---
title: "കുത്തിയൊലിച്ച് മലവെള്ളപ്പാച്ചിൽ; കാസർഗോഡ് കോട്ടമല എസ്റ്റേറ്റിന് സമീപം ഉരുൾ പൊട്ടിയതായി സംശയം"
english_title: "Kasargod Arakkathat Flash Flood Landslide Suspected At Kottamala Estate"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377243/kasargod-arakkathat-flash-flood-kottamala-estate-landslide"
published_at: "2026-08-07T14:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a759ac9c3458_kasargod-arakkathat-flash-flood-kottamala-estate-landslide.jpg"
keywords: ["Arakkathat Landslide", "Flash Flood", "Kottamala Estate", "Kerala Rain"]
---

# കുത്തിയൊലിച്ച് മലവെള്ളപ്പാച്ചിൽ; കാസർഗോഡ് കോട്ടമല എസ്റ്റേറ്റിന് സമീപം ഉരുൾ പൊട്ടിയതായി സംശയം

> **Lead Summary:** **കാസർഗോഡ്: **കാസർഗോഡ് അറക്കത്തട്ട് ഭാഗത്ത് മലവെള്ളപ്പാച്ചിൽ രൂക്ഷമായി. നർക്കിലക്കാട് - ചിറ്റാരിക്കാൽ റോഡിലെ കോട്ടമല എസ്റ്റേറ്റിന് സമീപം ഉരുൾ പൊട്ടിയതായാണ് പ്രാഥമിക നിഗമനം. മഴക്കാലത്ത് വെള്ളം ഒഴുകി പോകുന്ന ചാലിലും സമീപത്തെ കൃഷിയിടത്തിലും ശക്തമായ കുത്തൊഴുക്ക് രൂപപ്പെട്ടിട്ടുണ്ട്.

## Article Content

**കാസർഗോഡ്: **കാസർഗോഡ് അറക്കത്തട്ട് ഭാഗത്ത് മലവെള്ളപ്പാച്ചിൽ രൂക്ഷമായി. നർക്കിലക്കാട് - ചിറ്റാരിക്കാൽ റോഡിലെ കോട്ടമല എസ്റ്റേറ്റിന് സമീപം ഉരുൾ പൊട്ടിയതായാണ് പ്രാഥമിക നിഗമനം. മഴക്കാലത്ത് വെള്ളം ഒഴുകി പോകുന്ന ചാലിലും സമീപത്തെ കൃഷിയിടത്തിലും ശക്തമായ കുത്തൊഴുക്ക് രൂപപ്പെട്ടിട്ടുണ്ട്.

ഇന്ന് രാവിലെ മുതൽ ഈ മേഖലയിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്നാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. കുന്നിൻ ചെരിവുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം റോഡരികിലെ ചാലിലൂടെ അതിവേഗത്തിൽ ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ പകർത്തിയിട്ടുണ്ട്. കോട്ടമല എസ്റ്റേറ്റിന് സമീപത്ത് മണ്ണിടിച്ചിൽ ഉണ്ടായതായാണ് സംശയം.

> വലിയ അളവിൽ ചെളിയും കല്ലുകളും വെള്ളത്തിനൊപ്പം ഒഴുകി വരുന്നുണ്ട്. എന്നിരുന്നാലും ഈ ഭാഗം ജനവാസ മേഖലയല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് റവന്യൂ അധികൃതർ അറിയിച്ചു. "ഇവിടെ കൃഷിയിടങ്ങളും എസ്റ്റേറ്റുമാണ് ഉള്ളത്. വീടുകളൊന്നുമില്ല. അതിനാൽ നിലവിൽ ആളപായത്തിന് സാധ്യതയില്ല" എന്ന് താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

മലവെള്ളപ്പാച്ചിൽ ഉണ്ടായെങ്കിലും നർക്കിലക്കാട് - ചിറ്റാരിക്കാൽ റോഡിലെ ഗതാഗതം സാധാരണ നിലയിൽ തുടരുകയാണ്. റോഡിലേക്ക് വെള്ളവും ചെളിയും ഒഴുകിയെത്തുന്നുണ്ടെങ്കിലും വലിയ തടസ്സങ്ങളില്ല. എന്നിരുന്നാലും ഈ ഭാഗത്തുകൂടി പോകുന്ന വാഹനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളായി ജില്ലയിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് പല ഭാഗങ്ങളിലും ചെറിയ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കാലാവസ്ഥാ വകുപ്പ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

**ജാഗ്രത നിർദ്ദേശം**

മലയോര മേഖലകളിൽ താമസിക്കുന്നവരും കൃഷി ചെയ്യുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. രാത്രി സമയത്ത് മലയോര റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും മലവെള്ളപ്പാച്ചിൽ കാണുന്ന സ്ഥലങ്ങളിൽ അടുത്ത് ചെല്ലരുതെന്നും നിർദ്ദേശമുണ്ട്.നിലവിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377243/kasargod-arakkathat-flash-flood-kottamala-estate-landslide)