---
title: "അർജന്റീനയുടെ ഗ്രീൻ സിഗ്നൽ; വിവാദ പദ്ധതി പിൻവലിച്ചതിന് പിന്നാലെ ഇൻഫാന്റിനോയ്ക്ക് പൂർണ്ണ പിന്തുണ"
english_title: "Argentina Football Association Supports FIFA President Gianni Infantino"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377194/argentina-football-association-supports-fifa-president-gianni-infantino-new"
published_at: "2026-08-07T11:16:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75731a16aa4_argentina-football-association-supports-fifa-president-gianni-infantino.jpg"
keywords: ["FIFA", "Gianni Infantino", "Argentina Football Association", "Argentina"]
---

# അർജന്റീനയുടെ ഗ്രീൻ സിഗ്നൽ; വിവാദ പദ്ധതി പിൻവലിച്ചതിന് പിന്നാലെ ഇൻഫാന്റിനോയ്ക്ക് പൂർണ്ണ പിന്തുണ

> **Lead Summary:** ബ്യൂണസ് അയേഴ്സ്:**[ **ഫിഫ ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ പദ്ധതി പിൻവലിച്ചതിന് പിന്നാലെ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ).

## Article Content

ബ്യൂണസ് അയേഴ്സ്:**[ **ഫിഫ ടൂർണമെന്റുകളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ പദ്ധതി പിൻവലിച്ചതിന് പിന്നാലെ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ).

ഇൻഫാന്റിനോയുടെ കഴിഞ്ഞ 10 വർഷത്തെ ഭരണം ലോക ഫുട്ബോളിന്റെ വികസനത്തിനും സ്ഥാപനപരമായ സുതാര്യതയ്ക്കും വലിയ സംഭാവനകൾ നൽകിയതായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.

ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള 'ഫിഫ ഫോർവേഡ് എന്റർപ്രൈസ്' (എഫ്എഫ്ഇ) പദ്ധതിക്കെതിരെ യുവേഫ അടക്കമുള്ള പ്രമുഖ കോൺഫെഡറേഷനുകൾ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് പദ്ധതി പിൻവലിക്കുകയും വീഴ്ച സംഭവിച്ചതിൽ 211 അംഗ ഫെഡറേഷനുകളോട് ഫിഫ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.

ഫുട്ബോൾ സമൂഹത്തിനിടയിൽ ആശങ്കകൾ സൃഷ്ടിച്ച പദ്ധതി പിൻവലിക്കാനും, പിഴവ് പരസ്യമായി അംഗീകരിച്ച് മാപ്പപേക്ഷിക്കാനും ഫിഫ തയാറായത് ഭരണപരമായ ജനാധിപത്യത്തിനും സുതാര്യതയ്ക്കും തെളിവാണെന്ന് എഎഫ്എ ചൂണ്ടിക്കാട്ടി.

വരാനിരിക്കുന്ന ഫിഫ കോൺഗ്രസിന് മുന്നോടിയായി ഇൻഫാന്റിനോയുടെ നേതൃത്വത്തിൽ തന്നെ മുന്നോട്ടുപോകുമെന്നും, കൂടുതൽ ഉൾക്കൊള്ളുന്നതും മികവുറ്റതുമായ ഫുട്ബോൾ അന്തരീക്ഷം കെട്ടിപ്പടുക്കാൻ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ ഒപ്പുവെച്ച പ്രസ്താവനയിൽ അറിയിച്ചു.

വരാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് എതിർപ്പ് ശക്തമാകുന്നതിനിടെ, അർജന്റീനയുടെ പിന്തുണ ഇൻഫാന്റിനോയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അർജന്റീനയ്ക്ക് പുറമെ മൊറോക്കോ, ഈജിപ്ത്, നൈജീരിയ അസോസിയേഷനുകളും ഇൻഫാന്റിനോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377194/argentina-football-association-supports-fifa-president-gianni-infantino-new)