---
title: "കുറ്റ്യാടി ചുരത്തിൽ വീണ്ടും കുടുങ്ങി പ്രിയദർശിനി ബസ്; എഞ്ചിൻ തകരാറിന് പിന്നാലെ നിന്നത് മാനന്തവാടിയിലേക്ക് പുറപ്പെട്ട ബസ്"
english_title: "Kuttiady churam Priyadarshini Bus Breakdown Again Brake Failure Last Month"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377262/kuttiady-churam-priyadarshini-bus-breakdown-brake-failure"
published_at: "2026-08-07T14:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75a461cb12b_kuttiady-churam-priyadarshini-bus-breakdown-brake-failure.jpg"
keywords: ["Kuttiady Ghat Accident", "KSRTC Priyadarshini Bus", "Priyadarshini Breakedown", "Brake Failure", "Kuttiady Churam"]
---

# കുറ്റ്യാടി ചുരത്തിൽ വീണ്ടും കുടുങ്ങി പ്രിയദർശിനി ബസ്; എഞ്ചിൻ തകരാറിന് പിന്നാലെ നിന്നത് മാനന്തവാടിയിലേക്ക് പുറപ്പെട്ട ബസ്

> **Lead Summary:** **കുറ്റ്യാടി ( കോഴിക്കോട്) : **കുറ്റ്യാടി ചുരത്തിൽ വീണ്ടും കെഎസ്ആർടിസി ബസ് കുടുങ്ങി. എഞ്ചിൻ തകരാറിനെ തുടർന്ന് പ്രിയദർശിനി ബസ് പൂതംപാറയിലെ വലിയ വളവിൽ ഇന്ന് രാവിലെ 11.30-ഓടെയാണ് നിന്നുപോയത്.

## Article Content

**കുറ്റ്യാടി ( കോഴിക്കോട്) : **കുറ്റ്യാടി ചുരത്തിൽ വീണ്ടും കെഎസ്ആർടിസി ബസ് കുടുങ്ങി. എഞ്ചിൻ തകരാറിനെ തുടർന്ന് പ്രിയദർശിനി ബസ് പൂതംപാറയിലെ വലിയ വളവിൽ ഇന്ന് രാവിലെ 11.30-ഓടെയാണ് നിന്നുപോയത്.

കുറ്റ്യാടിയിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന മാനന്തവാടി ഡിപ്പോയുടെ പ്രിയദർശിനി ബസാണ് തകരാറിലായത്. ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ 15 മിനിറ്റിനുശേഷം ഇതുവഴി വന്ന തൊട്ടിൽപ്പാലം ഡിപ്പോയുടെ ബസിലേക്ക് മാറ്റി.

അതേസമയം, കഴിഞ്ഞ മാസം 22ന് ചുരത്തിൽ കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ബ്രേക്ക് തകരാറിലായിരുന്നു. വൻ അപകടമാണ് അന്ന് ഒഴിവായത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലും മനോധൈര്യവുമാണ് 160-ലധികം യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.

രാവിലെ 10.30-ഓടെയായിരുന്നു സംഭവം. തൊട്ടിൽപ്പാലത്ത് നിന്ന് മാനന്തവാടിക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് ചുരത്തിലെ എട്ടാം വളവിൽ എത്തിയപ്പോഴാണ് ബ്രേക്ക് പ്രവർത്തിക്കാതായത്. അമിത യാത്രക്കാരുമായി ചുരം കയറിയതിനെ തുടർന്ന് വാഹനത്തിന്റെ ജോയിന്റും എയർ പൈപ്പും പൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ബ്രേക്ക് നഷ്ടപ്പെട്ടതോടെ ബസ് പിന്നോട്ട് ഉരുണ്ടുതുടങ്ങി. ബസിനുള്ളിൽ കൂട്ടനിലവിളി ഉയർന്നു. ഈ നിർണായക ഘട്ടത്തിൽ ഡ്രൈവറായ പേരാമ്പ്ര സ്വദേശി എൻ.പി. സുധീർ സമയോചിതമായി ഇടപെട്ടു. ബസിന്റെ പിൻഭാഗം വലതുവശത്തെ മലയോര ഭിത്തിയിൽ ഇടിപ്പിച്ച് വാഹനം നിർത്താൻ അദ്ദേഹത്തിന് സാധിച്ചു.

ഇതാണ് വൻ ദുരന്തം ഒഴിവാക്കിയത്.അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം കുറ്റ്യാടി ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. രാവിലെ 10 മണിക്ക് കോഴിക്കോട് നിന്നാണ് ബസ് ചുരം കയറിയത്.

ചുരത്തിനു താഴെ പൂതംപാറയിൽ മാനന്തവാടി ഡിപ്പോയുടെ മറ്റൊരു ബസ് ബ്രേക്ക്ഡൗണായി കിടക്കുന്നുണ്ടായിരുന്നു. അതിലെ യാത്രക്കാർ കോഴിക്കോട് നിന്ന് വന്ന ബസിലേക്ക് മാറിക്കയറിയതാണ് തിരക്കിന് കാരണമായത്. അമിത യാത്രക്കാരുള്ളതിനാൽ കുറച്ചുപേർ ഇറങ്ങണമെന്ന് ഡ്രൈവറും കണ്ടക്ടറും അഭ്യർഥിച്ചെങ്കിലും ആരും സഹകരിച്ചില്ല.

മഴയുള്ള സമയമായിരുന്നതിനാൽ ബസ് കുറച്ചുനേരം പൂതംപാറയിൽ നിർത്തിയ ശേഷമാണ് ചുരം കയറിയത്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ല. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377262/kuttiady-churam-priyadarshini-bus-breakdown-brake-failure)