---
title: "എന്തിനാ ഈ കള്ളകളി.... ! വെള്ളം ചേർത്ത കറി വിളമ്പി; യുപി സ്കൂൾ പ്രധാനാധ്യാപിക സസ്പെൻഡ്, പാചകക്കാരൻ പുറത്ത്"
english_title: "UP Sitapur School Headmistress Suspended Over Poor Quality Mid Day Meal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377230/up-sitapur-school-headmistress-suspended-poor-midday-meal"
published_at: "2026-08-07T13:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a758d316c071_up-sitapur-school-headmistress-suspended-poor-midday-meal.jpg"
keywords: ["Uttar Pradesh", "Mid Day Meal", "Poor Quality Food", "Education Department", "School Headmistress Suspended"]
---

# എന്തിനാ ഈ കള്ളകളി.... ! വെള്ളം ചേർത്ത കറി വിളമ്പി; യുപി സ്കൂൾ പ്രധാനാധ്യാപിക സസ്പെൻഡ്, പാചകക്കാരൻ പുറത്ത്

> **Lead Summary:** **ലക്‌നൗ: **ഉത്തർപ്രദേശിലെ സീതാപൂരിലെ സർക്കാർ പ്രൈമറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമില്ലാത്ത ഉച്ചഭക്ഷണം നൽകിയ സംഭവത്തിൽ കർശന നടപടി. വെള്ളം മാത്രം ചേർത്ത കറി കുട്ടികൾക്ക് വിളമ്പിയ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സ്കൂൾ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുകയും പാചകക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

## Article Content

**ലക്‌നൗ: **ഉത്തർപ്രദേശിലെ സീതാപൂരിലെ സർക്കാർ പ്രൈമറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമില്ലാത്ത ഉച്ചഭക്ഷണം നൽകിയ സംഭവത്തിൽ കർശന നടപടി. വെള്ളം മാത്രം ചേർത്ത കറി കുട്ടികൾക്ക് വിളമ്പിയ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സ്കൂൾ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുകയും പാചകക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

സീതാപൂർ ജില്ലയിലെ മഹ്മൂദാബാദ് തെഹ്സിലിലെ ഛാങ്‌ഗാവ്പൂർ പ്രൈമറി സ്കൂളിലാണ് സംഭവം. ഉച്ചഭക്ഷണത്തിലെ കറിയിൽ വെള്ളത്തിന് മുകളിൽ രണ്ടോ മൂന്നോ ഉരുളക്കിഴങ്ങ് കഷണങ്ങൾ മാത്രം പൊങ്ങിക്കിടക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കുട്ടികൾക്ക് സ്ഥിരമായി ഇത്തരത്തിലുള്ള ഭക്ഷണമാണ് നൽകുന്നതെന്ന് ദൃശ്യങ്ങൾ കാണിച്ചതോടെ രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തി.

അന്വേഷണത്തിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ നാല് വർഷമായി സ്കൂളിൽ ഇതേ രീതിയിലാണ് ഭക്ഷണം വിളമ്പുന്നതെന്ന് വിദ്യാർത്ഥികൾ തന്നെ ഉദ്യോഗസ്ഥരോട് പറഞ്ഞു. പരിപ്പുകറിയിലും പച്ചക്കറി കറിയിലും വെള്ളം മാത്രമേ ഉണ്ടാകാറുള്ളൂവെന്നും കുട്ടികൾ വെളിപ്പെടുത്തി.

> "സ്ഥിരമായി ലഭിക്കുന്നത് വെള്ളം ചേർത്ത കറിയാണ്. പച്ചക്കറിയുടെ അംശം പോലുമില്ല. ഇത് കുട്ടികളുടെ ആരോഗ്യത്തെയും പഠനത്തെയും സാരമായി ബാധിക്കും" എന്ന് ഗ്രാമവാസികളും മാതാപിതാക്കളും അധികൃതർക്ക് മൊഴി നൽകി. സ്കൂൾ അധികൃതരോട് ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നതായി ഗ്രാമത്തലവൻ ദയാറാമും പറഞ്ഞു.

സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ഗോരഖ്നാഥ് പട്ടേൽ സ്കൂളിൽ നേരിട്ടെത്തി അന്വേഷണം നടത്തി. അധ്യാപകർ, ജീവനക്കാർ, പാചകക്കാർ എന്നിവരിൽ നിന്ന് മൊഴിയെടുത്തു. പ്രാഥമിക നടപടിയായി പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. പാചകക്കാരനെ ജോലിയിൽ നിന്ന് പുറത്താക്കി.

സ്കൂളിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന അവന്തിക വർമ്മ എന്ന അധ്യാപികയെ മറ്റൊരു സ്കൂളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. സംഭവത്തിൽ സ്കൂളിന്റെ മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനോടും വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഇത്തരം അനാസ്ഥ ഉണ്ടാകരുതെന്നും കർശന പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377230/up-sitapur-school-headmistress-suspended-poor-midday-meal)