊർജിതമാക്കുമെന്ന് ഉറപ്പ്; വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ച് വി.ഡി. സതീശൻ"
english_title: "CM VD Satheesan Calls Daughter of Missing Vizhinjam Fisherman John, Search On"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377321/vizhinjam-missing-fisherman-john-cm-calls-daughter-jiji-search-day-7"
published_at: "2026-08-07T18:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75d78937333_vizhinjam-missing-fisherman-john-cm-calls-daughter-jiji-search-day-7.jpg"
keywords: ["Fisherman Missing", "VD Satheesan", "Coast Guard", "Search Operation"]
---

# തിരച്ചിൽ ഊർജിതമാക്കുമെന്ന് ഉറപ്പ്; വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകളെ ഫോണിൽ വിളിച്ച് വി.ഡി. സതീശൻ

> **Lead Summary:** തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. പിതാവിനെ കണ്ടെത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ജിജിയെ അറിയിച്ചു. തെരച്ചിൽ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി,

## Article Content

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. പിതാവിനെ കണ്ടെത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ജിജിയെ അറിയിച്ചു. തെരച്ചിൽ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി,

കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നതിനിടെ, രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. തിരച്ചിൽ തൃപ്തികരമല്ലെന്നും ബന്ധപ്പെട്ട വകുപ്പുകൾ സമയോചിതമായി ഇടപെട്ടില്ലെന്നും ജോണിന്റെ മകൾ ജിജി ആരോപിച്ചിരുന്നു.

കലക്ടറുമായി നടത്തിയ കൂടിക്കാഴ്ചയിലും നിരാശയാണുണ്ടായതെന്നും 'ഞങ്ങൾ ആവശ്യപ്പെടുന്നത് എഴുതി നൽകാനാണ് കലക്ടർ പറയുന്നത്. അതെഴുതേണ്ടത് ഞങ്ങളാണെങ്കിൽ നിങ്ങൾ അവിടെ ഇരിക്കുന്നത് എന്തിനാണ്?' എന്നായിരുന്നു അവരുടെ ചോദ്യം.

ഇതുവരെ നടന്ന തെരച്ചിൽ ഫലപ്രദമല്ലെന്നും, രണ്ട് എയർക്രാഫ്റ്റ് ഉപയോഗിച്ച് വെറും ഒന്നര മണിക്കൂർ മാത്രമാണ് പരിശോധന നടത്തിയതെന്നും കുടുംബം ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പരാമർശവും മത്സ്യത്തൊഴിലാളി സമൂഹത്തെ വേദനിപ്പിച്ചതായും ജിജി പ്രതികരിച്ചിരുന്നു. 'മുൻപ് തീരപ്രദേശത്ത് പോയപ്പോഴുള്ള അവസ്ഥ അറിയാമല്ലോ' എന്ന മുഖ്യമന്ത്രിയുടെ പരാമർശം ഒരു സമൂഹത്തെ മുഴുവൻ ആക്ഷേപിക്കുന്നതായിരുന്നുവെന്നും, അതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഫിഷറീസ് മന്ത്രിയോ മറ്റ് മന്ത്രിമാരോ ഇതുവരെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയോ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും ആരോപിച്ചതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രി ജിജിയെ ഫോണിൽ വിളിച്ചിരിക്കുന്നത്.

ജൂലൈ 31ന് വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ ബോട്ട് മറിഞ്ഞാണ് ജോൺ കാണാതായത്. കോസ്റ്റ് ഗാർഡിന്റെയും മറ്റ് രക്ഷാസംഘങ്ങളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377321/vizhinjam-missing-fisherman-john-cm-calls-daughter-jiji-search-day-7)