---
title: "പിഡിപി പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കടിച്ച സംഭവം; മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിക്കെതിരെ കേസ്"
english_title: "Srinagar: Case Filed Against Iltija Mufti, Daughter of Mehbooba Mufti, for Allegedly Attacking Police Officer During PDP Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377170/srinagar-pdp-protest-iltija-mufti-case-police-attack"
published_at: "2026-08-07T09:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a755cd9269d8_srinagar-pdp-protest-iltija-mufti-case-police-attack.jpg"
keywords: ["Iltija Mufti", "Mehbooba Mufti", "PDP protest Srinagar", "Article 370 anniversary"]
---

# പിഡിപി പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കടിച്ച സംഭവം; മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിക്കെതിരെ കേസ്

> **Lead Summary:** **ശ്രീനഗർ: **ശ്രീനഗറിൽ നടന്ന പിഡിപി പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്.

## Article Content

**ശ്രീനഗർ: **ശ്രീനഗറിൽ നടന്ന പിഡിപി പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്.

സംഭവത്തിന്റെ അന്വേഷണ ഭാഗമായി ശനിയാഴ്ച കോത്തിബാഗ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഇൽതിജയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തോട് അനുബന്ധിച്ച് ജമ്മു കശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിഡിപി മെഴുകുതിരി തെളിയിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

എന്നാൽ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ ഇൽതിജ മുഫ്തിയും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടാകുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ ഇൽതിജയെ മർദ്ദിച്ചതായും ഇതിൽ പ്രകോപിതയായി ഇൽതിജ തിരിച്ചടിച്ചതായും സംഭവസ്ഥലത്തുണ്ടായിരുന്ന പിഡിപി നേതാവ് വ്യക്തമാക്കി. ഇതിന്റെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും പാർട്ടി അവകാശപ്പെടുന്നുണ്ട്. സംഘർഷത്തിന് പിന്നാലെ ഇൽതിജ മുഫ്തി ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.

അതേസമയം, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വാർഷിക ദിവസം ബിജെപി ആഘോഷ പ്രകടനങ്ങൾ സംഘടിപ്പിച്ചപ്പോൾ പ്രതിപക്ഷം കരിദിനമായാണ് ആചരിച്ചത്. പ്രകടനം നടത്താൻ ബിജെപിക്ക് മാത്രമാണ് അനുമതി ലഭിച്ചിരുന്നത്. ഭരണകക്ഷിയായ നാഷണൽ കോൺഫറൻസിനും ശ്രീനഗറിലെ പാർട്ടി ആസ്ഥാനത്ത് പ്രകടനം നടത്താൻ അനുമതി ലഭിച്ചിരുന്നില്ല. ജമ്മു കശ്മീരിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ അവകാശങ്ങളും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് 'ഇന്ത്യാ മുന്നണി'യുടെ നേതൃത്വത്തിൽ ദില്ലിയിൽ പാർലമെന്റിന് പുറത്തും പ്രതിഷേധങ്ങൾ നടന്നിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377170/srinagar-pdp-protest-iltija-mufti-case-police-attack)