---
title: "വെള്ളച്ചാട്ടങ്ങളിലും മലയോര മേഖലയിലും നിയന്ത്രണം; കേരളത്തിലെ മുഴുവൻ തുറമുഖങ്ങളിലും മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ ഉയർത്തി, ടൂർ പാക്കേജുകൾ നിർത്തിവെച്ചു"
english_title: "Kerala Red Alert Tourism Restrictions Heavy Rain Coastal Warning Signal 3"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377306/kerala-red-alert-tourism-restrictions-coastal-warning-2026"
published_at: "2026-08-07T17:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75cb95040dc_kerala-red-alert-tourism-restrictions-coastal-warning-2026.jpg"
keywords: ["Kerala Rain", "Kerala Red Alert", "Tourism Ban", "Coastal Warning", "Disaster Management"]
---

# വെള്ളച്ചാട്ടങ്ങളിലും മലയോര മേഖലയിലും നിയന്ത്രണം; കേരളത്തിലെ മുഴുവൻ തുറമുഖങ്ങളിലും മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ ഉയർത്തി, ടൂർ പാക്കേജുകൾ നിർത്തിവെച്ചു

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ശക്തമായ മഴയും റെഡ് അലർട്ടും നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാര മേഖലയ്ക്ക് കർശന ജാഗ്രതാ നിർദേശം നൽകി. വിനോദസഞ്ചാര വകുപ്പിനും എല്ലാ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്കുമാണ് പ്രത്യേക നിർദേശം നൽകിയിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ശക്തമായ മഴയും റെഡ് അലർട്ടും നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാര മേഖലയ്ക്ക് കർശന ജാഗ്രതാ നിർദേശം നൽകി. വിനോദസഞ്ചാര വകുപ്പിനും എല്ലാ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്കുമാണ് പ്രത്യേക നിർദേശം നൽകിയിരിക്കുന്നത്.

റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലും സമീപ പ്രദേശങ്ങളിലും മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങളോട് ചേർന്നുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ, മണ്ണിടിച്ചിൽ-ഉരുള്‍പൊട്ടൽ സാധ്യതയുള്ള മലയോര മേഖലകൾ എന്നിവിടങ്ങളിൽ പ്രവേശനം പൂർണമായും നിയന്ത്രിക്കണം.

**പ്രധാന നിർദേശങ്ങൾ ഇവ **

**തീരത്ത് മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ**

കേരള-കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ജാഗ്രത നിർദേശം നൽകി. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. ചില അവസരങ്ങളിൽ ഇത് 60 കിലോമീറ്റർ വരെ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ കാസർകോട്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, ബേപ്പൂർ, പൊന്നാനി, അഴീക്കൽ, കൊച്ചി, ആലപ്പുഴ, നീണ്ടകര, തിരുവനന്തപുരം തുറമുഖങ്ങളിൽ ലോക്കൽ ക്വാഷനറി സിഗ്നൽ നമ്പർ III അതായത് മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ ഉയർത്തി നിർത്താൻ നിർദേശം നൽകിയിട്ടുണ്ട്.

**മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്**

മത്സ്യത്തൊഴിലാളികൾ, ചെറുവള്ളങ്ങളുടെ ഉടമകൾ, ബോട്ടുടമകൾ, തീരദേശ യാത്രക്കാർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണം. കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണം. റെഡ് അലർട്ട് ഉള്ള ജില്ലകളിൽ ടൂർ പാക്കേജുകളും ജലവിനോദങ്ങളും താൽക്കാലികമായി നിർത്തിവെക്കാനും വിനോദസഞ്ചാര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സഞ്ചാരികൾ സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377306/kerala-red-alert-tourism-restrictions-coastal-warning-2026)