---
title: "'പാവപ്പെട്ട മനുഷ്യരുടെ ആശാ കേന്ദ്രമാണ് ക്ഷേമ പെൻഷൻ, യുഡിഎഫിന്റേത് പദ്ധതി ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമം; സർക്കാർ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം' - എം.വി. ഗോവിന്ദൻ"
english_title: "MV Govindan Slams UDF Over Welfare Pension Cut, Warns of Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377257/mv-govindan-welfare-pension-udf-protest-warning"
published_at: "2026-08-07T14:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75a4869c1dd_mv-govindan-welfare-pension-udf-protest-warning.jpg"
keywords: ["MV Govindan", "CPI(M)", "Welfare Pension", "UDF Government"]
---

# 'പാവപ്പെട്ട മനുഷ്യരുടെ ആശാ കേന്ദ്രമാണ് ക്ഷേമ പെൻഷൻ, യുഡിഎഫിന്റേത് പദ്ധതി ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമം; സർക്കാർ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം' - എം.വി. ഗോവിന്ദൻ

> **Lead Summary:** തിരുവനന്തപുരം: ക്ഷേമപെൻഷൻ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് യുഡിഎഫ് സർക്കാർ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.

## Article Content

തിരുവനന്തപുരം: ക്ഷേമപെൻഷൻ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് യുഡിഎഫ് സർക്കാർ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.

ക്ഷേമ പെൻഷനുകൾ വീട്ടിലെത്തിച്ച്‌ നൽകേണ്ടതില്ല എന്ന സർക്കാർ തീരുമാനം, ക്ഷേമപ്രവർത്തനങ്ങളിൽ നിന്നുള്ള പൂർണ പിന്മാറ്റമായാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

> "62 ലക്ഷം പാവപ്പെട്ട മനുഷ്യരുടെ ആശാ കേന്ദ്രമാണ് ക്ഷേമ പെൻഷൻ. ഈ ഉത്തരവ് സർക്കാർ അടിയന്തിരമായി പിൻവലിച്ചില്ലെങ്കിൽ ജനങ്ങളെയും അണിനിരത്തി വലിയ പ്രക്ഷോഭം നടത്തും" എന്ന് എം.വി. ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.

> 1980-ൽ ഇ.കെ. നായനാർ സർക്കാരാണ് സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ ആരംഭിക്കുന്നത്. അന്ന് മാസം 45 രൂപ പെൻഷൻ പ്രഖ്യാപിച്ച് നടപ്പാക്കി. അതാണ് ഇന്ന് 2000 രൂപയായി ഉയർന്നത്. 45 രൂപ പെൻഷൻ കൊടുക്കുമ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവ് കെ. കരുണാകരൻ ഈ സമ്പ്രദായം "പ്രത്യുൽപ്പാദനപരമല്ല" എന്നാണ് പറഞ്ഞത്.

കോൺഗ്രസും യുഡിഎഫും കർഷകത്തൊഴിലാളികൾ അടക്കമുള്ള ജനങ്ങൾക്ക് പെൻഷൻ നൽകുന്നതിന് എന്നും എതിരായിരുന്നുവെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

> "2016-ൽ യുഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ പെൻഷൻ 18 മാസം കുടിശ്ശികയായിരുന്നു. 2016-ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ ആ കുടിശ്ശിക മുഴുവൻ കൊടുത്തുതീർത്തു" എന്ന് അദ്ദേഹം പറഞ്ഞു. 2016-നും 2024-നും ഇടയിൽ പെൻഷൻ വിവിധ ഘട്ടങ്ങളിലായി വർധിപ്പിക്കുകയും ചെയ്തു.

യുഡിഎഫ് 3000 രൂപ കൊടുക്കുമെന്ന് പറയുന്നുണ്ട്. എന്നാൽ അത് നടപ്പിലാക്കാനല്ല പറയുന്നതെന്ന് എല്ലാവർക്കും അറിയാം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

> "ഇപ്പോൾ നൽകുന്ന 2000 രൂപയുടെ പെൻഷൻ പോലും ഇല്ലാതാക്കാനുള്ള അതി ശക്തമായ നടപടികളാണ് യുഡിഎഫ് സർക്കാർ ആരംഭിച്ചത്. വീട്ടിലെത്തിച്ച് നൽകേണ്ടെന്ന തീരുമാനം അതിന്റെ തുടക്കം മാത്രമാണ്" എന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. പാവപ്പെട്ടവരുടെ ഉപജീവനമാർഗത്തെ ഇല്ലാതാക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ സിപിഐ എം ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377257/mv-govindan-welfare-pension-udf-protest-warning)