---
title: "സർക്കാർ ആശുപത്രിയുടെ മേൽക്കൂര തകർന്നുവീണു; ചികിത്സയ്ക്കെത്തിയ യുവതിക്ക് പരിക്ക്"
english_title: "Rajasthan Hospital Roof Collapse Churu Patient Injured BJP Congress Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377312/rajasthan-churu-hospital-roof-collapse-patient-injured"
published_at: "2026-08-07T17:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75ce9e63f0b_rajasthan-churu-hospital-roof-collapse-patient-injured.jpg"
keywords: ["Rajasthan Churu Hospital", "Roof Collapse", "Government Hospital"]
---

# സർക്കാർ ആശുപത്രിയുടെ മേൽക്കൂര തകർന്നുവീണു; ചികിത്സയ്ക്കെത്തിയ യുവതിക്ക് പരിക്ക്

> **Lead Summary:** **ചുരു (രാജസ്ഥാൻ): ** സർക്കാർ ആശുപത്രിയുടെ മേൽക്കൂര തകർന്നുവീണ് ചികിത്സയ്ക്കെത്തിയ യുവതിക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ചുരു ജില്ലയിലെ സുജൻഗഢിലെ ഗവൺമെന്റ് ദുർഗാദത്ത് ഫത്തേപുരിയ മെറ്റേണൽ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിൽ ബുധനാഴ്ചയാണ് സംഭവം.

## Article Content

**ചുരു (രാജസ്ഥാൻ): ** സർക്കാർ ആശുപത്രിയുടെ മേൽക്കൂര തകർന്നുവീണ് ചികിത്സയ്ക്കെത്തിയ യുവതിക്ക് പരിക്കേറ്റു. രാജസ്ഥാനിലെ ചുരു ജില്ലയിലെ സുജൻഗഢിലെ ഗവൺമെന്റ് ദുർഗാദത്ത് ഫത്തേപുരിയ മെറ്റേണൽ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിൽ ബുധനാഴ്ചയാണ് സംഭവം.

ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് കിരൺ മേഘ്‌വാൾ (25) എന്ന യുവതിയുടെ മേൽ പോർച്ചിന്റെ ഒരു ഭാഗം പെട്ടെന്ന് തകർന്നുവീണത്. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. നിസാര പരിക്കുകളോടെ യുവതി രക്ഷപ്പെട്ടു. അപകടത്തിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ആശുപത്രി കെട്ടിടത്തിന്റെ മോശം അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ ഡോ. പുരുഷോത്തം കർവ അറിയിച്ചു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് നാലിന് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. ഇത് മാത്രമല്ല, ആശുപത്രിയിലെ മറ്റൊരു മുറിയിലും സമാനമായി പ്ലാസ്റ്റർ അടർന്നുവീണ സംഭവം ഉണ്ടായിട്ടുണ്ട്. കെട്ടിടത്തിന്റെ പഴക്കവും പരിപാലനക്കുറവും തന്നെയാണ് അപകടത്തിന് കാരണമെന്ന് അധികൃതർ സൂചിപ്പിക്കുന്നു.

> സംഭവത്തെ തുടർന്ന് രാജസ്ഥാനിലെ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോട്ടാസ്ര എക്‌സിൽ കുറിച്ചു: "ജനങ്ങൾ ചികിത്സയ്ക്കായി പോകുന്ന ആശുപത്രികളിൽ പോലും ഇന്ന് ജീവന് ഭീഷണിയാണ്. ഇതാണ് സർക്കാരിന്റെ വികസനം?"ആം ആദ്മി പാർട്ടിയും ആരോഗ്യ മന്ത്രിക്കെതിരെ രംഗത്തെത്തി.

പ്രധാനമന്ത്രിയുടെ 'നി രോഗി ഭാരതം' എന്ന സ്വപ്നം ഇതാണോ എന്ന് ആപ്പ് നേതാക്കൾ ചോദിച്ചു. ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ പോലും സുരക്ഷിതമല്ലെന്നും ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. അപകടത്തെ തുടർന്ന് ആശുപത്രി അധികൃതർ പോർച്ച് ഭാഗം പൂർണമായും അടച്ചു. രോഗികളുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ മറ്റ് നടപടികൾ സ്വീകരിക്കുമെന്നും ഡോ. കർവ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377312/rajasthan-churu-hospital-roof-collapse-patient-injured)