---
title: "വടകര എംഡിഎംഎ കേസ്; പ്രതി ജിജിലിന് മറ്റ് സംഘങ്ങളുമായും ബന്ധം, പയ്യോളി കേസിലും കൂട്ടുപ്രതി"
english_title: "Vatakara MDMA Case Jijil Kuryakose Linked To Payyoli Case One Crore Transactions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377157/vatakara-mdma-case-jijil-kuryakose-payyoli-link"
published_at: "2026-08-07T08:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a754ecc7bfb5_vatakara-mdma-case-jijil-kuryakose-payyoli-link.jpg"
keywords: ["MDMA Case", "Vatakara MDMA", "Jijil Kuryakose", "Kozhikode Police", "Payyoli Case"]
---

# വടകര എംഡിഎംഎ കേസ്; പ്രതി ജിജിലിന് മറ്റ് സംഘങ്ങളുമായും ബന്ധം, പയ്യോളി കേസിലും കൂട്ടുപ്രതി

> **Lead Summary:** **കോഴിക്കോട്: വടകര** എംഡിഎംഎ കേസിൽ അറസ്റ്റിലായ ഇരിട്ടി കൂട്ടുപുഴ സ്വദേശി ജിജിൽ കുര്യാക്കോസിന് മറ്റ് ലഹരി സംഘങ്ങളുമായും ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പയ്യോളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിലും ജിജിലിനെ കൂട്ടുപ്രതിയാക്കി പൊലീസ്.

## Article Content

**കോഴിക്കോട്: വടകര** എംഡിഎംഎ കേസിൽ അറസ്റ്റിലായ ഇരിട്ടി കൂട്ടുപുഴ സ്വദേശി ജിജിൽ കുര്യാക്കോസിന് മറ്റ് ലഹരി സംഘങ്ങളുമായും ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പയ്യോളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിലും ജിജിലിനെ കൂട്ടുപ്രതിയാക്കി പൊലീസ്.

മേയ് 20-ന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി തുറശ്ശേരിക്കടവിലെ തെക്കെ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാന് (26) പണം അയച്ചുകൊടുത്തത് ജിജിലാണെന്ന് വ്യക്തമായതോടെയാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിജിലിനെ കേസിൽ ചേർത്തുകൊണ്ട് പയ്യോളി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. വൈകാതെ കോടതിയുടെ അനുമതിയോടെ ജിജിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം.

മേയ് 20 പുലർച്ചെ 12.15-ന് ഇർഫാനെ വീട്ടിൽ വെച്ച് 13.56 ഗ്രാം എംഡിഎംഎയുമായി പയ്യോളി പൊലീസ് പിടികൂടിയിരുന്നു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കട്ടിലിനടിയിലെ പഴ്സിൽ നിന്നാണ് ലഹരി കണ്ടെത്തിയത്. ജിജിൽ പണം അയച്ചതിന് പിന്നാലെയാണ് ഇർഫാന് എംഡിഎംഎ ലഭിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പണമിടപാടിന്റെ തെളിവുകളും പൊലീസിന്റെ കൈവശമുണ്ട്.ജിജിലിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഒരു വർഷത്തിനിടെ ഏകദേശം ഒരു കോടി രൂപയുടെ ഇടപാട് നടന്നതായി കണ്ടെത്തി. ഇതിൽ ഭൂരിഭാഗവും എംഡിഎംഎ ഇടപാടുകൾക്കാണെന്നാണ് നിഗമനം. വടകര കേസിൽ പിടിയിലായ കീർത്തന, കാവ്യ, നീഷ്മ എന്നിവരുമായും ജിജിലിന് സാമ്പത്തിക ബന്ധമുണ്ടായിരുന്നു.

ജിജിലും വയനാട് സ്വദേശി ഷിന്റോയും മംഗളൂരുവിൽ പഠിക്കുന്ന കാലത്താണ് പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ എംഡിഎംഎ ഇടപാട് പഠനം കഴിഞ്ഞും തുടർന്നതായി പൊലീസ് പറയുന്നു. ഷിന്റോയുടെ പഠനം പാതിവഴിയിൽ നിലച്ചതും ലഹരി ബന്ധം കാരണമാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. അടുത്തിടെ പിടികൂടിയ എംഡിഎംഎ കേസുകളിലെല്ലാം തുടരന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377157/vatakara-mdma-case-jijil-kuryakose-payyoli-link)