---
title: "'ത്യാഗനിർഭരമായ രക്തസാക്ഷിത്വത്തെ അവഹേളിച്ചു'; രാജേഷിന്റെ മൃതദേഹത്തോട് സർക്കാർ കാണിച്ചത് ക്രൂരതയെന്ന്  പിണറായി വിജയൻ"
english_title: "Pinarayi Vijayan Slams Govt Over Handling of Martyr Rajesh's Body"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377251/pinarayi-slams-government-rajesh-body-freezer-ambulance"
published_at: "2026-08-07T14:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a759dcd5b232_pinarayi-slams-government-rajesh-body-freezer-ambulance.jpg"
keywords: ["Rescuer Rajesh Death", "Pinarayi Vijayan", "Kerala Government", "UDF Government"]
---

# 'ത്യാഗനിർഭരമായ രക്തസാക്ഷിത്വത്തെ അവഹേളിച്ചു'; രാജേഷിന്റെ മൃതദേഹത്തോട് സർക്കാർ കാണിച്ചത് ക്രൂരതയെന്ന്  പിണറായി വിജയൻ

> **Lead Summary:** തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട കല്ലിയൂർ സ്വദേശി രാജേഷിന്റെ മൃതദേഹത്തെ സർക്കാർ അപമാനിച്ചു എന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.

## Article Content

തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട കല്ലിയൂർ സ്വദേശി രാജേഷിന്റെ മൃതദേഹത്തെ സർക്കാർ അപമാനിച്ചു എന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.

സംഭവം അങ്ങേയറ്റം ക്രൂരതയും അനാദരവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രളയജലത്തിൽ അകപ്പെട്ട ഒരാളെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിക്കാൻ ശ്രമിച്ച രാജേഷ് ത്യാഗത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഉജ്വല പ്രതീകമാണ് എന്ന് പിണറായി പ്രസ്താവനയിൽ പറഞ്ഞു.

ധീരനായ ആ ചെറുപ്പക്കാരന്റെ മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഒരു ഫ്രീസർ ആംബുലൻസ് പോലും നൽകാൻ സർക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ തയ്യാറായില്ല എന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.

ഉത്തരവാദപ്പെട്ടവരുടെ നെറികേടിന്റെയും കെടുകാര്യസ്ഥതയുടെയും തെളിവാണ് ഈ സംഭവം. മനുഷ്യത്വത്തിന്റെ ഏറ്റവും കുറഞ്ഞ മര്യാദ പോലും സർക്കാർ കാണിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.

മൃതദേഹം കൊണ്ടുപോകുന്നതിനിടെ ചാവക്കാട്ട് വെച്ച് ബന്ധുക്കൾക്ക് നിർബന്ധിതമായി മറ്റൊരു ഫ്രീസർ ആംബുലൻസ് വാടകയ്ക്ക് എടുക്കേണ്ടിവന്നു. അതിനുശേഷമാണ് മൃതദേഹം വീട്ടിലേക്ക് മാറ്റാൻ സാധിച്ചത്.

> "ഇത്തരം മനോഭാവവും നടപടികളും ആവർത്തിച്ചു കൂടാത്തതാണ്. ത്യാഗനിർഭരമായ രക്തസാക്ഷിത്വത്തോടുള്ള അവഹേളനമാണ് ഉണ്ടായത്. രാജേഷിന്റെ ബന്ധുക്കളോട് സാമാന്യ മനുഷ്യത്വമെങ്കിലും കാണിക്കാൻ സർക്കാരിനായില്ല" എന്നും പിണറായി കൂട്ടിച്ചേർത്തു.

ആരോഗ്യ - റവന്യൂ വകുപ്പുകളുടെ ഈ അനാസ്ഥയ്ക്ക് ഭരണ നേതൃത്വം തന്നെ മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ ഈ അനാസ്ഥയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും വകുപ്പുകൾക്കുമെതിരെ അടിയന്തരമായി കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിനെ പോലെയുള്ളവരെ ആദരിക്കേണ്ടതിന് പകരം അവഹേളിക്കുകയാണ് സർക്കാർ ചെയ്തതെന്നും പിണറായി വിജയൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377251/pinarayi-slams-government-rajesh-body-freezer-ambulance)