---
title: "ഓഹോ എല്ലാം ഉണ്ടല്ലോ...! വില്പന ആൾട്ടോ കാറിൽ, കയ്യിൽ  ഇലക്ട്രോണിക് ത്രാസും സിപ്പ് ലോക്ക് കവറുകളും; കാസർഗോഡ് എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ"
english_title: "Kasargod MDMA Seizure 20 Grams 3 Arrested Cherkala Hidayath Nagar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377295/kasargod-mdma-seizure-20-grams-three-arrested"
published_at: "2026-08-07T16:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75bee888c8b_kasargod-mdma-seizure-20-grams-three-arrested.jpg"
keywords: ["Kasargod MDMA Seizure", "Drug Bust", "Drug Case", "NDPS"]
---

# ഓഹോ എല്ലാം ഉണ്ടല്ലോ...! വില്പന ആൾട്ടോ കാറിൽ, കയ്യിൽ  ഇലക്ട്രോണിക് ത്രാസും സിപ്പ് ലോക്ക് കവറുകളും; കാസർഗോഡ് എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ

> **Lead Summary:** **കാസർഗോഡ്: **ജില്ലയിൽ എം.ഡി.എം.എ വേട്ട ശക്തമാക്കി പോലീസ്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 20.730 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിലായി. ചെർക്കളയിലും ഹിദായത്ത് നഗറിലുമാണ് പോലീസ് റെയ്ഡ് നടത്തിയത്.

## Article Content

**കാസർഗോഡ്: **ജില്ലയിൽ എം.ഡി.എം.എ വേട്ട ശക്തമാക്കി പോലീസ്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 20.730 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിലായി. ചെർക്കളയിലും ഹിദായത്ത് നഗറിലുമാണ് പോലീസ് റെയ്ഡ് നടത്തിയത്.

ചെർക്കള കുഞ്ഞിക്കരയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ആദ്യ അറസ്റ്റ്. 2.730 ഗ്രാം എം.ഡി.എം.എയുമായി പി. ഉണ്ണികൃഷ്ണൻ (26) ആണ് പിടിയിലായത്. ലഹരി കടത്താൻ ഉപയോഗിച്ച ആൾട്ടോ കാർ, ഇലക്ട്രോണിക് ത്രാസ്, ഏഴ് സിപ്പ് ലോക്ക് കവറുകൾ, മൊബൈൽ ഫോൺ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു.

ചെറിയ പാക്കറ്റുകളാക്കി വിപണിയിൽ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു പ്രതിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാറിൽ സൂക്ഷിച്ചിരുന്ന ത്രാസും കവറുകളും ഇത് വ്യക്തമാക്കുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഹിദായത്ത് നഗറിൽ നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് വൻ ശേഖരം കണ്ടെത്തിയത്.

18 ഗ്രാം എം.ഡി.എം.എയുമായി മുഹമ്മദ് അൻഷീദ് (26), സി. അബ്ദുൾ ഖാദർ (27) എന്നിവരാണ് അറസ്റ്റിലായത്.ഇവിടെ നിന്നും ലഹരി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്നതാണെന്ന് പോലീസ് പറഞ്ഞു. രണ്ട് പ്രതികളെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്. ഇവർക്ക് മയക്കുമരുന്ന് എവിടെ നിന്ന് ലഭിച്ചു, ആർക്ക് വിൽക്കാനായിരുന്നു എന്നീ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാസർഗോഡ് ജില്ലയിൽ ലഹരി വിരുദ്ധ സ്‌ക്വാഡ് ഊർജിത പരിശോധന നടത്തുന്നുണ്ട്. യുവാക്കൾക്കിടയിൽ എം.ഡി.എം.എയുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് കർശന നടപടി സ്വീകരിക്കുന്നത്.പിടികൂടിയ മൂന്ന് പ്രതികൾക്കും എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ലഹരി കടത്തുമായി ബന്ധമുള്ള മറ്റുള്ളവരെ കണ്ടെത്താനും അന്വേഷണം വ്യാപിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377295/kasargod-mdma-seizure-20-grams-three-arrested)