---
title: "അഭിനയം പൊളിഞ്ഞല്ലോ കീർത്തനേ...! കുട്ടികളെ ഉപയോഗിച്ച് കച്ചവടം നടത്തിയോ? കീര്‍ത്തനയുടെ ഫോണില്‍ നിന്ന് നിര്‍ണായക ചാറ്റുകളും ഫോട്ടോകളും കണ്ടെടുത്തു"
english_title: "Vadakara Teachers MDMA Case: Police Recover Crucial Chats and Photos from Accused Keerthana's Phone"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377156/vadakara-teachers-mdma-case-keerthana-phone-chats-police-investigation"
published_at: "2026-08-07T08:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a754d06a02b3_vadakara-teachers-mdma-case-keerthana-phone-chats-police-investigation.jpg"
keywords: ["MDMA Case", "Vadakara teachers drug case", "Keerthana MDMA case", "MDMA peddling Kerala"]
---

# അഭിനയം പൊളിഞ്ഞല്ലോ കീർത്തനേ...! കുട്ടികളെ ഉപയോഗിച്ച് കച്ചവടം നടത്തിയോ? കീര്‍ത്തനയുടെ ഫോണില്‍ നിന്ന് നിര്‍ണായക ചാറ്റുകളും ഫോട്ടോകളും കണ്ടെടുത്തു

> **Lead Summary:** **കോഴിക്കോട്: ** വടകരയില്‍ അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ പ്രധാന പ്രതി കീര്‍ത്തനയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചത്.

## Article Content

**കോഴിക്കോട്: ** വടകരയില്‍ അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ പ്രധാന പ്രതി കീര്‍ത്തനയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചത്.

ഫോണില്‍ നിന്ന് ലഹരി ഇടപാടുകള്‍ സംബന്ധിച്ച ചാറ്റുകളും എന്‍ഡിപിഎസ് കേസിലെ പ്രതികളുമായുള്ള ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു. കുട്ടികളെ ഉപയോഗിച്ച് ലഹരികച്ചവടം നടത്തിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

കേസില്‍ കീര്‍ത്തന ഉള്‍പ്പെടെ മൂന്ന് അധ്യാപികമാരും രണ്ട് പുരുഷന്‍മാരുമാണ് ഇതുവരെ അറസ്റ്റിലായത്. പ്രതികളുമായി ലക്ഷക്കണക്കിന് രൂപയുടെ ഗൂഗിള്‍ പേ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. പ്രതികളുടെ അക്കൗണ്ടിലേക്ക് പണം അയച്ചാണ് ആവശ്യക്കാര്‍ എംഡിഎംഎ വാങ്ങിയിരുന്നത്.

ഈ ലഹരി നെറ്റ്‌വര്‍ക്കിലെ പ്രധാന കണ്ണി വയനാട് സ്വദേശിയായ 22 കാരനാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. പിടിയിലായവരും ഈ വയനാട് സ്വദേശിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതിന്റെ വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

അവസാനമായി പിടിയിലായ കണ്ണൂർ ഇരട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി ബോയുമായ ജിജിൽ വഴിയും അധ്യാപികമാർ വയനാട് സ്വദേശിക്ക് പണം അയച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.

അതേസമയം താൻ യാതൊരുവിധ എം.ഡി.എം.എ ഇടപാടും നടത്തിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് പൂർണ്ണമായും സത്യമല്ലെന്നും കീർത്തന മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും താൻ ഇതുവരെ ആർക്കും എം.ഡി.എം.എ നൽകിയിട്ടില്ലെന്നും കീർത്തന ആവർത്തിച്ചു.

തന്റെ ബാങ്ക് അക്കൗണ്ടിൽ നിലവിൽ മൈനസ് ബാലൻസ് മാത്രമാണുള്ളതെന്നും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നും കീർത്തന വ്യക്തമാക്കി. താൻ നൽകുന്ന രണ്ട് സ്റ്റേറ്റ്മെന്റുകളും മാധ്യമങ്ങളും പൊതുജനങ്ങളും കൃത്യമായി പരിശോധിക്കണമെന്നും തന്റെ നിരപരാധിത്വം പുറത്തുകൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. താനൊരു ആൺകുട്ടിയുടെ അമ്മയാണെന്നും ഒപ്പം ഒരു അധ്യാപികയാണെന്നും ചൂണ്ടിക്കാണിച്ചാണ് കീർത്തന മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377156/vadakara-teachers-mdma-case-keerthana-phone-chats-police-investigation)