---
title: " 'കർണപടം തകർന്നു, ഹിന്ദുവാണെന്ന് പറയുന്നത് പാപമായി തോന്നി'; മുസ്‌ലിമെന്ന് തെറ്റിദ്ധരിച്ച് നാടക പ്രവർത്തകനെ മർദ്ദിച്ചെന്ന് ആരോപണം "
english_title: "Theatre Artist Brutally Beaten in Bengal After Being Mistaken for Muslim"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377280/theatre-artist-brutally-beaten-in-bengal-after-being-mistaken-for-muslim"
published_at: "2026-08-07T15:48:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75b2a078777_theatre-artist-brutally-beaten-in-bengal-after-being-mistaken-for-muslim.jpg"
keywords: ["Mob Attack", "Crime News", "Brutally Beaten", "West Bengal News"]
---

#  'കർണപടം തകർന്നു, ഹിന്ദുവാണെന്ന് പറയുന്നത് പാപമായി തോന്നി'; മുസ്‌ലിമെന്ന് തെറ്റിദ്ധരിച്ച് നാടക പ്രവർത്തകനെ മർദ്ദിച്ചെന്ന് ആരോപണം 

> **Lead Summary:** കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുസ്‌ലിമെന്ന് തെറ്റിദ്ധരിച്ച് നാടക പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണം. ശ്യാംനഗർ റെയിൽവേ സ്റ്റേഷന് സമീപം വെച്ച് തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണത്തിനിരയായത് ശുഭങ്കർ ദാസ്ശർമയാണ്.

## Article Content

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുസ്‌ലിമെന്ന് തെറ്റിദ്ധരിച്ച് നാടക പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചെന്ന് ആരോപണം. ശ്യാംനഗർ റെയിൽവേ സ്റ്റേഷന് സമീപം വെച്ച് തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണത്തിനിരയായത് ശുഭങ്കർ ദാസ്ശർമയാണ്.

ജൂലൈ 28 രാത്രിയാണ് സംഭവം. കൊൽക്കത്തയിൽ ഒരു നാടകം അവതരിപ്പിച്ച ശേഷം ലെനിൻ നഗറിലുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം. കറുത്ത ജുബ്ബയും പൈജാമയും ധരിച്ചെത്തിയ ശുഭങ്കറിനെ അക്രമികൾ മുസ്‌ലിമാണെന്ന് തെറ്റിദ്ധരിച്ചാണ് മർമർദ്ദിച്ചത്.

'ജയ് ശ്രീറാം' വിളികളോടെയാണ് ഒരു സംഘം അദ്ദേഹത്തിന്റെ അരികിലേക്ക് എത്തിയതെന്ന് ശുഭങ്കർ പറഞ്ഞു. അവർ കറുത്ത ജുബ്ബ വലിച്ചുകീറുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ആക്രമണത്തിൽ ശുഭങ്കറിന്റെ കർണപടം തകർന്നു.

മുഖവും കണ്ണും നീരുകെട്ടി വീർക്കുകയും ചെയ്തു. 'ജനഗണമന' എന്ന നാടക ഗ്രൂപ്പിൽ പ്രവർത്തിക്കുന്ന കലാകാരനാണ് ശുഭങ്കർ.

> സംഭവം നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ശുഭങ്കർ ഇക്കാര്യം പുറത്തുവിട്ടത്. അക്രമികളുടെ ഫോട്ടോകൾ സഹിതം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 'നീ ഒരു മുസ്‌ലിമാണോ' എന്ന വാചകത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. "അതുവരെ എന്ത് ചെയ്യുമെന്ന് ആലോചിച്ച് വീടിനുള്ളിൽ തന്നെ ഇരിക്കുകയായിരുന്നു" എന്നും അദ്ദേഹം എഴുതി.

> ഫേസ്ബുക്ക് പോസ്റ്റിൽ ശുഭങ്കർ ശക്തമായി പ്രതികരിച്ചു :"ആ നിമിഷത്തിൽ ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രം ഹിന്ദുവാണെന്ന് പറയുന്നത് ഒരു പാപമാണെന്ന് തോന്നിപ്പോയി. ഞാൻ ഹിന്ദുവാണെന്ന് പറഞ്ഞാൽ അത് അവർക്ക് മുന്നിൽ കീഴടങ്ങുന്നതിന് സമാനമാണ്.

> അക്രമികളിൽ നിന്ന് രക്ഷപ്പെടാനായി മാത്രം ഞാൻ മുസ്‌ലിമല്ലെന്ന് പറയില്ല. ഇനി ഞാൻ ഒരു മുസ്‌ലിമാണെങ്കിൽ എന്താണ് കുഴപ്പം? ഈ രാജ്യം അവരുടേത് കൂടിയല്ലേ?"വസ്ത്രത്തിന്റെ പേരിൽ ഒരു മനുഷ്യനെ ആക്രമിക്കുന്നതിന്റെ ക്രൂരതയാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് ശുഭങ്കർ പറഞ്ഞു. എന്നാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മതത്തിന്റെ പേരിലുള്ള അക്രമങ്ങൾക്കെതിരെ നിരവധി കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും ശുഭങ്കറിന് പിന്തുണയുമായി രംഗത്തെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377280/theatre-artist-brutally-beaten-in-bengal-after-being-mistaken-for-muslim)