---
title: "'ജനീഷ് കുമാർ എന്ത് രാഷ്ട്രീയമാണ് കളിക്കുന്നത്? ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അൽപം മനുഷ്യത്വം കാണിക്കണം'- ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ചിത്രങ്ങള്‍ പുറത്തുവിട്ട് മന്ത്രി പി സി വിഷ്ണുനാഥ്"
english_title: "Minister P.C. Vishnunath Slams MLA K.U. Janeesh Kumar Over Konni Rain Relief Allegations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377199/pc-vishnunath-reply-ku-janeesh-kumar-konni-relief-controversy"
published_at: "2026-08-07T11:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a757842a08f7_pc-vishnunath-reply-ku-janeesh-kumar-konni-relief-controversy.jpg"
keywords: ["PC Vishnunath", "KU Janeesh Kumar", "Konni rain relief Kerala", "Kerala Rain"]
---

# 'ജനീഷ് കുമാർ എന്ത് രാഷ്ട്രീയമാണ് കളിക്കുന്നത്? ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അൽപം മനുഷ്യത്വം കാണിക്കണം'- ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ചിത്രങ്ങള്‍ പുറത്തുവിട്ട് മന്ത്രി പി സി വിഷ്ണുനാഥ്

> **Lead Summary:** **പത്തനംതിട്ട: ** മഴക്കെടുതി നേരിടുന്ന കോന്നി മേഖലയെ അവഗണിച്ചെന്ന എൽഡിഎഫ് എംഎൽഎ കെ.യു. ജനീഷ് കുമാറിന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി മന്ത്രി പി.സി. വിഷ്ണുനാഥ് രംഗത്ത്. എംഎൽഎയ്ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടാണ് മന്ത്രിയുടെ പ്രതികരണം.

## Article Content

**പത്തനംതിട്ട: ** മഴക്കെടുതി നേരിടുന്ന കോന്നി മേഖലയെ അവഗണിച്ചെന്ന എൽഡിഎഫ് എംഎൽഎ കെ.യു. ജനീഷ് കുമാറിന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി മന്ത്രി പി.സി. വിഷ്ണുനാഥ് രംഗത്ത്. എംഎൽഎയ്ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടാണ് മന്ത്രിയുടെ പ്രതികരണം.

താൻ അങ്ങോട്ട് വിളിച്ചാണ് ക്യാമ്പുകൾ സന്ദർശിക്കാനുള്ള സന്നദ്ധത എംഎൽഎയെ അറിയിച്ചതെന്നും, എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലും ജനീഷ് കുമാർ 'വൃത്തികെട്ട രാഷ്ട്രീയം' കളിക്കുകയാണെന്നും മന്ത്രി തുറന്നടിച്ചു. മഴക്കെടുതി ബാധിച്ച റാന്നി, കോന്നി, തിരുവല്ല, ആറന്മുള എന്നീ പ്രദേശങ്ങളിൽ നേരിട്ടെത്തി യോഗങ്ങൾ ചേരുകയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.

> "ഞാൻ ജനീഷ് കുമാറിനെ അങ്ങോട്ട് വിളിച്ചാണ് ക്യാമ്പുകൾ സന്ദർശിക്കാനുള്ള സന്നദ്ധത അറിയിച്ചത്. എന്നിട്ടും അദ്ദേഹം എന്ത് രാഷ്ട്രീയമാണ് കളിക്കുന്നത്? ഈ സമയത്ത് തന്നെ വേണോ ഇത്തരം ആരോപണങ്ങൾ? മനസാക്ഷിയുള്ള ഒരാൾ താൻ ഉറങ്ങി എന്ന് പറയുമോ? ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അൽപം മനുഷ്യത്വം കാണിക്കണം," മന്ത്രി രൂക്ഷമായി വിമർശിച്ചു.

ഇതിനിടെ കഴിഞ്ഞ സർക്കാരിനെതിരെയും മന്ത്രി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. മുൻകാലങ്ങളിൽ ഇല്ലാത്ത തരത്തിലുള്ള പുതിയ പ്രവണതയാണ് ഇപ്പോൾ കാണുന്നതെന്നും, ദുരന്തമുണ്ടായതിന്റെ രണ്ടാമത്തെ ദിവസം മുതൽ രാഷ്ട്രീയ ആരോപണങ്ങളും അധിക്ഷേപങ്ങളുമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുൻ സർക്കാർ ഖജനാവിലെ പണം ചിലവഴിച്ച് നെതർലൻഡ്സിൽ പോയി 'റൂം ഫോർ റിവർ' പഠിച്ച് കേരളത്തിൽ നടപ്പാക്കുമെന്ന് അവകാശപ്പെട്ടിരുന്നുവെന്നും, എന്നാൽ അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും മന്ത്രി ചോദിച്ചു. മുന്നൊരുക്ക സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ആധുനിക മാർഗങ്ങൾ സ്വീകരിക്കുമെന്ന് പറഞ്ഞതല്ലാതെ ഒന്നും ചെയ്യാത്തതിന്റെ ദുരിതമാണ് ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377199/pc-vishnunath-reply-ku-janeesh-kumar-konni-relief-controversy)