---
title: " വനിതാ സിവിൽ സർജനോട് മോശമായി പെരുമാറിയെന്ന് ആരോപണം; ആരോഗ്യവകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കെജിഎംഒഎ"
english_title: "KGMOA Protests Over Alleged Misbehaviour by Health Minister's PS at Iraniamuttam Health Centre"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377298/trivandrum-iraniamuttam-health-centre-doctor-insult-kgmoa-protest"
published_at: "2026-08-07T16:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75c1c9f0eba_trivandrum-iraniamuttam-health-centre-doctor-insult-kgmoa-protest.jpg"
keywords: ["Kerala Health Department", "KGMOA", "Health Minister", "Doctor Harassment"]
---

#  വനിതാ സിവിൽ സർജനോട് മോശമായി പെരുമാറിയെന്ന് ആരോപണം; ആരോഗ്യവകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കെജിഎംഒഎ

> **Lead Summary:** തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ അധികാരപരിധി ലംഘിച്ചുള്ള ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ).

## Article Content

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ അധികാരപരിധി ലംഘിച്ചുള്ള ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ).

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തിരുവനന്തപുരത്തെ വിവിധ സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ ‘പരിശോധന’ എന്ന പേരിൽ സന്ദർശനം നടത്തുകയും അവിടെയുള്ള ഡോക്ടർമാരോടും മറ്റ് ആരോഗ്യപ്രവർത്തകരോടും അപമര്യാദയായി പെരുമാറുകയും ചെയ്യുന്ന സംഭവങ്ങൾ വ്യാപകമായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം നടപടികളിൽ ശക്തമായ പ്രതിഷേധം ഉണ്ടെന്നും കെജിഎംഒഎ ഭാരവാഹികൾ അറിയിച്ചു.

ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ ഔദ്യോഗിക പരിശോധന നടത്താനോ അവിടുത്തെ ഭരണപരമായ സംവിധാനങ്ങളിൽ ഇടപെടാനോ നിയമപരമായ അധികാരമില്ല.

പരിശോധനയുടെ പേരിൽ സ്ഥാപനങ്ങളിലെത്തി ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെടുകയും സീനിയർ സിവിൽ സർജനായ വനിത ഡോക്ടറെ അപമാനിക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്യുന്നത് അധികാരപരിധി ലംഘിക്കുന്ന നടപടിയാണ്.

സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടർമാരും ജീവനക്കാരും നിലവിലുള്ള നിയമങ്ങളും സേവനച്ചട്ടങ്ങളും അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഭരണസംവിധാനങ്ങൾക്കുള്ളിൽ അനാവശ്യ ഇടപെടലുകളും ഭീഷണിപ്പെടുത്തലും അപമാനിക്കലും ആരോഗ്യപ്രവർത്തകരുടെ ആത്മവിശ്വാസത്തെയും സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കും.

ഇത്തരം അധികാരദുരുപയോഗ സ്വഭാവമുള്ള ഇടപെടലുകൾ സർക്കാർ ഉടൻ അവസാനിപ്പിക്കണം. ആരോഗ്യസ്ഥാപനങ്ങളിലെ പരിശോധനകളും ഭരണപരമായ നടപടികളും നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥർ മുഖേന മാത്രമേ നടക്കാവൂ എന്നും സംഘടന ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377298/trivandrum-iraniamuttam-health-centre-doctor-insult-kgmoa-protest)