---
title: "വീട്ടുജോലി ചെയ്യുന്നില്ല, എപ്പോഴും സോഷ്യൽ മീഡിയയിൽ! പ്രണയിച്ച് കല്യാണം കഴിച്ച് 10-ാം മാസം ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ഭർത്താവ് പിടിയിൽ  "
english_title: "Bengaluru Husband Kills Wife Over Reels Arrested From Bihar Kumbalagodu Murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377315/bengaluru-husband-kills-wife-reels-argument-arrested-bihar"
published_at: "2026-08-07T18:03:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75d2889c2ca_bengaluru-husband-kills-wife-reels-argument-arrested-bihar.jpg"
keywords: ["Bengaluru Murder", "Husband Wife Fight", "Kumbalagodu", "Social Media Using"]
---

# വീട്ടുജോലി ചെയ്യുന്നില്ല, എപ്പോഴും സോഷ്യൽ മീഡിയയിൽ! പ്രണയിച്ച് കല്യാണം കഴിച്ച് 10-ാം മാസം ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ഭർത്താവ് പിടിയിൽ  

> **Lead Summary:** **ബെംഗളൂരു: ** കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ബീഹാറിലേക്ക് കടന്ന 24-കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കുംബളഗോട് പ്രദേശത്ത് ജൂലൈ 25-ന് നടന്ന കൊലപാതകത്തിലെ പ്രതി ധീരജ് കുമാറാണ് പിടിയിലായത്.

## Article Content

**ബെംഗളൂരു: ** കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ബീഹാറിലേക്ക് കടന്ന 24-കാരനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കുംബളഗോട് പ്രദേശത്ത് ജൂലൈ 25-ന് നടന്ന കൊലപാതകത്തിലെ പ്രതി ധീരജ് കുമാറാണ് പിടിയിലായത്.

പ്രണയിച്ച് വിവാഹിതരായ ധീരജും റീമ കുമാരിയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് കൊലയിൽ കലാശിച്ചത്. ചോദ്യം ചെയ്യലിൽ ധീരജ് കുറ്റം സമ്മതിച്ചു. ഇയാളെ ബീഹാറിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത് ബെംഗളൂരുവിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റീമയുടെയും ധീരജിന്റെയും പ്രണയ വിവാഹമായിരുന്നു.

വീട്ടുകാരെ അറിയിക്കാതെയാണ് 10 മാസം മുമ്പ് ഇരുവരും വിവാഹിതരായത്. പിന്നീട് ജോലി തേടി ഇരുവരും ബെംഗളൂരുവിലേക്ക് താമസം മാറി. എന്നാൽ ബെംഗളൂരുവിൽ എത്തിയതോടെ റീമയ്ക്ക് തന്നോടുള്ള താല്പര്യം കുറഞ്ഞുവെന്ന് ധീരജ് പോലീസിനോട് പറഞ്ഞു. റീമ മുഴുവൻ സമയവും മൊബൈൽ ഫോണിൽ റീലുകൾ ചിത്രീകരിക്കുന്നതിലും സോഷ്യൽ മീഡിയയിലും മുഴുകിയിരുന്നതായും, വീട്ടുജോലികൾ ചെയ്യുന്നില്ലെന്നും ഭക്ഷണം പോലും വിളമ്പി നൽകുന്നില്ലെന്നും ധീരജ് ആരോപിച്ചു. കൂടാതെ ബീഹാറിലേക്ക് തിരികെ പോകണമെന്ന് റീമ നിരന്തരം നിർബന്ധിച്ചതും ഇരുവരും തമ്മിൽ പതിവായി വഴക്കുകൾക്ക് കാരണമായി.

സംഭവദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ധീരജ് ഭക്ഷണം തയ്യാറാക്കിയിട്ടില്ലെന്ന് കണ്ട് റീമയുമായി വാക്കേറ്റമുണ്ടായി. ഉറങ്ങാൻ പോകാൻ ആവശ്യപ്പെട്ടെങ്കിലും റീമ കൂട്ടാക്കിയില്ല. ഇതിനിടയിൽ റീമ ഒരു തടികൊണ്ട് ധീരജിനെ ആക്രമിച്ചതായി പോലീസ് പറയുന്നു. പ്രകോപിതനായ ധീരജ് റീമയുടെ ഷാൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ റീമയുടെ മുഖം പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി. പിന്നീട് മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് വാടകമുറിയിൽ ഉപേക്ഷിച്ച് ധീരജ് നാട്ടിലേക്ക് കടന്നു.

ജൂലൈ 29-ന് വാടകമുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട റീമയുടെ പരിചയക്കാരൻ കെട്ടിട ഉടമയെ വിവരമറിയിച്ചു. ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോൾ ടോയ്ലറ്റിന് സമീപം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി. ഉടൻ പോലീസിൽ വിവരമറിയിച്ചു.

കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്ത പോലീസ് ശാസ്ത്രീയ തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെ പ്രതി ബീഹാറിലുണ്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377315/bengaluru-husband-kills-wife-reels-argument-arrested-bihar)